ഗര്‍ഭപാത്രമില്ലാത്തവര്‍ ഇനി ഭിന്നശേഷിക്കാര്‍
തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലാത്തവരെ സര്‍ക്കാര്‍ അംഗപരിമിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരെ 50 ശതമാനം വൈകല്യമുള്ളവരുടെ വിഭാഗത്തില്‍ പരിഗണിക്കാനാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ തൊഴില്‍സംവരണം, പെന്ഷന്, സൗജന്യയാത്ര തുടങ്ങി ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും ഇവര്‍ക്കും ലഭ്യമാകും. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നല്കുന്ന മെഡിക്കല്‍ ബോര്‍ഡില്‍ ഇവര്‍ക്കായി ഗൈനക്കോളജിസ്റ്റിനെ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. മലപ്പുറം കൊടക്കാട് സ്വദേശിനി ഗര്‍ഭപാത്രമില്ലാത്ത തന്റെ മകള്‍ക്ക് വേണ്ടി നല്കിയ പരാതിയിലാണ് ഇവരെ ഭിന്നശേഷിക്കാരായി പരിഗണിക്കണമെന്ന് കമ്മിഷന് അംഗം കെ.മോഹന്‍കുമാര്‍ സര്‍ക്കാരിന് ഉത്തരവ് നല്‍കിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് തന്റെ മകള്‍ക്ക് ഗര്‍ഭപാത്രമില്ലെന്ന് കണ്ടെത്തിയതായി കൊടക്കാട് സ്വദേശിനി പരാതിയില്‍ പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട ദുരിതങ്ങള്‍ ദിനംപ്രതി അനുഭവിച്ച് വരുന്ന മകളെ അംഗപരിമിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തില്‍ കമ്മിഷന് ആരോഗ്യവകുപ്പില്‍ നിന്നു വിശദീകരണം തേടിയിരുന്നു. പ്രത്യുല്പ്പാദനത്തിനാവശ്യമായ അവയവങ്ങള്‍ ഇല്ലാത്തത് അംഗപരിമിതിയല്ലെന്ന് കേന്ദ്ര സംസ്ഥാന നിയമങ്ങളിലുള്ളതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ കമ്മിഷനെ അറിയിച്ചിരുന്നു. അതേസമയം ഇക്കാര്യം സര്‍ക്കാരിന് പരിഗണിക്കാമെന്നും വിശദീകരണത്തില്‍ ഉണ്ടായിരുന്നു. ഗര്‍ഭപാത്രത്തിന്റെ അഭാവത്തില്‍ വിഷമം നേരിടുന്ന നിര്‍ഭാഗ്യജീവിതങ്ങള്‍ക്ക് നിയമത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ആശ്വാസകരമാകുമെന്നും കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."