മൂന്നില്‍ മൂന്നും നേടി ഉസൈന്‍ ബോള്‍ട്ട്
വേഗത്തില്‍ ലോകത്തെ പിന്നിലാക്കി ബോള്‍ട്ട് വീണ്ടും കുതിച്ചു 100 മീറ്ററില്‍ തന്റെ മൂന്നാം ഒളിംപിക്‌സ് സ്വര്‍ണത്തിലേക്ക്. 09.81 സെക്കന്റില്‍ ബോള്‍ട്ട് ഫിനിഷിംഗ് ലൈന്‍ തൊടുമ്പോള്‍ രണ്ടാം സ്ഥാനം ആര്‍ക്കാവുമെന്ന ചിന്തയിലായിരുന്നു കാണികള്‍. അത്രക്ക് പ്രതീക്ഷയാണ് കായിക പ്രേമികള്‍ക്ക് ബോള്‍ട്ടില്‍. ആരാധകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കാതെ ബോള്‍ട്ട് ഇതിഹാസമായി അവതരിക്കുകയും ചെയ്തു.
2008ല്‍ ബീജിംഗില്‍ തുടങ്ങിയ കുതിപ്പ് ലണ്ടനും കടന്ന് എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം റിയോയില്‍ അവസാനിപ്പിക്കുമ്പോഴും ബോള്‍ട്ടിന് പ്രതിയോഗിയാവാന്‍ ജസ്റ്റിന്‍ ഗാട്‌ലിനും യോഹാന്‍ ബ്ലേക്കിനും സാധിച്ചില്ല. ജസ്റ്റിന്‍ ഗാട്‌ലിന്‍ എട്ട് സെക്കന്റുകള്‍ പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമ്പോഴേക്കും ബോള്‍ട്ട് ആഹ്ലാദപ്രകടനം ആരംഭിച്ചിരുന്നു, ഒപ്പം ഒളിമ്പിക്‌സിന്റെ ചരിത്രത്തിലേക്ക് നടന്നു കയറുകയും ചെയ്തു ട്രിപ്പിള്‍ ട്രിപ്പിളെന്ന അപൂര്‍വ ബഹുമതിയുമായി.
ജെസി ഓവന്‍സിന്റെയും മുഹമ്മദ് അലിയുടെയും പേരുകള്‍ക്കൊപ്പം ഇനി കായികലോകം ബോള്‍ട്ടിനെയും വാഴ്ത്തും. ലോക റെക്കോര്‍ഡും ഒളിമ്പിക്‌സ് റെക്കോര്‍ഡും തന്റെ പേരിലാക്കിയ ബോള്‍ട്ടിന് ഒരു തരത്തിലും മറ്റ് താരങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല. 100 മീറ്റര്‍ ലോകറെക്കോര്‍ഡും(9.58), 200 മീറ്റര്‍ ലോകറെക്കോര്‍ഡും(19.19) 'ലൈറ്റ്‌നിങ് ബോള്‍ട്ടെന്ന്' ലോകം വിളിക്കുന്ന ബോള്‍ട്ടിന്റെ അക്കൗണ്ടിലാണ്.
1977ന് ശേഷം 100 മീറ്ററിലെയും 200 മീറ്ററിലെയും ലോകറെക്കോര്‍ഡുകള്‍ക്ക് ഉടമയായ ആദ്യ കായികതാരമാണ് ബോള്‍ട്ട്. 4ഃ100 മീറ്റര്‍ റിലേയിലും ബോള്‍ട്ടടങ്ങിയ ടീമിന്റെ പേരിലാണ് റെക്കോര്‍ഡുള്ളത്. സ്പ്രിന്റില്‍ ഏഴ് ഒളിംപിക് സ്വര്‍ണ മെഡലുകളും 11 ലോക ചാമ്പ്യന്‍ കിരീടങ്ങളും നേടുന്ന ആദ്യ കായിക താരം കൂടിയാണ് ഈ കറുത്തമുത്ത്. മികച്ച പുരുഷ അത്‌ലറ്റിനുള്ള ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്റെ (ഐ.എ.എ.എഫ്) അത്‌ലറ്റ് ഓഫ് ദി ഇയര്‍ ആയി തുടര്‍ച്ചയായി നാലുതവണ(2009-2012) യാണ് ബോള്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടത്.
ട്രാക്ക് ആന്റ് ഫീല്‍ഡ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡും ലോറസ് സ്‌പോട്‌സ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും രണ്ടുതവണ ബോള്‍ട്ടിനെ തേടിയെത്തി. 2013 ജൂലൈയില്‍ മോസ്‌കോയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണമെഡലുകള്‍ നേടിയതോടെ ലോകചാമ്പ്യന്‍ഷിപ്പുകളില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ താരം എന്ന പദവി ബോള്‍ട്ടിന്റെ പേരിലായിരുന്നു. തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ ബീജിംഗില്‍ നടന്ന ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിലും ബോള്‍ട്ട് ട്രിപ്പിളടിച്ചു. 2009 മുതല്‍ 2015 വരെയുള്ള മൂന്നു ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയ ബോള്‍ട്ട് ട്രിപ്പിള്‍ ഡബിളും, 4:100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടി ട്രിപ്പിള്‍ ട്രിപ്പിള്‍ നേട്ടവും കൈവരിച്ചു.
1986 ഓഗസ്റ്റ് 21നാണ് ലോകത്തിന്റെ വേഗരാജാവിന്റെ ജനനം. ഈ ഒളിമ്പിക്‌സോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഉസൈന്‍ ബോള്‍ട്ടിനെ ഇനിയും ട്രാക്കില്‍ കാണണേയെന്ന പ്രാര്‍ഥനയിലാണ് കായികലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."