ട്രഷറി നിയന്ത്രണം: കമ്മിഷന് മുടങ്ങി; റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയില്‍
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് റേഷന്‍ വ്യാപാരികളെ വെട്ടിലാക്കി. റേഷന്‍ വിതരണ കമ്മിഷന് തുക ലഭിക്കാത്ത സ്ഥിതിയാണ്. വ്യാപാരികളുടെ കമ്മിഷന് അനുവദിച്ച് ഭക്ഷ്യവകുപ്പ് ട്രഷറികളിലേക്ക് ഉത്തരവ് നല്‍കിയെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതുകാരണം ട്രഷറികളില്‍ നിന്ന് തുക വിതരണം ചെയ്യുന്നില്ല.
കഴിഞ്ഞ ആറുമാസം വരെയുള്ള തുക കുടിശികയാണെന്ന് വ്യാപാരികള്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേതനം നല്കുന്നതുപോലെ തൊട്ടടുത്ത മാസം ആദ്യം തന്നെ തങ്ങള്‍ക്കുള്ള കമ്മിഷനും വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.
തുക ലഭിക്കാന്‍ ഇനിയും വൈകിയാല്‍ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലാണ് കടയുടമകള്‍.
ക്രിസ്മസിനു മുന്‍പ് തുക ലഭിച്ചില്ലെങ്കില്‍ ജനുവരി ഒന്നിന് സംസ്ഥാനത്തെ ജില്ലാ താലൂക്ക് ട്രഷറികള്‍ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്നും പരിഹാരമായില്ലെങ്കില്‍ ഫെബ്രുവരി മുതല്‍ ട്രഷറികള്‍ക്കു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്നും ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."