ഫലസ്ഥീന്‍: അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടത്താന്‍ ഹമാസ്-ഫത്ഹ് ധാരണ
കെയ്‌റോ: ഐക്യഫലസ്ഥീന്റെ ഭാഗമായുള്ള പൊതുതെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം അവസാനത്തില്‍ നടത്താന്‍ ഹമാസ്-ഫത്ഹ് ധാരണ. ഇരുവിഭാഗവുമായി കെയ്‌റോയില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രസിഡന്റ്, നിയമനിര്‍മാണസഭ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു നിരവധി തയാറെടുപ്പുകള്‍ ആവശ്യമാണെന്ന് ഇരുവിഭാഗവും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഐക്യരാജ്യത്തിനായുള്ള ഫലസ്ഥീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ( പി.എല്‍.ഒ) സജീവമാക്കാനും ഗസ്സയില്‍ ഏര്‍പ്പെടുത്തിയ എല്ലാവിധ ഉപരോധങ്ങളും അവസാനിപ്പിക്കാനും യോഗത്തില്‍ ധാരണയായി. ഹമാസ്-ഫത്ഹ് പാര്‍ട്ടികള്‍ക്കു പുറമേ ഫലസ്ഥീനിലെ സംഘടകളായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്ഥീന്‍ (പി.എഫ്.എല്‍.പി), ഡമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്ഥീന്‍ എന്നിവയുടെ പ്രതിനിധികളും രണ്ടു ദിവസമായി നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.
വര്‍ഷങ്ങളായി വൈരികളായിരുന്ന ഹമാസ്-ഫത്ഹ് സംഘടനകള്‍ ഐക്യഫലസ്തഥീന്‍ എന്ന ലക്ഷ്യത്തിനായി ഒക്ടോബര്‍ 12നാണ് അനുരഞ്ജന കരാറില്‍ ഒപ്പുവച്ചത്. സൈനിക രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ ഇതുവരെ ഇരു വിഭാഗവും ധാരണയിലെത്തിയിട്ടില്ല.
ഗസ്സയില്‍ ഭരണത്തിനായി പ്രത്യേക നിര്‍ദേശങ്ങള്‍ ആവശ്യമാണെന്നും ഫലസ്തീന്‍ സുരക്ഷാസേനയെ ഏകീകരിക്കണമെന്നും ഫത്ഹ് നാഷനല്‍ റിലേഷന്‍ കമ്മിഷനര്‍ ആസ്സം അല്‍ അഹമ്മദ് ഇന്നലെ ആവശ്യപ്പെട്ടു. ഗസ്സയിലെ സുരക്ഷാ വിഷയങ്ങള്‍ സങ്കീര്‍ണമാണെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."