ഷിറിയ സ്‌കൂളില്‍ മനുഷ്യ രൂപത്തില്‍ ഭീമന്‍ ഔഷധത്തോട്ടം ഒരുങ്ങി
മഞ്ചേശ്വരം: ഷിറിയ ഗവണ്‍മെന്റ് സെക്കന്‍ഡറി സ്‌കൂള്‍ വ്യത്യസ്തമായൊരു ഔഷധത്തോട്ടം പൂര്‍ത്തിയാക്കി. പന്ത്രണ്ട് മീറ്റര്‍ നീളവും പത്തു മീറ്റര്‍ വീതിയിലും പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് മനുഷ്യ രൂപത്തില്‍ ഭീമന്‍ ഔഷധ തോട്ടം നിര്‍മിച്ചിട്ടുള്ളത്.
പ്രധാന ശരീര ഭാഗങ്ങളായ തലച്ചോറ്, കണ്ണ്, മൂക്ക്, വായ, ചെവി, ഹൃദയം, കരള്‍, ശ്വാസകോശം, പാന്‍ക്രിയാസ്, വയര്‍ തുടങ്ങിയവയുടെ സ്ഥാനം പ്രത്യേകം നിര്‍മിച്ച് അവയ്ക്കു ഓരോന്നിനും ഉപയോഗിക്കാവുന്ന ഔഷധച്ചെടികള്‍ തല്‍സ്ഥാനത്തു നട്ടുകൊണ്ടാണ് ഔഷധത്തോട്ടം ഒരുക്കിയിട്ടുള്ളത്.
വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠനം എന്ന നിലയിലാണ് അധികൃതര്‍ തോട്ടം രൂപകല്‍പന ചെയ്തത്. തോട്ടത്തിനു പുറത്തു ഓരോ ശരീര ഭാഗത്തിനും ഉപയോഗിക്കാവുന്ന ചെടികളുടെ വിശദമായ ബോര്‍ഡും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ തോട്ടം സന്ദര്‍ശിക്കുന്ന ഓരോ ആള്‍ക്കും ഔഷധ സസ്യങ്ങളെക്കുറിച്ചു അതിന്റെ പ്രാധാന്യത്തെ കുറിച്ചും വ്യക്തമായ ധാരണ ലഭ്യമാകും. വളര്‍ന്നു വരുന്ന തലമുറയ്ക്ക് അവര്‍ക്കു ചുറ്റും വളരുന്ന പല സസ്യങ്ങളുടെയും പേരോ പ്രാധ്യാനമോ അറിയുന്നില്ല എന്ന തിരിച്ചറിവാണ് സ്‌കൂള്‍ അധികൃതരെ ഈ ഉദ്യമത്തിലേക്കു നയിക്കാന്‍ കാരണം. ആരാലും ശ്രദ്ധിക്കപ്പെടാതെ വഴിയരികില്‍ വളരുന്ന ഓരോ ചെടിക്കും വലിയ പ്രാധാന്യമുണ്ട് എന്ന അവബോധം വിദ്യാര്‍ഥികളില്‍ എത്തിക്കുക വഴി പ്രകൃതി സ്വംരക്ഷണത്തിന്റെ ഒരു പുതിയ മാര്‍ഗം തീര്‍ക്കുകയാണ് ഷിറിയ സ്‌കൂള്‍.
പടന്നക്കാട് കാര്‍ഷിക കോളജ് പ്രൊഫസര്‍ ഡോ.എ രാജഗോപാലന്റെ മാര്‍ഗനിര്‍ദേശത്തിലാണ് ഔഷധത്തോട്ടം ഒരുങ്ങിയത്. ഔഷധ സസ്യ പരിപാലകനായ രാംദാസ് പുതുക്കൈ, ബാലന്‍.പി.കാണിച്ചിറ എന്നിവരും തോട്ടം നിര്‍മാണത്തിന്റെ അണിയറ പ്രവര്‍ത്തകരാണ്. ബ്രഹ്മി, വയമ്പ്, കുടങ്ങല്‍, ശംഖുപുഷ്പം, വിഷ്ണുക്രാന്തി, അരുത, കയ്യൂന്നി, നീലയമര, കൃഷ്ണതുളസി, ചെറുചീര, പൂവാംകുറുന്തല്‍, മുയല്‍ ചെവിയന്‍, കീഴാര്‍നെല്ലി തുടങ്ങിയ വ്യത്യസ്ത ഇനത്തിലുള്ള ഔഷധ ചെടികള്‍ തോട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്‌കൂള്‍ പ്രധാനാധ്യാപിക എച്ച്. ഗീത, പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം കോട്ട, പൂര്‍വ വിദ്യാര്‍ഥിയായ യൂസഫ് തറവാട് എന്നിവര്‍ക്കൊപ്പം സ്‌കൂള്‍ അധ്യാപകരും ഔഷധത്തോട്ട നിര്‍മാണത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."