ഏതു പാര്‍ട്ടി ഭരിച്ചാലും ജനാധിപത്യം ശക്തമാക്കണം: കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി
കാഞ്ഞങ്ങാട്: രാജ്യത്ത് ഏതു രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും ജനാധിപത്യം ശക്തമായിരിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. സ്വാതന്ത്ര്യത്തിന് ശേഷം സമര സേനാനികള്‍ എതു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാലും ഭാരതീയ ജനതാപാര്‍ട്ടി അവരെ ആദരിക്കുന്നു. അതാണ് ബി.ജെ.പിയെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതോടൊപ്പം നാം ഭാരതത്തിന്റെ പാരമ്പര്യവും മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്തവരെ കേന്ദ്രമന്ത്രി നേരിട്ടെത്തി ആദരിക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരക്ക് സേവന നികുതി ബില്‍ പാസാക്കിയതു വഴി രാജ്യത്തെ സമ്പത്തികരംഗം ഉന്നതിയിലേക്കെത്തിയതായും അദ്ദേഹം സൂചിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളായ കാഞ്ഞങ്ങാട്ടെ കെ മാധവന്‍, കെ.ആര്‍ കണ്ണന്‍, കെ.വി നാരായണന്‍, കര്‍ത്തമ്പു മേസ്ത്രി എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. 103 വയസ് പ്രായം കഴിഞ്ഞ കെ.മാധവനെ നെല്ലിക്കാട്ടെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചും, മറ്റുള്ളവരെ നഗരസഭ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വച്ചുമാണ് ആദരിച്ചത്. സംസ്ഥാന സമിതിയംഗം ശ്രീപത്മനാഭന്‍ കേന്ദ്ര മന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ചടങ്ങില്‍ അധ്യക്ഷനായി. ദേശീയ സമിതി അംഗങ്ങളായ മടിക്കൈ കമ്മാരന്‍, എം.സഞ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായിക്, സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.കെ കുട്ടന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്‍ ,പി.രമേശ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."