കലാമണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍
പരിഹാരം കാണും: എ.കെ ബാലന്‍
ചെറുതുരുത്തി: കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കല്‍പിത സര്‍വകലാശാലയായിട്ടും അധ്യാപകരുടേയും, ജീവനക്കാരുടേയുമൊക്കെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത അവസ്ഥയുണ്ട്.
സമയബന്ധിതമായ പരിഹാരം ഈ വിഷയങ്ങളില്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കലാമണ്ഡലം ലോകത്തിന്റെ നെറുകയില്‍ നിലകൊള്ളുന്ന സാംസ്‌കാരിക സ്ഥാപനമാണ്. അതുകൊണ്ടുതന്നെ കലാമണ്ഡലത്തെ സാംസ്‌ക്കാരിക സര്‍വകലാശാലയാക്കി മാറ്റുന്നതിന് ഇടത് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
കലാമണ്ഡലം കല്‍പിത സര്‍വകലാശാല എക്‌സിക്യൂട്ടീവ് ബോര്‍ഡും, അക്കാദമിക് കൗണ്‍സിലും, അധ്യാപക അനധ്യാപക വിദ്യാര്‍ഥി സമൂഹവും, സംയുക്തമായി നല്‍കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എ.കെ ബാലന്‍. കലാമണ്ഡലത്തില്‍ നിന്ന് ഗവേഷണ ബിരുദം നേടിയ എ.വിനി, കെ.കെ ബീന, ഡി.സതീദേവി, എം.സുജാതകുമാരി, സി.പി ഉണ്ണികൃഷ്ണന്‍, കെ.എം അബു, സി.രാവുണ്ണി, എച്ച്.ശാരദാംബാള്‍, എം.എന്‍ വിനയകുമാര്‍, പി.എസ് ഹരിപ്രിയ, എ.എം പ്രസന്ന, കെ.കെ.പി സംഗീത, എ.ലേഖ എന്നിവര്‍ക്ക് മന്ത്രി പുരസ്‌ക്കാരങ്ങള്‍ നല്‍കി.
കൂത്തമ്പലത്തില്‍ നടന്ന ചടങ്ങില്‍ യു.ആര്‍ പ്രദീപ് എം.എല്‍.എ അധ്യക്ഷനായി. പി.കെ ബിജു എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. പി.ഹരി ഗവേഷകരെ പരിചയപ്പെടുത്തി. പന്തളം സുധാകരന്‍, പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍, കെ.പി രാധാകൃഷ്ണന്‍, പി.പത്മജ വാസന്തി മേനോന്‍, പ്രൊഫസര്‍ വട്ടപറമ്പില്‍ ഗോപിനാഥപിള്ള, ആര്‍.എസ് പണിക്കര്‍,എന്‍.അശോകന്‍, വാഴേങ്കട വിജയകുമാര്‍, എം.ആര്‍ ജയകൃഷ്ണന്‍, കെ.ആര്‍ ഗിരീഷ്, ഡോ. സി.എം നീലകണ്ഠന്‍, എസ്.ആര്‍ച്ച തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈസ് ചാന്‍സലര്‍ ഡോ: എം.സി ദിലീപ് കുമാര്‍ സ്വാഗതവും, രജിസ്ട്രാര്‍ ഡോ: കെ.കെ സുന്ദരേശന്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മോഹിനിയാട്ടവും, കഥകളിയും നടന്നു. കലാമണ്ഡലത്തിലെത്തിയ മന്ത്രി നിള കാംപസിലെ വള്ളത്തോള്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."