ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രിയും ബഹ്‌റൈന്‍ രാജകുമാരനും ചര്‍ച്ച നടത്തി
മനാമ: ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറും ബഹ്‌റൈന്‍ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ബഹ്‌റൈനില്‍ ചര്‍ച്ച നടത്തി. 'മനാമ ഡയലോഗ് 2017' പ്രതിരോധ ഉച്ചകോടിയുടെ ഭാഗമായി ബഹ്‌റൈനിലെത്തിയതായിരുന്നു എം.ജെ അക്ബര്‍.
ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ദീര്‍ഘകാല ബന്ധങ്ങള്‍ ഇരുകക്ഷികള്‍ക്കും ഗുണകരമായ വിധത്തില്‍ കൂടുതല്‍ മേഖലകളിലേക്കു വികസിപ്പിക്കേണ്ടതുണ്ടെന്നു കിരീടാവകാശി പറഞ്ഞു. ബഹ്‌റൈന്‍ ജനതയുടെ ആഗ്രഹങ്ങള്‍ സഫലമാക്കുന്ന തരത്തില്‍ രാജ്യം കൈവരിച്ച സമഗ്ര നേട്ടങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.
ഭീകരതയെ ചെറുക്കുന്നതും ആഗോളതലത്തില്‍ സമാധാനവും സമൃദ്ധിയും പുലര്‍ത്തുന്നതുമായ ഇന്ത്യയുടെ ദീര്‍ഘകാല ശ്രമങ്ങളെ കിരീടാവകാശി പ്രശംസിച്ചു. ആധുനിക, വികസിത സമൂഹത്തില്‍ തീവ്രവാദ ആശയങ്ങള്‍ക്കു യാതൊരു സ്ഥാനവുമില്ലെന്നും ഇത്തരം ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ അന്തര്‍ദേശീയ പങ്കാളികള്‍ തമ്മില്‍ തുടര്‍ച്ചയായ സഹകരണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
ബഹ്‌റൈനിന്റെ സുധീര്‍ഘമായ ചരിത്രത്തില്‍ ബഹുസ്വര സംസ്‌കാരം കുടികൊള്ളുന്നതായി കിരീടാവകാശി പറഞ്ഞു. വിവിധ തലങ്ങളില്‍ ഇരു രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ബഹ്‌റൈന്‍ പ്രതിജ്ഞാ ബദ്ധമാണെന്നും കിരീടാവകാശി പറഞ്ഞു. ഇരുരാഷ്ട്രങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലയിലേയും അന്താരാഷ്ട്ര തലത്തിലേയും വിവിധ വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയമായി. ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."