അന്‍വര്‍ എം.എല്‍.എയായി തുടരുന്നത് നിയമവിരുദ്ധം: ബി.ജെ.പി
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എ ആയി തുടരുന്നത് നിയമവിരുദ്ധവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് ബി.ജെ.പി. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തുന്നതിന് സംസ്ഥാന നേതൃത്വം ഗവര്‍ണറെ കാണുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് അറിയിച്ചു. അനധികൃതമായി ഭൂമി കൈവശം വച്ചതിലൂടെ എം.എല്‍.എ ഭൂപരിഷ്കരണ നിയമം ലംഘിച്ചിരിക്കുകയാണ്. അതിനു പുറമേ തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നില്‍ കള്ള സത്യവാങ്മൂലം നല്‍കുകയും ചെയ്തു. നാല് കമ്പനികളുടെ ഡയറക്ടറായിരിക്കേ, ഒരു കമ്പനി മാത്രമേയുള്ളൂവെന്നാണ് അന്‍വര്‍ സത്യവാങ്മൂലം നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചതിന് ക്രിമിനല്‍ കേസെടുക്കുകയും എം.എല്‍.എ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും വേണം.
കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട രേഖകള്‍ പ്രകാരം അന്‍വറിന്റെ രണ്ടു കമ്പനികള്‍ അയോഗ്യമാക്കപ്പെട്ടിട്ടുണ്ട്. അയോഗ്യമാക്കപ്പെട്ട കമ്പനിയുടെ ഡയറക്ടര്‍ മറ്റൊരു കമ്പനിയുടെയും ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. ഇതും ലംഘിക്കപ്പെട്ടു. എം.എല്‍.എയെ എന്തിന് സംരക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പി.വി അന്‍വറിന്റെ കമ്പനികളില്‍ സി.പി.എമ്മുകാര്‍ക്ക് ഷെയര്‍ ഉണ്ടോയെന്ന് ബി.ജെ.പിക്ക് സംശയമുണ്ടെന്നും രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."