ഓഖി: മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ എല്ലാം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കരുതലുമായി സര്‍ക്കാര്‍. വള്ളവും വലയും നല്‍കാനും സാമ്പത്തിക സഹായം നല്‍കാനുമുള്ള പ്രത്യേക പാക്കേജിന് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ഇന്നലെ വിളിച്ചുചേര്‍ത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍വച്ച് പ്രത്യേക പാക്കേജ് തയാറാക്കാന്‍ ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് റിപ്പോര്‍ട്ട് മൂന്നു വകുപ്പുകളുടെയും സെക്രട്ടറിമാര്‍ മന്ത്രിസഭായോഗത്തിനു മുന്‍പ് ചീഫ് സെക്രട്ടറിക്കു കൈമാറും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനുമായി മുഖ്യമന്ത്രി, ഫിഷറീസ്, ടൂറിസം മന്ത്രിമാര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരത്തിനുള്ള പ്രത്യേക പാക്കേജ് തയാറാക്കി കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് കൈമാറണമെന്ന് നിര്‍മ്മലാ സീതാരാമന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് സംസ്ഥാനവും കേന്ദ്രവും സംയുക്തമായി പ്രത്യേക പാക്കേജ് തയാറാക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദുരന്ത നിവാരണത്തിന് കേന്ദ്രം അനുവദിച്ചിരുന്ന ആയിരം കോടിയോളം രൂപ വകമാറ്റി ചെലവഴിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് തയാറാക്കിയാല്‍ എവിടെനിന്ന് പണം കണ്ടെത്തുമെന്ന സംശയം മുഖ്യമന്ത്രിയോട് മറ്റു മന്ത്രിമാര്‍ പ്രകടിപ്പിച്ചിരുന്നു.
മറ്റു വകുപ്പുകളില്‍നിന്ന് പണം വകമാറ്റി മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന നടപടിയാണ് സ്വീകരിക്കേണ്ടതെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസ പാക്കേജ് ഉടന്‍ നല്‍കിയില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകുമെന്നും മുഖ്യമന്ത്രി മന്ത്രിമാരെ ബോധിപ്പിച്ചു.
കൂടാതെ ഫിഷറീസ് വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ക്ഷേമനിധി ബോര്‍ഡില്‍ എല്ലാ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണമെന്നും ജനുവരിക്കു മുന്‍പ് മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും കണക്കെടുത്ത് സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."