ശാസ്ത്രീയ വിശകലനം അവഗണിച്ചു: ഓഖി: കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിയത് തെറ്റായ ദിശയില്‍
കോഴിക്കോട്: ഓഖിയെ തുടര്‍ന്ന് കാണാതായവര്‍ക്കായി സര്‍ക്കാര്‍ തിരച്ചില്‍ നടത്തിയത് തെറ്റായ ദിശയില്‍. കേരളതീരത്തെ വേലിയേറ്റവും കടലിലെ ഒഴുക്കും നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസ് (ഇന്‍കോയിസ്) കൃത്യമായി കണ്ടെത്തി വിവരം പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇത്തരം വിശകലനങ്ങള്‍ കണക്കിലെടുക്കാതെ തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശത്തും പിന്നീട് കൊച്ചി കേന്ദ്രീകരിച്ചുമാണ് സര്‍ക്കാര്‍ തിരച്ചില്‍ നടത്തിയത്.
തെക്കന്‍ കേരളത്തിലടക്കം കാണാതായവരുടെ മൃതദേഹങ്ങള്‍ മലപ്പുറം, കോഴിക്കോട് മേഖലകളില്‍ കണ്ടെത്തിയതോടെയാണ് ഈ നിഗമനം ശരിയായിരുന്നുവെന്ന് വ്യക്തമാകുന്നത്. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്‍കരുതല്‍ നടപടി വൈകിയെന്ന വിമര്‍ശനത്തിനിടെയാണ് ശാസ്ത്രീയ വിവരങ്ങള്‍ ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും വീഴ്ച സംഭവിച്ചത്.
ഓഖി ചുഴലിക്കാറ്റ് അറബിക്കടലില്‍ എത്തിയതുമുതല്‍ കടലിലെ കാറ്റിന്റെ ദിശയിലും അടിയൊഴുക്കിലും വ്യതിയാനം സംഭവിച്ചിരുന്നു. ചുഴലിക്കാറ്റിന്റെ സമയത്ത് ഇത്തരം മാറ്റം സ്വാഭാവികമാണെങ്കിലും ഇതനുസരിച്ച് രക്ഷാപ്രവര്‍ത്തനം നടത്താത്തതാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വീഴ്ചയായത്. ചുഴലിക്കാറ്റുണ്ടായ 30 മുതല്‍ കടല്‍ക്കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറ് കേന്ദ്രീകരിച്ചാണെന്ന് ഇന്‍കോയിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരത്ത് ഒരു മീറ്ററോളമായിരുന്നു തിരമാലകളുടെ ഉയരം. ഉള്‍ക്കടലില്‍ കനത്ത തിരയിളക്കവും കൂറ്റന്‍ തിരമാലകളുമുണ്ടായിരുന്നു.
കാറ്റിന്റെ ദിശയും ഒഴുക്കും കാരണം കാണാതായ ബോട്ടുകള്‍ ഈ ദിശയില്‍ നീങ്ങാനുള്ള സാധ്യതയും മുന്നില്‍ക്കണ്ടില്ല. ഡിസംബര്‍ ഒന്നു മുതല്‍ തീരദേശത്ത് കടലാക്രമണം ശക്തമായതോടെ ഇവ വടക്കന്‍ കേരളത്തിലെ തീരത്തേക്ക് എത്താനുള്ള സാധ്യതയും പരിഗണിച്ചില്ല. കഴിഞ്ഞ 30നും ഈ മാസം ഒന്നു മുതല്‍ നാലുവരെയുമുള്ള കാറ്റിന്റെ ഗതിയനുസരിച്ച് തിരച്ചില്‍ നടക്കാത്തതാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വീഴ്ചയായത്. 30നും ഒന്നിനും വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കുള്ള കാറ്റില്‍പ്പെട്ട് ബോട്ടുകള്‍ മഹാരാഷ്ട്ര തീരത്തെത്തിയിട്ടും ഈ സാധ്യതയും പരിഗണിക്കപ്പെട്ടില്ല. ഈ ദിവസങ്ങളില്‍ കൊച്ചിയിലെയും തിരുവനന്തപുരത്തെയും തീരത്തായിരുന്നു രക്ഷാപ്രവര്‍ത്തനം. കഴിഞ്ഞ ദിവസങ്ങളിലും കടിലിലെ ഒഴുക്ക് വടക്കന്‍ ദിശയിലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതാണ് മൃതദേഹങ്ങളും ബോട്ടുകളുടെ അവശിഷ്ടങ്ങളും കൂട്ടത്തോടെ വടക്കന്‍ ജില്ലകളിലെ കടലിലെത്താന്‍ ഇടയാക്കിയത്. മൃതദേഹങ്ങള്‍ കണ്ടെടുക്കാനും മത്സ്യത്തൊഴിലാളികളുടെ സഹായം വേണ്ടിവന്നു. എന്നാല്‍, നാളെ മുതല്‍ കടലിലെ അടിയൊഴുക്ക് തീരത്തോടുചേര്‍ന്ന് വിപരീത ദിശയിലും ഉള്‍ക്കടലില്‍ ഇപ്പോഴുള്ള ദിശയിലുമായിരിക്കുമെന്നാണ് ഇന്‍കോയിസിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."