വെള്ളൂരില്‍ വീടുകള്‍ക്കുനേരെ വ്യാപക ആക്രമണം
നാദാപുരം: വെള്ളൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതുള്‍പ്പെടെ നിരവധി വീടുകള്‍ക്കു നേരെ ആക്രമണം. സംഭവത്തില്‍ 40ഓളം വീടുകള്‍ക്കു നാശനഷ്ടങ്ങള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിന്റെ മരണാനന്തര ചടങ്ങുകള്‍ക്കു തൊട്ടുപിന്നാലെയാണ് വെള്ളൂരില്‍ വ്യാപകമായ തോതില്‍ അക്രമങ്ങള്‍ നടന്നത്.
ഖബറടക്കം കഴിഞ്ഞു തിരിച്ചുപോകുകയായിരുന്ന ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ കല്ലേറാണ് ആക്രമണത്തിനിടയാക്കിയത്. ഇവര്‍ക്കു നേരെ ബോംബാക്രമണം നടന്നതായും ലീഗ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. തുടര്‍ന്ന് ഇരുവിഭാഗവും ചേരിതിരിഞ്ഞു കല്ലേറു നടത്തുകയായിരുന്നു. ഇതിനിടെ ഒരു സംഘം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതുള്‍പ്പെടെയുള്ള വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചത്. ഇതില്‍ മൂന്നു വീടുകള്‍ക്കു സാരമായ കേടുപറ്റി.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മീത്തല്‍ രാമചന്ദ്രന്റെ വീടിനകത്തു കടന്ന അക്രമികള്‍ ടി.വി അടക്കം മുഴുവന്‍ വീട്ടുപകരണങ്ങളും അടിച്ചുതകര്‍ക്കുകയും മകന്റെ വീട്ടുപണിക്കായി അലമാരയില്‍ സൂക്ഷിച്ച ഒരു ലക്ഷം രൂപ കവരുകയും ചെയ്തതായി പൊലിസിനു പരാതി ലഭിച്ചിട്ടുണ്ട്. വീടിന്റെ മുന്‍വാതിലും മുഴുവന്‍ ജനലുകളും കല്ലെറിഞ്ഞു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. തകര്‍ന്ന വീടുകളില്‍ പതിനാറെണ്ണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണ്.
കളമുള്ളതില്‍ കുഞ്ഞിരാമന്‍, സമീപത്തു താമസിക്കുന്ന സഹോദരന്മാരായ ചന്ദ്രന്‍, കൃഷ്ണന്‍, മോഹനന്‍ വെള്ളചാലില്‍ രവീന്ദ്രന്‍, കീഴന രാജന്‍, കീഴന കല്യാണി, മീത്തല്‍ രാമചന്ദ്രന്‍, പീടികക്കണ്ടി കുഞ്ഞിരാമന്‍, വണ്ണാന്‍കണ്ടി രവി, കൈതേരിപ്പൊയില്‍ സുരേഷ്ബാബു, പൊന്നാച്ചിപൊയില്‍ ശിവാനന്ദന്‍ മാസ്റ്റര്‍, വളപ്പില്‍ താഴക്കുനി ബാബു, പുതിയ കുനിയില്‍ മനോജ്കുമാര്‍, ചാലോളിക്കണ്ടി രവീന്ദ്രന്‍, എടവന സതി, മേടക്കണ്ടി പ്രേമി, മേടക്കണ്ടി ജാനു, കോട്ടൊള്ളതില്‍ ദേവി, കോട്ടൊള്ളതില്‍ നാണു, കല്ലാട്ടുപോയില്‍ രാധാകൃഷ്ണന്‍, ചന്ദനപ്പുറത്ത് ഹരിദാസന്‍, കീഴന ലിഗേഷ്, കാട്ടുമഠത്തില്‍ കുഞ്ഞിരാമന്‍, കാട്ടുമഠത്തില്‍ കല്യാണി എന്നിവരുടെ വീടുകളുടെ വാതിലും ജനലുകളുമാണു തകര്‍ത്തത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രണ്ടു മണി മുതല്‍ ആറുവരെ തൂണേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ലീഗ് നേതൃത്വം ഖബറടക്ക ചടങ്ങുകള്‍ക്കു വന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൊതുദര്‍ശനം നാദാപുരം മുദാക്കരയിലേക്കു മാറ്റുകയും നിസ്‌കാരശേഷം മുഴുവന്‍ പ്രവര്‍ത്തകരെയും അവിടെ നിന്നു പിരിച്ചുവിടുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ വെള്ളൂരിലെത്തിയ ചിലരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ബാഹ്യശക്തികളുടെ പങ്കും പൊലിസ് സംശയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."