മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കാന്‍ മുസ്‌ലിം സ്ത്രീനിയമം ഭേദഗതി ചെയ്യും
ന്യൂഡല്‍ഹി: മൂന്നുവിവാഹമോചനവും ഒന്നിച്ചുചൊല്ലുന്ന സംവിധാനം(മുത്വലാഖ്) സുപ്രിംകോടതി അസാധുവാക്കിയതോടെ മുത്വലാഖ്‌ചൊല്ലുന്നവരെ കര്‍ശനമായി ശിക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുന്നു. 1986ലെ മുസ്‌ലിം സ്ത്രീ(വിവാഹമോചനത്തില്‍ നിന്നുള്ള അവകാശ സംരക്ഷണം)നിയമം ഭേദഗതിചെയ്താവും മുത്വലാഖ് മുഖേന ഭാര്യമാരെ മൊഴിചൊല്ലുന്നവരെ സര്‍ക്കാര്‍ ശിക്ഷിക്കുക. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് മുസ്‌ലിം സ്ത്രീനിയമം നിലവില്‍വന്നത്. ഈ നിയമപ്രകാരം വിവാഹമോചിതയായ സ്ത്രീക്ക് ശുദ്ധി സമയത്ത് (ഇദ്ദ) മാത്രം ജീവനാംശം നല്‍കിയാല്‍ മതിയെന്നാണ് പറയുന്നത്. ഇതുള്‍പ്പെടെയുള്ള നിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റംവരുത്തി മുത്വലാഖ് മുഖേന സ്ത്രീകളെ മൊഴിചൊല്ലുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തും.
മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതുസംബന്ധിച്ച ചര്‍ച്ചകളുടെ ആദ്യപടിയെന്നോണമാണ് മുസ്‌ലിം സ്ത്രീനിയമം ഭേദഗതിചെയ്യുന്നത്. എന്നാല്‍, കേന്ദ്രമന്ത്രിസഭാ ഉപസമിതിയാവും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുകയെന്നും അധികൃതര്‍ അറിയിച്ചു. ഷാബാനു നിയമം എന്ന പേരിലറിയപ്പെടുന്ന 86ലെ മുസ്‌ലിം സ്ത്രീനിയമം സ്ത്രീസൗഹൃദമല്ലെന്ന് വിമര്‍ശനമുള്ളതിനാല്‍ ഇത് പൊളിച്ചെഴുതാനും സാധ്യതയുണ്ട്. ഇതുപ്രകാരം മുത്വലാഖ് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുക മാത്രമല്ല അതുചെയ്യുന്നവര്‍ക്കു തടവുശിക്ഷയോ പിഴയോ രണ്ടും ഒന്നിച്ചോ നല്‍കുന്നതും നിയമമാക്കും.
ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കു ജീവനാംശം നല്‍കുന്നതു സംബന്ധിച്ച ക്രിമിനല്‍ നടപടിയിലെ (സി.ആര്‍.പി.സി) 125ാം വകുപ്പ് ഭേദഗതിചെയ്യുന്നതും നിയമമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതുപ്രകാരം മുത്വലാഖ് മുഖേന ഒഴിവാക്കപ്പെടുന്ന സ്ത്രീകള്‍ സംരക്ഷിതരാവുമെന്നും മന്ത്രാലയം കരുതുന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. ഷാബാനു നിയമം ഭേദഗതിചെയ്യുന്നതു സംബന്ധിച്ച് വിദേശകാര്യമന്ത്രി സുഷമാസ്വരാജാണ് യോഗത്തില്‍ സംസാരിച്ചത്. എന്നാല്‍, ഷാബാനു നിയമത്തേക്കാള്‍ സി.ആര്‍.പി.സി 125ാം വകുപ്പ് ഭേദഗതിചെയ്യുന്നതാണ് നല്ലതെന്ന് യോഗത്തില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദും അഭിപ്രായപ്പെട്ടു.
ഓഗസ്റ്റിലാണ് സുപ്രിംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച് മുത്വലാഖ് ആറുമാസത്തേക്ക് അസാധുവാക്കിയത്. ആറുമാസത്തിനകം പുതിയ നിയമനിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനു കോടതി നിര്‍ദേശവും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."