ജില്ലാ ബാങ്കുകളിലെ അപ്രഖ്യാപിത നിയമന നിരോധനം; സര്‍ക്കാരിന് വീണ്ടും തിരിച്ചടി
തൊടുപുഴ: ജില്ലാ സഹകരണ ബാങ്കുകളില്‍ അപ്രഖ്യാപിത നിയമന നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. 2014 ജൂണ്‍ 26 മുതല്‍ ആലപ്പുഴ ജില്ലാ ബാങ്കില്‍ റിട്ടയര്‍മെന്റ് മൂലം വന്ന ഒഴിവുകള്‍ ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
കേരള ബാങ്ക് രൂപീകരണം മുന്‍നിര്‍ത്തിയാണ് ജില്ലാ ബാങ്കുകള്‍ക്ക് പുതിയ ശാഖകള്‍ തുടങ്ങുന്നതിനും പുതിയ തസ്തിക സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ അപ്രഖ്യാപിത നിയമന നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരേ ജില്ലാ ബാങ്ക് ക്ലര്‍ക്ക് - കാഷ്യര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2014നു ശേഷം 42 വിരമിക്കല്‍ ഒഴിവുകള്‍ ആലപ്പുഴ ജില്ലാ ബാങ്കില്‍ വന്നിരുന്നു. സ്റ്റാഫ് പാറ്റേണ്‍ പ്രകാരം ഇവിടെ 130 ക്ലര്‍ക്ക് -കാഷ്യര്‍ തസ്തികയാണുള്ളത്. 2010 ലെ മുന്‍ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിന്റെ തലേദിവസം പ്രതീക്ഷിത ഒഴിവിലേക്ക് എന്ന് കാണിച്ച് 28 പേരെ ഇവിടെ അധികമായി നിയമിച്ചിരുന്നു.
കൂടാതെ റാങ്ക് ലിസ്റ്റ് കാലാവധി തീര്‍ന്ന തൊട്ടടുത്ത ദിവസങ്ങളില്‍ പ്യൂണ്‍ തസ്തികയിലുള്ള 15 പേരെ ക്ലര്‍ക്ക് തസ്തികയിലേക്ക് 5:1 എന്ന അനുപാതത്തില്‍ മാനദണ്ഡം തെറ്റിച്ച് നിയമവിരുദ്ധമായി പ്രമോഷനും നല്‍കിയിരുന്നു.
അധികമായി 43 ക്ലര്‍ക്ക് തസ്തിക ഉണ്ടാക്കി നിയമനം നടത്തി. ഈ നിയമനങ്ങളില്‍ വലിയ കോഴ ഇടപാട് നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതുവരെ വന്ന 43 വിരമിക്കല്‍ ഒഴിവുകള്‍ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമവിരുദ്ധ നിയമനങ്ങളിലേക്കും ചട്ടവിരുദ്ധ പ്രമോഷനിലേക്കും വകകൊള്ളിക്കുകയായിരുന്നു.
അതിനാല്‍ റാങ്ക് ലിസ്റ്റ് പുറത്തിറങ്ങി 11 മാസമായിട്ടും ഒന്നാം റാങ്കുകാരനു പോലും ഇതുവരെ നിയമനം ലഭിക്കാത്ത അവസ്ഥയാണ്. ഒഴിവു റിപ്പോര്‍ട്ടിങ് ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ വിഷയത്തിലും 2018 ജനുവരി എട്ടിനകം തീരുമാനമുണ്ടാകണമെന്നാണ് ജസ്റ്റിസ് ഷാജി പി. ചാലിയുടെ ഉത്തരവ്.
കേരള ബാങ്കുമായി ബന്ധപ്പെട്ട് എം.എസ് ശ്രീറാം കമ്മിറ്റി, അഞ്ച് വര്‍ഷത്തേക്ക് നിയമനം പാടില്ലെന്നും ബാങ്ക് ശാഖകളുടേയും ജീവനക്കാരുടേയും എണ്ണം കുറക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് ചെയ്ത ശുപാര്‍ശ യാതൊരു ഭേദഗതിയും വരുത്താതെ അംഗീകരിക്കുകയായിരുന്നു.
ജില്ലാ സഹകരണ ബാങ്കുകളില്‍ റിട്ടയര്‍മെന്റ് മൂലം ഉണ്ടാകുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കഴിഞ്ഞ 19ന് സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഉത്തരവിലെ പഴുതുകള്‍ കണ്ടെത്തി റിപ്പോര്‍ട്ടിങ് വൈകിപ്പിക്കാനാണ് ഇപ്പോഴും പല ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍മാരും ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."