ജറൂസലം ഇസ്രാഈല്‍ തലസ്ഥാനം: ധാര്‍മിക രോഷം പൂണ്ട് അന്താരാഷ്ട്ര സമൂഹം
വാഷിങ്ടണ്‍: എല്ലാസമ്മര്‍ദ്ദങ്ങളേയും അവഗണിച്ച് ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമാക്കിയ ട്രംപിന്റെ പ്രഖ്യാപനത്തില്‍ രോഷം പൂണ്ട് അന്താരാഷ്ട്ര സമൂഹം. ട്രംപിന്റെ നീക്കം സംഘര്‍ഷഭരിതമായ പശ്ചിമേഷ്യയെ കൂടുതല്‍ കുഴപ്പത്തിലേക്കു നയിക്കുമെന്നാണ് വിലയിരുത്തല്‍. കേവലം മുസ്‌ലിം രാഷ്ട്രങ്ങളുടെ പ്രശ്‌നമായി വിലയിരുത്തപ്പെട്ടിരുന്ന വിഷയത്തില്‍ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റാനുള്ള ട്രംപിന്റെ തീരുമാനത്തില്‍ ഫലസ്തീനിലുടനീളം പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.
മധ്യപൗരസ്ത്യ പ്രദേശത്തെ സമാധാനത്തിനും സ്ഥിരതക്കും ഭീഷണി ഉയര്‍ത്തുന്നതാണ് ട്രംപിന്റെ തീരുമാനമെന്ന് ലബനാന്‍ പ്രസിഡന്റ് മിഷേല്‍ ഓണ്‍ പ്രതികരിച്ചു. നീക്കം തീര്‍ത്തും ഏകപക്ഷീയമാണ്. പരസ്പര സഹകരണ ചര്‍ച്ചകള്‍ക്ക് ഇത് തടസ്സമുണ്ടാക്കും. അന്ത്രാഷ്ട്ര സമൂഹത്തിലെ മുസ്‌ലിം ക്രിസ്ത്യന്‍ ഐക്യത്തിന് വിള്ളലേല്‍പിക്കുന്നതാണ് ഈ തീരുമാനമെന്നും ജോര്‍ദാന്‍ വക്താവ് മമാനി പറഞ്ഞു.
ട്രംപിന്റെ തീരുമാനം സമാധാനം ആഗ്രഹിക്കുന്നവരെ തൂക്കിലേറ്റുന്നതിന് തുല്യമാണ് ട്രംപിന്റെ തീരുമാനമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ് മാന്‍ ആല്‍താനി പറഞ്ഞു. ഇത് അപകടകരമായ മാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ തീരുമാനത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നായിരുന്നു ഫ്രാന്‍സ് പ്രസിഡന്റ് ഇമാമാനുവല്‍ മാക്രോണിന്റെ പ്രതികരണം. ഇരുരാജ്യങ്ങളുടേയും തലസ്ഥാനം ജറൂസലം ആയി അംഗീകരിക്കുന്നതിനെയാണ് പിന്തുണക്കുന്നതെന്നും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തെ ബാധിക്കുന്ന തീരുമാനത്തില്‍ പാകിസ്താനും ആശങ്ക പ്രകടിപ്പിച്ചു.
ജറൂസലമിന്റെ നിലവിലെ അന്തസ്സ് സംരക്ഷിക്കേണ്ടത് അങ്ങേഅറ്റം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ തുര്‍ക്കി പ്രസിഡന്റെ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇക്കാര്യത്തില്‍ ഇസ്‌ലാമിക സമൂഹം ഒന്നായി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുമെന്നും ഉര്‍ദുഗാന്‍ മുന്നറിയിപ്പു നല്‍കി. യു.എസിന്റേ തീക്കളിയാണെന്നും വന്‍ ദുരന്തമാകും സംഭവിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജറൂസലമില്‍ തല്‍സ്ഥിതി തുടരണമെന്നും മസ്ജിദുല്‍ അഖ്‌സയുടെ പാവനത്വം നിലനിലര്‍ത്തണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ പാവനമായ ഭൂമിയാണ് ജറൂസലമെന്നും അത് തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ട്രംപിന്റ നീക്കം പ്രകോപനപരമെന്ന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് കുറ്റപ്പെടുത്തി. വന്‍ ദുരന്തമാണിതെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ പ്രതികരിച്ചു. ഈജിപ്ത് പ്രസിഡന്റ് ഫതഹ് അല്‍സീസിയും ട്രംപിനെതിരെ രംഗത്തുവന്നു. പശ്ചിമേഷ്യയില്‍ സമാധാനം നിലനിര്‍ത്താനുള്ള പരിഹാരമാര്‍ഗങ്ങളാണ് ആവശ്യമെന്ന് സീസി ചൂണ്ടിക്കാട്ടി.
അത്യന്തം അപകടകരവും നീതിക്കു നിരക്കാത്തതുമായ തീരുമാനമാണിതെന്ന് പ്രതികരിച്ച ഇറാന്‍ ട്രംപിന്റെ കടന്നുകയറ്റം വെച്ചു പൊറുപ്പിക്കില്ലെന്ന് താക്കീതു നല്‍കി. സ്ഥിതിഗതികളെ കുറിച്ച് ഉര്‍ദുഗാനുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ടെലിഫോണ്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
തീരുമാനത്തിലൂടെ വ്യക്തമാകുന്നത് ട്രംപിന്റെ അജ്ഞതയും പരാജയവുമാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ വിമര്‍ശിച്ചു.
ഫലസ്തീന്‍ പ്രശ്‌നം ആളിക്കത്തിക്കുന്ന തീരുമാനമാണെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ ചൂണ്ടിക്കാട്ടി. അത് സംഭവിക്കരുതെന്നാണ് എല്ലാവരും ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചിട്ടില്ല. എന്നാല്‍ നീക്കം സുപ്രധാന ചുവടുവെപ്പാണെന്ന് വിദേശകാര്യ മന്ത്രി നഫ്താലി ബെന്നറ്റ് വിലയിരുത്തി.
അതിനിടെ, ജറൂസലം വിഷയം ചര്‍ച്ച ചെയ്യാന്‍ ഉര്‍ദുഗാന്‍ ഡിസംബര്‍ 13ന് അങ്കാറയില്‍ മുസ്‌ലിം രാജ്യങ്ങളുടെ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തെ കുറിച്ച് മുസ്‌ലിം രാഷ്ട്രനേതാക്കള്‍ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."