വിജയിക്കട്ടെ ഈ സദുദ്യമം
രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി രാജ്യത്ത് 12 അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് നവംബര്‍ ഒന്നിന് സുപ്രിംകോടതി നല്‍കിയ നിര്‍ദേശത്തോട് കേന്ദ്രസര്‍ക്കാര്‍ അനുകൂലമായാണ് പ്രതികരണം അറിയിച്ചിട്ടുള്ളത്. കോടതികള്‍ സ്ഥാപിക്കാനായി നിയമ മന്ത്രാലയം അംഗീകാരം നല്‍കിയതായും ഇതിനായി 7.8 കോടി രൂപ നീക്കിവച്ചതായും കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കയാണ്. രാഷ്ട്രീയ രംഗത്തെ ക്രിമിനല്‍വല്‍ക്കരണം തടയാന്‍ ഒരു പരിധി വരെ അതിവേഗ കോടതികളുടെ രൂപീകരണം കൊണ്ടു കഴിയുമെന്ന് പ്രത്യാശിക്കാം.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ആജീവനാന്തം വിലക്കണമെന്ന നിലപാടാണ് സുപ്രീംകോടതിക്കുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷനും ഇതിനോട് യോജിപ്പാണ്. നിയമ കമ്മീഷന്‍ ഇതുസംബന്ധിച്ച് ശുപാര്‍ശയും സമര്‍പ്പിച്ചുവെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ രണ്ടു വര്‍ഷമോ അതിലധികമോ തടവുശിക്ഷ ലഭിക്കുന്നവര്‍ക്ക് ഇപ്പോള്‍ ആറു വര്‍ഷമാണ് മത്സരിക്കാന്‍ വിലക്കുള്ളത്.
ഭരണഘടന എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്ന തുല്യനീതിയുടെ ലംഘനമാണ് രാഷ്ട്രീയക്കാര്‍ക്ക് മാത്രമുള്ള പ്രത്യേക കോടതികളെന്ന വിമര്‍ശനം ചില കോണുകളില്‍ നിന്നുയരുന്നുണ്ട്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ നിലവില്‍ പതിറ്റാണ്ടുകള്‍ തന്നെ വേണ്ടിവരുന്നുണ്ട്. ഈ കാലതാമസത്തിന്റെ മറവിലാണ് ശിക്ഷിക്കപ്പെട്ട് തടവറയില്‍ കഴിയേണ്ട പലരും മന്ത്രിമാരും മുഖ്യമന്ത്രിമാരുമായി ഭരണചക്രം തിരിക്കുന്നത്. ഭരണ സിരാകേന്ദ്രങ്ങള്‍ കുറ്റവാളികളുടെ കളങ്കിത ഹസ്തങ്ങളില്‍ നിന്നു വിമുക്തമാവാന്‍ ഇത്തരക്കാരെ മത്സര രംഗത്തുനിന്ന് മാറ്റിനിര്‍ത്തിയേ മതിയാവൂ. കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള പകപോക്കലാണ് കേസിന്റെ അടിസ്ഥാനമെങ്കില്‍ കാലതാമസമില്ലാതെ നിരപരാധിത്വം തെളിയിച്ച് അഗ്നിശുദ്ധി വരുത്താന്‍ കുറ്റാരോപിതര്‍ക്ക് അതിവേഗ കോടതികള്‍ മുഖേന സാധിക്കുകയും ചെയ്യും.
ആദര്‍ശ വിശുദ്ധിയും രാഷ്ട്രീയ ധാര്‍മികതയും കണികാണാന്‍പോലും കിട്ടാത്ത അവസ്ഥയാണ് നമുക്ക് ചുറ്റുമുള്ളത്. അധികാരത്തിലേറാന്‍ ഏത് ഹീനമാര്‍ഗവും സ്വീകരിക്കാമെന്ന സ്ഥിതിയിലാണ് ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും. രാഷ്ട്രീയ സദാചാരത്തില്‍ ഉറച്ചുനിന്ന പാര്‍ട്ടികള്‍പോലും പതിയെ ചുവടുമാറ്റുകയാണ്. ഈയൊരവസ്ഥയില്‍ കോടതികള്‍ക്കേ പരിമിതമായിട്ടെങ്കിലും വല്ലതും ചെയ്യാനാവൂ.
1990കളില്‍ അഹമ്മദാബാദിലെയും ബാഗളൂരുവിലെയും ഐ.ഐ.എമ്മുകളിലെ ഏതാനും അധ്യാപകര്‍ ചേര്‍ന്ന് രൂപീകരിച്ച അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ നാമനിര്‍ദേശ പത്രികയിലൂടെ പൊതുജനങ്ങള്‍ക്ക് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആദ്യമായി സുപ്രീംകോടതിയെ സമീപിച്ചത്. കോടതി ഹരജിക്കാരുടെ ആവശ്യം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്ന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഓര്‍ഡിനന്‍സിലൂടെ അത് മറികടക്കുകയായിരുന്നു.
നിയമങ്ങള്‍ക്ക് അതീതരാണ് തങ്ങളെന്ന് ധരിക്കുന്ന രാഷ്ട്രീയ മുഖംമൂടിയണിഞ്ഞ ക്രിമിനലുകള്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും കാണും. എണ്ണംകൊണ്ട് ന്യൂനപക്ഷമാണെങ്കിലും പാര്‍ട്ടികളുടെ കടിഞ്ഞാണ്‍ ഇവരുടെ കൈകളിലാണ്. തങ്ങള്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മാത്രമല്ല രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് തന്നെയും ഇവര്‍ ഭീഷണിയാണ്. ഇവരെ പൊതുരംഗത്ത് നിന്ന് മാറ്റി നിര്‍ത്തിയാലേ ജനാധിപത്യ വ്യവസ്ഥ സംശുദ്ധമാവൂ.
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇവരെ മാറ്റിനിര്‍ത്താനാവില്ലെന്ന് മാത്രമല്ല, നാള്‍ക്കുനാള്‍ ഇത്തരക്കാരുടെ എണ്ണം പെരുകി വരുന്നതായാണ് ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ ലഭിച്ച നാമനിര്‍ദേശ പത്രികകളിലെ വിവരങ്ങള്‍ വിശ്വസിക്കാമെങ്കില്‍ 1581 ക്രിമിനലുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരില്‍ എത്രപേര്‍ ജയിച്ചു ജനപ്രതിനിധികളായി എന്നതിന്റെ കണക്ക് സര്‍ക്കാരിന്റെ പക്കലില്ല. ഇത് സംബന്ധിച്ച വിവരശേഖരണത്തിന് സര്‍ക്കാരിന് പ്രത്യേക ഏജന്‍സികള്‍ ഇല്ലെന്ന മറുപടിയാണ് സുപ്രീംകോടതിക്ക് ലഭിച്ചിട്ടുള്ളത്.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ഉള്‍പ്പെട്ട ജനപ്രതിനിധികള്‍ മഹാരാഷ്ട്രയിലാണ്. 164 പേര്‍. 143 പേരുമായി ഉത്തര്‍പ്രദേശാണ് തൊട്ടുപിറകില്‍.
ബിഹാര്‍ (141), പശ്ചിമബംഗാള്‍ (107), തമിഴ്‌നാട് (75), കര്‍ണാടക (73) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ നില. കേരളത്തില്‍ 87 ജനപ്രതിനിധികള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പട്ടിട്ടുള്ളതായി എ.ഡി.ആറിന്റെ റിപ്പോര്‍ട്ടിലുള്ളത്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അനുദിനം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് കടിഞ്ഞാണിടാന്‍ നടത്തുന്ന ഏതൊരു ശ്രമത്തേയും ജനങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."