മത്സ്യത്തൊഴിലാളികളുടെ സുരക്ഷ:തുടര്‍ നടപടികള്‍ ചര്‍ച്ചയാകുന്നു
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് വിവിധ കോണുകളില്‍ ചര്‍ച്ചകള്‍ സജീവം. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാമെന്നതാണ് പ്രധാന വിഷയം.
രണ്ടര ലക്ഷത്തോളം പേര്‍ മത്സ്യബന്ധനത്തിന് പോകുന്നുവെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്. ഇവര്‍ എവിടേക്ക്, എങ്ങനെ പോകുന്നുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. ഓഖി രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ച ഘടകവും ഇതായിരുന്നു. ബോട്ടുകളില്‍ പോകുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ ബോട്ടുടമകളില്‍ പലര്‍ക്കും അറിയില്ല. തീരം കേന്ദ്രീകരിച്ച് ബോട്ടുകളും വള്ളങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള ലളിതമായ ക്രമീകരണങ്ങള്‍ അടിയന്തരാവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട്ടില്‍ ബോട്ടുകള്‍ക്കായി ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ നമ്പരിനുകീഴിലും ബോട്ടിന്റെയും അതില്‍ പോകുന്നവരുടെയും പേരുകള്‍ രേഖപ്പെടുത്തും. ഇത്തരം രീതികള്‍ പരിഗണിക്കാവുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ആശയവിനിമയത്തിന് 7268 റേഡിയോ ബീക്കണുകള്‍ നല്‍കിയിരുന്നു. ബീക്കണുകളും ഡിസ്ട്രസ് അലര്‍ട്ടുകളും ഉപയോഗിക്കുന്നതില്‍ തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്നാണ് ദുരന്ത നിവാരണ സമിതികളുടെ വിലയിരുത്തല്‍. ഇവ കര്‍ശനമായി ഉപയോഗിക്കുന്നതിന് തൊഴിലാളികളെ സജ്ജരാക്കണം. നിലവില്‍ ജി.പി.എസ് മാത്രമാണ് തൊഴിലാളികളുടെ പക്കലുള്ളത്. ദിശയറിയാം എന്നതിനപ്പുറത്ത് മറ്റു പ്രയോജനങ്ങളില്ല. കാറ്റിന്റെ ദിശയറിയാന്‍ സഹായിക്കുന്ന സംവിധാനങ്ങള്‍ ബോട്ടുകളിലും മറ്റും ഘടിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യനോഗ്രാഫിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കണമെന്ന ആവശ്യവുമുണ്ട്.
ഈ വര്‍ഷം ഏപ്രിലില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ സഹായകമാകുന്ന ഡാറ്റാബേസ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വികസിപ്പിച്ചിരുന്നു. തീരദേശ സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മീന്‍പിടിത്ത കേന്ദ്രങ്ങളുടെയും മീന്‍പിടിക്കാന്‍ അനുവദിക്കപ്പെട്ട ദൂരപരിധികളുടെയും ഭൂമിശാസ്ത്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അത്. കടല്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാവിക സേനയ്ക്ക് കൈമാറിയ ഈ വിവരസമാഹരണം മറ്റു ഏജന്‍സികള്‍ക്ക് കൂടി ലഭ്യമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തന നടപടികള്‍ വേഗത്തിലാക്കാന്‍ ഇതിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ നേരിട്ട മറ്റൊരു പ്രതിസന്ധി ഏകോപനമില്ലായ്മ ആയിരുന്നു. തൊഴിലാളികളെ കൂടി രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം തുടക്കത്തില്‍ നിരാകരിക്കപ്പെട്ടത് തിരിച്ചടിയായി. കടലിലെ മീന്‍പിടുത്ത മേഖലകള്‍ കൃത്യമായി അറിയുന്ന തൊഴിലാളികളെ ആദ്യദിനത്തില്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ മരണ സംഖ്യ കുറയ്ക്കാമായിരുന്നുവെന്ന് അഭിപ്രായമുണ്ട്. പ്രാദേശികമായി, തൊഴിലാളികളെ ഉള്‍പ്പെടുത്തി കര്‍മസേനകള്‍ രൂപീകരിച്ചാല്‍ ഇതു സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാനാകുമെന്ന് വിലയിരുത്തപ്പെടുന്നു. അടിയന്തിര സാഹചര്യങ്ങളിലും രക്ഷാപ്രവര്‍ത്തനം ആവശ്യമായി വരുന്ന ഘട്ടങ്ങളിലും കര്‍മസേനാംഗങ്ങളെ പ്രയോജനപ്പെടുത്താനാകും.
വള്ളങ്ങളുടെയും ബോട്ടുകളുടെയും മറ്റും നിലവാരം ഉറപ്പു വരുത്തേണ്ടതും അനിവാര്യമാണ്. മറൈന്‍ ആംബുലന്‍സ് പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കൊല്ലം, കൊച്ചി, കോഴിക്കോട് തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് മറൈന്‍ ആംബുലന്‍സ് കൊണ്ടുവരാനാണ് നീക്കം. എന്നാല്‍ ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഐ.എസ്.ആര്‍.ഒയുടെ സഹായത്തോടെ 1,500 കിലോമീറ്റര്‍ ദൂരപരിധിവരെ ആശയവിനിമയം സാധ്യമാക്കുന്ന ആധുനിക സംവിധാനം സജ്ജമാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. ഫെബ്രുവരിയോടെ 1,000 നാവിക് ഉപകരണങ്ങള്‍ സംസ്ഥാനത്തിനു ലഭിക്കുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."