കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലീഗ് നേതാവിന് സി.പി.എം തടവുകാരുടെ ക്രൂര മര്‍ദനം
കണ്ണൂര്‍: റിമാന്‍ഡിലായ മുസ്‌ലിം ലീഗ് നേതാവിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി.പി.എം തടവുകാരുടെ ക്രൂരമര്‍ദനം. മുസ്‌ലിം ലീഗ് നടുവില്‍ മണ്ഡലം മുന്‍ സെക്രട്ടറിയും നടുവില്‍ സഹകരണ ബാങ്ക് ജീവനക്കാരനുമായ മുഹമ്മദ് കുഞ്ഞിയാണ് തടവുകാരുടെ മര്‍ദനത്തിന് ഇരയായത്. സംഭവമറിഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് കുഞ്ഞിയെ മറ്റൊരു സെല്ലിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമുണ്ടായ നടുവിലിലെ സി.പി.എം-ലീഗ് സംഘര്‍ഷത്തിനിടെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എം ജോസഫിന് നേരെ ബോംബെറിഞ്ഞുവെന്ന കേസിലാണ് മുഹമ്മദ് കുഞ്ഞിയെ ജാമ്യമില്ലാ വകുപ്പു പ്രകാരം കുടിയാന്‍മല പൊലിസ് അറസ്റ്റു ചെയ്തത്. സി.പി.എം പ്രവര്‍ത്തകരാണ് പ്രകടനത്തിടെ ബോംബെറിഞ്ഞതെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. അറസ്റ്റിലായ മുഹമ്മദ് കുഞ്ഞി ആദ്യം കണ്ണൂര്‍ സബ് ജയിലിലായിരുന്നു.
എന്നാല്‍ പിന്നീട് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. രണ്ടാം ബ്ലോക്കിലാണ് മുഹമ്മദ് കുഞ്ഞിയെ പാര്‍പ്പിച്ചത്. ഇവിടെയുണ്ടായിരുന്ന സി.പി.എം തടവുകാരാണ് 51 കാരനായ മുഹമ്മദ് കുഞ്ഞിയെ ക്രൂരമായി മര്‍ദിച്ചതത്രെ.
കെ.സി ജോസഫ് എം.എല്‍.എയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുള്‍ ഖാദര്‍ മൗലവിയും അടങ്ങുന്ന യു.ഡി.എഫ് സംഘം ഇന്നലെ ജയിലില്‍ എത്തിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിയുന്നത്. മുഹമ്മദ് കുഞ്ഞിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. തുടര്‍ന്ന് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെടുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് ജയില്‍ ഡി.ജി.പി മുഹമ്മദ് കുഞ്ഞിയെ രണ്ടാം ബ്ലോക്കില്‍ നിന്ന് മാറ്റാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ആദ്യം 10 -ാം ബ്ലോക്കിലേക്കും പിന്നീട് സ്‌പെഷല്‍ ബ്ലോക്കിലേക്കും മാറ്റി.
അതിനിടെ നടുവിലിലെ സി.പി.എം-ലീഗ് സംഘര്‍ഷത്തിനിടെ പള്ളിക്ക് നേരെ ബോംബെറിഞ്ഞത് സി.പി.എമ്മുകാരാണെന്ന് വ്യക്തമാക്കുന്ന വിഡിയോ ക്ലിപ്പുകളും ചിത്രങ്ങളും യു.ഡി.എഫ് നേതാക്കള്‍ പുറത്തുവിട്ടു. ലീഗ് പ്രവര്‍ത്തകരുടെ ബോംബേറിലാണ് തങ്ങളുടെ നേതാവിന് പരുക്കേറ്റതെന്നായിരുന്നു സി.പി.എം ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."