റോഹിംഗ്യകളെ ചേര്‍ത്തുപിടിച്ച് മാര്‍പ്പാപ്പ മടങ്ങി
ധാക്ക: ബംഗ്ലാദേശിലുള്ള റോഹിംഗ്യാ അഭയാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വത്തിക്കാനിലേക്കു മടങ്ങി. മ്യാന്മറില്‍നിന്ന് ബംഗ്ലാദേശിലേക്കു പലായനംചെയ്ത അഭയാര്‍ഥികളെ നേരില്‍ക്കണ്ടു സംസാരിച്ച ശേഷമാണ് മാര്‍പ്പാപ്പയുടെ ആറുദിവസം നീണ്ടുനിന്ന ചരിത്രപരമായ ദക്ഷിണേഷ്യന്‍ പര്യടനത്തിനു പരിസമാപ്തിയായത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ മദര്‍ തെരേസയുടെ നിര്‍ദേശപ്രകാരം നിര്‍മിച്ച ആശുപത്രിയില്‍ ഇന്നലെ മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തി. രോഗബാധിതരായ നിരവധി റോഹിംഗ്യാ അഭയാര്‍ഥികള്‍ ഇവിടെ ചികിത്സയിലുണ്ട്. ഇവരെ കാണാനായാണ് മാര്‍പ്പാപ്പ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 16 റോഹിംഗ്യാ അഭയാര്‍ഥികളുമായി പോപ്പ് സംസാരിച്ചു. അഭയാര്‍ഥി കുഞ്ഞുങ്ങളുമായുള്ള പോപ്പിന്റെ കൂടിക്കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു. മ്യാന്മറില്‍നിന്നു നാടുവിടുമ്പോള്‍ മാതാപിതാക്കളും സഹോദങ്ങളുമടക്കം എല്ലാ ഉറ്റവരെയും നഷ്ടപ്പെട്ട കഥ 12കാരിയായ ഒരു റോഹിംഗ്യക്കാരി വിവരിച്ചത് മാര്‍പ്പാപ്പയുടെയും കണ്ടുനിന്നവരുടെയും കണ്ണുകള്‍ നിറച്ചു. നിങ്ങളെ വേദനിപ്പിച്ചവരുടെ പേരില്‍, നിങ്ങളെ വേട്ടയാടിയവരുടെ പേരില്‍ നിങ്ങളോട് ഞാന്‍ മാപ്പ് ചോദിക്കുകയാണെന്ന് മാര്‍പ്പാപ്പ പ്രതികരിച്ചു. ഇന്ന് ദൈവസാന്നിധ്യത്തിന്റെ പേര് കൂടിയാണ് റോഹിംഗ്യയെന്നും അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിച്ചു. സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന മതാന്തര സമ്മേളനത്തില്‍ റോഹിംഗ്യാ യുവാവ് നടത്തിയ പ്രാര്‍ഥനയിലും മാര്‍പ്പാപ്പ പങ്കെടുത്തു.
നേരത്തേ മ്യാന്മര്‍ സന്ദര്‍ശനത്തിനിടെ മാര്‍പ്പാപ്പ അഭയാര്‍ഥി പ്രശ്‌നം പരോക്ഷമായി ഉന്നയിച്ചിരുന്നെങ്കിലും റോഹിംഗ്യകളുടെ പേര് പരസ്യമായി പരാമര്‍ശിച്ചിരുന്നില്ല. യാങ്കൂണിലെ കത്തോലിക്കാ ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. മ്യാന്മറില്‍ ജനസംഖ്യയുടെ ഒരുശതമാനം മാത്രമുള്ള കത്തോലിക്കക്കാരുടെ ജീവിതം അപകടത്തിലാകുമെന്നു കാണിച്ചായിരുന്നു ആര്‍ച്ച് ബിഷപ്പ് ഇത്തരമൊരു നിര്‍ദേശം മാര്‍പ്പാപ്പയ്ക്കു മുന്‍പാകെ വച്ചത്. ഇന്നലെ മദര്‍ തെരേസ സ്ഥാപിച്ച അഗതി കേന്ദ്രമടക്കം ബംഗ്ലാദേശിലെ വിവിധ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച മാര്‍പ്പാപ്പ രാജ്യത്തെ പുരോഹിതരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."