പച്ചക്കറിയില്‍ സംസ്ഥാനം ഉടന്‍ സ്വയംപര്യാപ്തമാകും: മുഖ്യമന്ത്രി
തൃശൂര്‍: സംസ്ഥാനം പച്ചക്കറിയില്‍ താമസിയാതെ സ്വയം പര്യാപ്തമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ ചെമ്പൂക്കാവ് അഗ്രിക്കള്‍ച്ചര്‍ കോംപ്ലക്‌സില്‍ തൃശൂര്‍ അഗ്രോ ഹൈപ്പര്‍ ബസാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് പച്ചക്കറി കയറ്റി അയച്ചാല്‍ മാത്രമേ സ്വയം സമ്പൂര്‍ണമാകുവെന്നും അദ്ദേഹം പറഞ്ഞു.
പുറത്ത് നിന്ന് നേരത്തെ വിഷ പച്ചക്കറികള്‍ എത്തിയിരുന്നു. ഇപ്പോഴും അതിന് പൂര്‍ണമായ മാറ്റമുണ്ടായിട്ടില്ല. പച്ചക്കറികള്‍ കേടുകൂടാതെ സംരക്ഷിക്കാനുളള വിപുലമായ സംവിധാനം സര്‍ക്കാര്‍ ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടുന്ന നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കും. ഇറക്കുമതികൊണ്ട് ചില കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വില ഇടിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് നാണ്യവിളകള്‍ക്കുണ്ടായ വില ഇടിവിനു കാരണം പലതരം അന്താരാഷ്ട്ര കരാറുകളാണ്. ഇത് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകണം. ഇത് പലപ്പോഴും ഈ രംഗത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികരംഗത്ത് ഇടനിലക്കാരുടെ തട്ടിപ്പും നടക്കുന്നുണ്ട്. ഇതിനെതിരേ വലിയ തോതില്‍ പദ്ധതികള്‍ തയാറാക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇടുക്കിയിലെ കാന്തല്ലൂര്‍, വട്ടവട എന്നിവിടങ്ങളിലെ ശീതകാല പച്ചക്കറികള്‍ക്കായി പ്രത്യേക സംവിധാനവും നെല്‍ക്കൃഷി വ്യാപിപ്പിക്കാന്‍ 'നമ്മുടെ നെല്ല് നമ്മുടെ അന്നം' പദ്ധതിയും തയാറാക്കിയിട്ടുണ്ട്. തരിശുഭൂമിയില്‍ കൃഷി ഇറക്കിയാണ് ഇത് നടത്തുക. ജനകീയ കൂട്ടായ്മ, കുടുംബശ്രീ, സന്നദ്ധ സംഘടനകളെല്ലാം ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഴവും മറ്റും ഉപയോഗിച്ച് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."