ചട്ടം ലംഘിച്ചുള്ള മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടലും ഭീഷണിയും യുവ ഐ.എ.എസുകാര്‍ പരാതി നല്‍കി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസ് അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ച് മൂന്ന് യുവ ഐ.എ.എസുകാര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കി. ചട്ടം ലംഘിച്ച് കാര്യങ്ങള്‍ നടത്താന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് പരാതി.
ആസൂത്രണ സാമ്പത്തികകാര്യ സെക്രട്ടറി ഷര്‍മിള മേരി ജോസഫിനെ മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി ഓഫിസിനുള്ളില്‍ ഭീഷണിപ്പെടുത്തിയെന്നും മുന്‍ സംഘടനാ നേതാവ് കൂടിയായ ഇദ്ദേഹം ചട്ടലംഘനം നടത്താന്‍ പ്രേരിപ്പിച്ചുവെന്നും അതിന് വിസമ്മതിച്ചതിന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
പേരോ ഒപ്പോ ഒന്നുമില്ലാതെ നല്‍കുന്ന കുറിപ്പ് പ്രകാരം നിയമനം നടത്തുന്നതില്‍ ആസൂത്രണ സെക്രട്ടറി തടസം പറഞ്ഞതോടെയാണ് പ്രൈവറ്റ് സെക്രട്ടറിയുടെ സ്വരം കടുത്തത്. പേരും ഒപ്പുമില്ലാത്ത പേപ്പറില്‍ നിയമന നിര്‍ദേശം നല്‍കിയാല്‍ അത് താഴെയുള്ള സെക്ഷനില്‍ പോയാല്‍ കൂടുതല്‍ പേരുകള്‍ എഴുതി ചേര്‍ത്തു നിയമനം നടത്തിയാല്‍ ആരു സമാധാനം പറയും എന്ന ചോദ്യത്തില്‍ പ്രകോപിതനായ പ്രൈവറ്റ് സെക്രട്ടറി കടുത്ത ഭാഷയിലാണ് മറുപടി നല്‍കിയത്. സെക്ഷനിലെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം, നിങ്ങളെ ഏല്‍പ്പിച്ച കാര്യം മാത്രം ചെയ്താല്‍ മതിയെന്നായിരുന്നു മറുപടി
ഓഫിസില്‍ നടന്ന പരസ്യ തര്‍ക്കത്തില്‍ അപമാനിക്കപ്പെട്ടു എന്ന വികാരത്തിലാണ് ആസൂത്രണ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് നളിനി നെറ്റോയെ കണ്ടു പരാതി നല്‍കിയത്. സമാനമായ സംഭവങ്ങളില്‍ മറ്റു രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരും പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അതൃപ്തി അറിയിച്ചിട്ടുണ്ട്. കൂടാതെ മറ്റു യുവ ഐ.എ.എസുകാര്‍ക്കും പരാതിയുണ്ട്. ഇവര്‍ ഈ കാര്യങ്ങള്‍ ഐ.എ.എസ് അസോസിയേഷന്റെ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് ഒരു യുവ ഐ.എ.എസ് ഓഫിസര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേയ്ക്ക് അയച്ചാല്‍ തിരിച്ചെത്താന്‍ വൈകുന്നുവെന്നും അത് അന്വേഷിച്ചാല്‍ മോശമായ പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നും ഐ.എ.എസുകാര്‍ അഴിമതിക്കാരെന്ന അര്‍ഥത്തിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ജില്ലാ കലക്ടര്‍മാരെ മുഖ്യമന്ത്രി പരസ്യമായി അപമാനിക്കുന്ന തരത്തില്‍ ശകാരിക്കുന്നുവെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."