ഇന്ത്യക്ക് നാണംകെട്ട തോല്‍വി
ധര്‍മശാല: ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക വിജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായി 12 ഏകദിന മത്സരങ്ങള്‍ തോറ്റ് പടുകുഴിയില്‍ വീണുപോയ ലങ്കന്‍ ടീമിന്റെ ഗംഭീര തിരിച്ചുവരവാണ് ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിലെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ വെറും 112 റണ്‍സില്‍ പുറത്താക്കിയ ലങ്കന്‍ നിര 20.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 114 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു.
അനായാസ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഉപുല്‍ തരംഗ (49), ആഞ്ചലോ മാത്യൂസ് (പുറത്താകാതെ 25), ഡിക്ക്‌വെല്ല (പുറത്താകാതെ 26) എന്നിവര്‍ ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. തരംഗയ്ക്ക് പുറമേ ഗുണതിലക (ഒന്ന്), തിരിമന്നെ (പൂജ്യം) എന്നിവരാണ് പുറത്തായത്. 46 പന്തുകള്‍ നേരിട്ട് പത്ത് ഫോറുകളുടെ അകമ്പടിയിലാണ് തരംഗ 49 റണ്‍സെടുത്തത്. മാത്യൂസും ഡിക്ക്‌വെല്ലയും അഞ്ച് വീതം ബൗണ്ടറികളാണ് അടിച്ചത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്‌റ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നേടി ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പുതിയ നായകനായി രംഗത്തെത്തിയ തിസര പെരേരയുടെ തീരുമാനം ബൗളര്‍മാര്‍ ശരിവയ്ക്കുന്നതാണ് ധര്‍മശാലയില്‍ കണ്ടത്. പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റിങ് നിര പൊരുതാന്‍ പോലും നില്‍ക്കാതെ വഴിക്കുവഴി കൂടാരം കയറുന്ന കാഴ്ച. ഒരു ഘട്ടത്തില്‍ സ്‌കോര്‍ 50 പോലും കടക്കില്ലെന്ന പ്രതീതിയുണര്‍ത്തി ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഒരറ്റത്ത് നിന്ന് പ്രകടിപ്പിച്ച ആത്മവീര്യമാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് കരകയറ്റി സ്‌കോര്‍ 100 കടത്തിയത്. ഏകദിന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍ നേടിയത് സിംബാബ്‌വെയാണ് (35 റണ്‍സ്). ആ നാണക്കേട് ഒരുവേള ലഭിക്കുമോയെന്നു പോലും കരുതാന്‍ പാകത്തിലായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. നായകന്‍ രോഹിത് ശര്‍മ (രണ്ട്), ശിഖര്‍ ധവാന്‍ (പൂജ്യം), ശ്രേയസ് അയ്യര്‍ (ഒന്‍പത്), ദിനേഷ് കാര്‍ത്തിക് (പൂജ്യം), മനീഷ് പാണ്ഡെ (രണ്ട്), ഹര്‍ദിക് പാണ്ഡ്യ (10), ഭുവനേശ്വര്‍ കുമാര്‍ (പൂജ്യം) എന്നിവര്‍ സ്‌കോര്‍ 29 റണ്‍സിലെത്തുമ്പോഴേയ്ക്കും പവലിയന്‍ പൂകി കഴിഞ്ഞിരുന്നു.
ഒരറ്റത്ത് പിടിച്ചു നിന്ന ധോണിയുടെ അവസരോചിതമായ ബാറ്റിങാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി മുഖം രക്ഷിച്ചത്. എട്ടാമനായി ക്രീസിലെത്തിയ കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ച് ധോണി സ്‌കോര്‍ മുന്നോട്ട് നയിച്ചു. 87 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സും പറത്തി ധോണി 65 റണ്‍സ് കണ്ടെത്തി. കുല്‍ദീപ് 19 റണ്‍സെടുത്തു. സ്‌കോര്‍ 112ല്‍ എത്തിയപ്പോള്‍ പത്താം വിക്കറ്റായി ധോണി മടങ്ങിയതോടെയാണ് ഇന്ത്യയുടെ ബാറ്റിങിന് തിരശ്ശീല വീണത്.
പത്തോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ പിഴുത സുരംഗ ലക്മലിന്റെ മാരക ബൗളിങാണ് ഇന്ത്യയുടെ നടുവൊടിച്ചത്. ഫെര്‍ണാണ്ടോ രണ്ടും മാത്യൂസ്, പെരേര, ധനഞ്ജയ, പതിരന എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ലക്മലാണ് കളിയിലെ കേമന്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ശ്രീലങ്ക 1-0ത്തിന് മുന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."