സവര്‍ണ മേല്‍ക്കോയ്മയെ ചോദ്യം ചെയ്ത് ബെന്‍ചിത്രങ്ങള്‍
പറഞ്ഞും കേട്ടും നാം പരിചയിച്ച ചരിത്രങ്ങള്‍ പലതും ശരിക്കും ചരിത്രങ്ങളല്ല. ലോകചരിത്രം മുതല്‍ നമ്മുടെ നാട്ടിന്‍പുറ പെരുമകളുടെയൊക്കെ സത്യങ്ങള്‍ ചികഞ്ഞുചെല്ലുമ്പോള്‍ അത്തരം ചില കുഴിച്ചുമൂടപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ നമ്മെ ഞെട്ടിപ്പിക്കുന്നുണ്ട്. ചരിത്രത്തിന്റെ സവര്‍ണ വ്യാഖ്യാനങ്ങളെയും അവ ഇവിടത്തെ സമൂഹത്തില്‍ സൃഷ്ടിച്ച വംശീയ-ജാതിബോധങ്ങളെയും ചിത്രങ്ങളിലൂടെ പുറത്തുകൊണ്ടുവരികയാണ് തിരുവനന്തപുരം സ്വദേശിയായ ബെന്‍ എന്ന ബെന്‍ ജെ. ആന്ത്രയോസ്.
ബെന്‍ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഭാഷയാണ്. അതിലെ ഓരോ അക്ഷരങ്ങളും സമകാലിക സാഹചര്യങ്ങളോടും പ്രാചീന വാര്‍പ്പുമാതൃകകളോടും നിരന്തരം കലഹിച്ചുകൊണ്ടിരിക്കുന്നു. അപരവല്‍ക്കരണങ്ങള്‍ക്കെതിരില്‍, അടിച്ചമര്‍ത്തലുകള്‍ക്കുനേരെ, കണ്ടുകൂടായ്മയ്ക്കു തീണ്ടികൂടായ്മയ്ക്കുമെതിരേ ചിത്രങ്ങള്‍ കൊണ്ടു പ്രതിരോധം തീര്‍ക്കുന്നു ബെന്‍.
അച്ഛനാകാന്‍ കൊതിച്ച ബാല്യം
തിരുവനന്തപുരം ജില്ലയിലെ തമിഴ്‌നാടിനോട് ചേര്‍ന്നുനില്‍ക്കുന്ന പാറശ്ശാലയില്‍, പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തിലേക്കു കുടിയേറിയ നാടാര്‍ കുടുംബത്തിലാണ് ബെന്‍ ആന്ത്രയോസിന്റെ ജനനം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്രിസ്ത്യന്‍ മതത്തിലേക്കു വലിയ തോതില്‍ ആളുകള്‍ മതംമാറിയപ്പോള്‍ അതില്‍ ബെന്നിന്റെ പൂര്‍വികരുമുണ്ടായിരുന്നു. ക്രിസ്ത്യന്‍ മതത്തിലേക്കു മതംമാറിയെങ്കിലും സാമൂഹികമായി നാടാര്‍ കുടുംബങ്ങളുടെ നില മെച്ചപ്പെട്ടിരുന്നില്ല. സവര്‍ണ മേലാളന്മാര്‍ ഇവരെ തങ്ങളുടെ അടിമകളായി തന്നെ കണക്കാക്കി. രാജ്യത്തിനു വേണ്ടി വഴിവെട്ടലും റോഡ് നിര്‍മാണവുമൊക്കെയായിരുന്നു ഇവരുടെ കുലത്തൊഴില്‍. ജോലി എത്രതന്നെ കഠിനമായിരുന്നെങ്കിലും മേലാളന്മാരുടെ ഭാഷയില്‍ അവര്‍ വേതനത്തിന് അര്‍ഹരായിരുന്നില്ല. ജോലിക്കൊന്നും വേതനം ലഭിച്ചില്ല. സ്വന്തമായി വീടുവയ്ക്കാനോ മറ്റു തൊഴിലുകളെടുത്തു ജീവിക്കാനോ ഉള്ള സ്വാതന്ത്ര്യവുമില്ലായിരുന്നു. മേലാളന്മാര്‍ അവരുടെ കൃഷിയിടത്തില്‍ നിര്‍മിച്ചുനല്‍കിയിരുന്ന കൊച്ചുകൂരകളില്‍ അന്തിയുറങ്ങിയും അവര്‍ നല്‍കിയിരുന്ന അല്‍പ ഭക്ഷണ സാമഗ്രികള്‍ പാകംചെയ്തു കഴിച്ചും അവര്‍ ജീവിച്ചുപോന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞ് ആണ്‍പെണ്‍ സമരങ്ങള്‍ക്കൊടുവില്‍ സവര്‍ണ മേധാവിത്വത്തില്‍നിന്ന് അവര്‍ സ്വാതന്ത്ര്യം നേടുകയും സ്വന്തം തൊഴില്‍ തേടി വിദേശത്തേക്കടക്കം സഞ്ചരിക്കുകയും ചെയ്തു. കുട്ടിക്കാലം മൂതലേ ചര്‍ച്ചുമായി അടുത്തിടപഴകിയതു കാരണം വലുതാകുമ്പോള്‍ അച്ഛനാകണമെന്നായിരുന്നു ബെന്നിന്റെ ആഗ്രഹം. അച്ഛനാകാന്‍ വേണ്ടിയാണ് ബി.എക്ക് ഇംഗ്ലീഷ് എടുത്ത് തമിഴ്‌നാട്ടിലേക്കു പോയത്. ശേഷം തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവുമെടുത്തു. ഈ കാലയളവിലെല്ലാം ചിത്രംവര ഒരു കലാരൂപം എന്നതിനപ്പുറം ബെന്നിനു മറ്റൊന്നുമായിരുന്നില്ല. അന്നന്നത്തെ ഭക്ഷണത്തിനുവേണ്ടി പകലന്തിയോളം കഷ്ടപ്പെടുന്ന, ചിത്രംവരച്ചു നടന്നാലൊന്നും ജീവിക്കാന്‍ പറ്റില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരു കുടുംബത്തില്‍നിന്നു വളര്‍ന്നുവരുന്ന കുട്ടിക്ക് അങ്ങനെ ആകാനേ കഴിയുമായിരുന്നുള്ളൂ. ചെറുപ്പത്തില്‍ പള്ളിയില്‍ പോയി ബൈബിളിലെ കഥാപാത്രങ്ങളെ അച്ഛനു വേണ്ടി വരച്ചുകൊടുക്കാറുണ്ടായിരുന്നു. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ബൈബിളാണ് ബെന്നിനോട് തനിക്ക് ഇങ്ങനെ ഒരു കഴിവുണ്ടെന്നു പറഞ്ഞുകൊടുക്കുന്നത്. പിന്നീട് തമിഴ്‌നാട്ടിലെ ഉന്നത വിദ്യാഭ്യാസത്തിനിടയില്‍ ചില മാഗസിനുകള്‍ക്കു വേണ്ടി ചിത്രം വരക്കുകയും ഒന്നു രണ്ടു പുസ്തകങ്ങളില്‍ കഴിവ് പരീക്ഷിക്കുകയും ചെയ്തു. അതിനപ്പുറം ചിത്രംവരയ്ക്ക് ബെന്നിന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യമോ അര്‍ഥതലങ്ങളോ ഇല്ലായിരുന്നു.
ഇഫ്‌ലുവിലെ സവര്‍ണ ഇടനാഴികള്‍
പിന്നീട് ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വജ് യൂനിവേഴ്‌സിറ്റി(ഇഫ്‌ലു)യിലെ ഗവേഷണ പഠനകാലമാണ് ബെന്നിന്റെ ജീവിതത്തിലും കാഴ്ചപ്പാടിലും വഴിത്തിരിവ് സൃഷ്ടിച്ചത്. വര്‍ണവെറിയുടെ ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന, അപരവല്‍ക്കരണത്തിന്റെ ചീഞ്ഞുനാറുന്ന സവര്‍ണ ഇടനാഴികളാണ് അവിടെ വരവേല്‍ക്കാനുണ്ടായിരുന്നത്. ജാതിയധിഷ്ഠിത കാഴ്ചയുടെയും സ്പര്‍ശനത്തിന്റെയും വ്യാപ്തി അവിടെവച്ച് ബെന്‍ മനസിലാക്കുകയും അതിന്റെ തിക്താനുഭവങ്ങള്‍ നേരിടുകയും ചെയ്തു. ബെന്നിന്റെ തന്നെ വാക്കുകളില്‍, അവിടെ കൂട്ടംകൂടി സംസാരിക്കുന്നവര്‍ക്കിടയിലേക്കു കയറിച്ചെന്നാല്‍ പലരുടെയും മുഖത്തു നീരസം കാണാമായിരുന്നു. ചിലര്‍ ചര്‍ച്ച തന്നെ അവസാനിപ്പിച്ചു പിരിഞ്ഞുപോകും. പലരും മെസ്സിലേക്കു സ്വന്തം പാത്രങ്ങളുമായാണു വരിക. മാത്രമല്ല, താഴ്ന്ന ജാതിക്കാരൊക്കെ ഭക്ഷണം കഴിക്കുന്ന ഇടമായതിനാല്‍ അവര്‍ ഭക്ഷണമെടുത്തു സ്വന്തം റൂമിലേക്കു പോകും.
ഈ സമയത്തുതന്നെയാണു മാറ്റിനിര്‍ത്തപ്പെട്ടവരുടെ കൂട്ടായ്മകള്‍ കാംപസില്‍ രൂപപ്പെട്ടുവരികയും അവ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കുകയും ചെയ്തത്. ആ ചര്‍ച്ചായിടങ്ങളിലൊക്കെ ബെന്‍ ഇരിപ്പിടമുറപ്പിച്ചു, കാഴ്ചപ്പാടുകള്‍ സ്വയം നവീകരിച്ചു. അങ്ങനെ, വരെ തന്നെ ഒരു ആയുധമാക്കി പോരാടാമെന്നുറപ്പിക്കുകയും ഗൗരവമേറിയ വരയിലേക്കു കടക്കുകയും ചെയ്തു. പിന്നീട് അവിടെ മാറ്റിനിര്‍ത്തപ്പെട്ടവന്റെ ആഘോഷങ്ങളിലെല്ലാം കാഴ്ചക്കാരന്റെ കണ്ണിലേക്ക് അമ്പെറിയാന്‍ പോന്ന ബെന്‍ചിത്രങ്ങള്‍ ഒരു അവിഭാജ്യ ഘടകമായിത്തീര്‍ന്നു. നിറങ്ങളില്‍ മുക്കിയ ബ്രഷ് കൊണ്ട് ബെന്‍ അത്യുച്ചത്തില്‍ സമരം ചെയ്യാന്‍ തുടങ്ങി. ഇഫ്‌ലുവിലെ സമരക്കാലത്തു ചിത്രംവരച്ചതിന് ഷോക്കോസ് നോട്ടിസ് വരെ കൈപ്പറ്റേണ്ടി വന്നിട്ടുണ്ട് ബെന്നിന്.
ഈ ഓര്‍മകള്‍ ആഘോഷമാക്കി ബെന്‍ വരച്ച ചിത്രങ്ങള്‍ ഹൈദരാബാദിലും നാഗ്പൂരിലും കേരളത്തിലെ പല സ്ഥാപനങ്ങളിലും പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. അവസാനമായി കഴിഞ്ഞ മാസം കോഴിക്കോട് ഫാറൂഖ് കോളജില്‍ നടന്ന കേരള ഹിസ്റ്ററി കോണ്‍ഗ്രസിലും ബെന്നിന്റെ ചിത്രപ്രദര്‍ശനമുണ്ടായിരുന്നു. പ്രധാനമായും കേരളത്തിലെ ജാതി തെമ്മാടിത്തരങ്ങള്‍ക്കും ചരിത്രത്തിന്റെ വികലവ്യാഖ്യാനങ്ങള്‍ക്കുമാണ് ബെന്‍ വരകളില്‍ ഇടം നല്‍കിയിരിക്കുന്നത്. സാമൂഹികമായ ഉച്ഛനീചത്വങ്ങള്‍ക്കെതിരായ, സവര്‍ണ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരായ മൂര്‍ച്ചയേറിയ ചിത്രശരങ്ങളാണവയെല്ലാം.
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ എക്കാലത്തെയും വലിയ പോരാട്ടങ്ങളിലൊന്നായ വാഗണ്‍ ട്രാജഡിയുടെ നടുക്കുന്ന ഓര്‍മകള്‍ വരച്ചിട്ട മലബാരി മുതല്‍, അയഥാര്‍ഥവും സവര്‍ണ ഫാസിസ്റ്റുകള്‍ വര്‍ണവെറിയുടെ മഷിയില്‍ മുക്കി രചിച്ചതുമായ വ്യാജ ചരിത്ര ആഖ്യാനങ്ങളെയെല്ലാം തലകുത്തനെ കെട്ടിത്തൂക്കിയ കഥവരെയുള്ള അര്‍ഥഗര്‍ഭവും ചിന്തോദ്ദീപകവുമായ പതിനഞ്ചോളം ചിത്രങ്ങള്‍ ഇതില്‍പ്പെടുന്നു. ബെന്‍ചിത്രങ്ങളിലൂടെ:
'മലബാരി'
ചരിത്രപുസ്തകങ്ങളിലെ ക്ലീഷെ ആഖ്യാനമല്ല ബെന്‍ വാഗണ്‍ ട്രാജഡിയെ കുറിച്ചു വരക്കുമ്പോള്‍ ഉണ്ടാന്നത്. ചോരയും മൂത്രവും കുടിച്ചു പരസ്പരം മാന്തിക്കീറി മരിച്ചുകിടക്കുന്ന മാപ്പിളമാരുടെ ദൈന്യതയേറിയ ചിത്രങ്ങള്‍ ചരിത്രപുസ്തകങ്ങളില്‍ കാണാം. എന്നാല്‍ ബെന്നിന്റെ 'മലബാരി'യില്‍ ഒരു തുറന്നിട്ട തീവണ്ടി ബോഗിക്കു മുന്നില്‍ സധൈര്യം നിലയുറപ്പിച്ച കള്ളിമുണ്ടും ബനിയനും പച്ചബെല്‍റ്റും നീട്ടിയ താടിയുമുള്ള ഒരു മാപ്പിള നില്‍ക്കുന്നു. അയാളുടെ മുന്നില്‍ ചോരവാര്‍ന്ന നിലത്ത് അധിനിവേശത്തിന്റെ സായിപ്പുതൊപ്പി 'കമിഴ്ന്നു'കിടക്കുന്നു. അതിനുമുകളില്‍ തലച്ചോറില്‍ മനുഷ്യത്വത്തിന്റെ അവസാന തുള്ളിയും വലിച്ചു കുടിച്ചുണക്കി നിര്‍ബാധം തഴച്ചുവളര്‍ന്ന ജന്മിത്വത്തിന്റെയും ജാതിമേല്‍ക്കോയ്മയുടെയും കുടുമ. ഈ കുടുമയുടെയും തൊപ്പിയുടെയും മൂര്‍ധാവിലേക്ക് ആഴ്ന്നിറങ്ങിയ മലപ്പുറം കത്തി. താഴേക്കൊലിക്കുന്ന രക്തത്തില്‍ ബ്രിട്ടീഷുകാരന്റെ തോക്ക് തോറ്റുകിടക്കുന്നു.
'ദ ഫനാറ്റിക് '
ഫാസിസവും അതിലൂന്നിയ ഭരണകൂടങ്ങളും ഇവിടുത്തെ സര്‍വമത ജാതിയില്‍പ്പെട്ട ഓരോ സാധാരണക്കാരനെയും എങ്ങനെയൊക്കെ വേട്ടയാടുന്നുവെന്നും അതിന്റെ കരാളഹസ്തങ്ങള്‍ എത്രമാത്രം നമ്മുടെ കഴുത്ത് പിരിച്ചു കൊല്ലുന്നുവെന്നും 'ദ ഫനാറ്റിക് ' സുന്ദരമായി വെളിപ്പെടുത്തുന്നു. അതിലെല്ലാമുപരി രാജ്യത്തെ സവര്‍ണ വ്യവസ്ഥ എങ്ങനെയൊക്കെയാണു നമ്മുടെ ചിന്തകളിലേക്കും വാക്കുകളിലേക്കും ചൂണ്ടയിട്ടു പിടിക്കുന്നതെന്നും ചിത്രം കാട്ടിത്തരുന്നു.
'ദ ദ്രാവിഡ'
കേരളീയ സംസ്‌കാരത്തില്‍ ബുദ്ധമതം സ്വാധീനം ചെലുത്തിയതിനെ കുറിച്ചാണീ ചിത്രം പറയുന്നത്. പലയിടത്തും ബുദ്ധക്ഷേത്രങ്ങളും ബുദ്ധപ്രതിമകളും നിര്‍മിക്കപ്പെട്ടിരുന്നുവെന്നും കാലാന്തരങ്ങളില്‍ അവയ്ക്കു രൂപമാറ്റം സംഭവിക്കുകയും ബുദ്ധക്ഷേത്രങ്ങള്‍ ഹൈന്ദവക്ഷേത്രങ്ങളായി മാറുകയും ചെയ്തതെല്ലാം ബെന്‍ വളരെ സൂക്ഷ്മമായി ചിത്രണം ചെയ്തിരിക്കുന്നു. ഈ ചരിത്രത്തെയെല്ലാം സവര്‍ണ ഫാസിസം ഓര്‍മകളില്‍ പോലും അവശേഷിക്കാത്ത വിധം കുഴിച്ചുമൂടിയതിന്റെ പുതിയ വായനകളുടെയും ചര്‍ച്ചകളുടെയും കാലത്ത് ഇങ്ങനെയൊരു ചിത്രം ഏറെ പ്രസക്തമാകുന്നു.
'ശീല'
ബെന്നിന്റെ ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 'ശീല'. സംസ്‌കാരസമ്പന്നരെന്നും ആര്‍ഷഭാരത വക്താക്കളെന്നും സ്വയം മേനിപറയുന്നവര്‍ പെണ്ണിനെ മാറുമറക്കാന്‍ അനുവദിക്കാത്ത അവരുടെ പൂര്‍വകാലത്തെ കുറിച്ച് ഓര്‍മപ്പെടുത്തുന്നു ചിത്രം. പെണ്ണിനെ ഉപഭോഗവസ്തുമായി മാത്രം കണ്ടിരുന്നവര്‍ക്ക് ഏതു തരത്തിലുള്ള സംസ്‌കാരമാണ് അവകാശപ്പെടാനുള്ളതെന്ന ശക്തമായ ചോദ്യവും ഉന്നയിക്കുന്നു അത്. അതോടൊപ്പം അവര്‍ അസാംസ്‌കാരികത ചാര്‍ത്തിക്കൊടുത്ത ഇവിടത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ സാംസ്‌കാരിക ഔന്നത്യത്തെ കുറിച്ചുള്ള വലിയ ചിന്തയും പങ്കുവയ്ക്കുന്നു ചിത്രം. സമൂഹത്തിലെ ഉന്നതരെന്ന് അവകാശപ്പെടുന്നവരുടെ സ്ത്രീകള്‍ മാത്രമായിരുന്നില്ല അവരുടെ പുരുഷന്മാരും ബുദ്ധിശൂന്യതയുടെയും മനുഷ്യത്വരാഹിത്യത്തിന്റെയും നഗ്നതയിലായിരുന്നു കഴിഞ്ഞിരുന്നതെന്ന അപ്രിയസത്യവും ചിത്രം വിളിച്ചുപറയുന്നു.
'ഹോളി കാസ്റ്റ് '
ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ നിലനിന്നിരുന്ന ജാതി സമ്പ്രദായത്തിലേക്കു വിരല്‍ചൂണ്ടുന്നതാണ് 'ഹോളികാസ്റ്റ് '. മറ്റുമതങ്ങളില്‍നിന്ന് മതംമാറി ക്രിസ്ത്യാനിസത്തിലേക്കു വന്നവരെയും മറ്റ് അധസ്ഥിത വര്‍ഗങ്ങളെയും സഭയും പള്ളിയും എങ്ങനെയെല്ലാം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു, എങ്ങനെയൊക്കെ അവരുടെ ചിന്തകള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു എന്നതിലേക്കുള്ള ചൂണ്ടുവിരലാണു ചിത്രം.
'ഇടം'
കീഴാളന്റെ ഇടങ്ങളെ ഏതൊക്കെ രൂപത്തില്‍ മേലാളന്‍ കൈയേറിയിട്ടുണ്ടെന്നാണ് 'ഇടം' സംസാരിക്കുന്നത്. അവരുടെ ചുണ്ടുകള്‍ തുന്നിക്കെട്ടി കൈകള്‍ പിടിച്ചുവച്ച് നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ സംസാരിക്കാമെന്നും നിങ്ങള്‍ക്കു വേണ്ടി ഇന്‍ക്വിലാബ് വിളിക്കാന്‍ ഞങ്ങളില്ലേ എന്നുമുള്ള കല്‍പനയുടെയും പ്രലോഭനങ്ങളുടെയും പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കുന്നതാണ്, സമകാലിക വായന ആവശ്യപ്പെടുന്ന ഈ ചിത്രം.
'കറുപ്പ് '
വളരെ ശക്തമായ ഭാഷയില്‍ നമ്മോട് സംവദിക്കുന്നുണ്ട് ബെന്നിന്റെ 'കറുപ്പ് ' എന്ന ചിത്രം. ഓണം മലയാളിയെ ഗൃഹാതുരത്വത്തിലേക്കു കൊണ്ടുപോകുന്നു, ഒരുമയുടെ പാട്ടുംപാടി മാവേലി വരുന്നു എന്നൊക്കെയാണു പൊതുവെ എല്ലാവരും പാടിനടക്കുന്നത്. എന്നാല്‍ ഈ പറയുംപോലെ ഒരു തരത്തിലുള്ള ഗൃഹാതുരത്വവും ഓണം 'ഞങ്ങളി'ല്‍ ഉണര്‍ത്തുന്നില്ലെന്നും ഓണം 'ഞങ്ങള്‍ക്ക് ' അടിച്ചമര്‍ത്തലുകളെ കുറിച്ചുള്ള സ്മരണകളാണെന്നും ചിത്രം പ്രഖ്യാപിക്കുന്നു.
ഇങ്ങനെ തുടങ്ങി അതിശക്തമായ ഭാഷയില്‍ സംവദിക്കുന്ന ഒരുകൂട്ടം ചിത്രങ്ങളുമായി ബെന്‍ ജെ. ആന്ത്രയോസ് എന്ന യുവകലാകാരന്‍ പൊതുവ്യവഹാരങ്ങളില്‍ തന്നെ വേറിട്ടൊരു ഇടംകണ്ടെത്തിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."