22 ന് ജില്ലാ കേന്ദ്രങ്ങളില്‍ മുസ്‌ലിം ലീഗ് പ്രതിഷേധ റാലി
കോഴിക്കോട്: ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച് പ്രഖ്യാപനം നടത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിക്കുന്നതിന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്ത പ്രതിഷേധ ദിനം വന്‍വിജയമാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.
ജില്ലാ ആസ്ഥാനങ്ങളില്‍ ഡിസംബര്‍ 22ന് വെള്ളിയാഴ്ച പ്രതിഷേധ റാലി നടത്തുമെന്നും തങ്ങള്‍ പറഞ്ഞു. ലോകത്തിന്റെ മുഴുവന്‍ എതിര്‍പ്പുകളും അവഗണിച്ച് ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നയം ലോക സമാധാനം തകര്‍ക്കുന്നതിനും, ഭീകര പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകരുന്നതിനും മാത്രമേ ഉപകരിക്കൂ.
അറബ് വികാരം തള്ളിക്കൊണ്ട് ഏകപക്ഷീയമായി ഇസ്രാഈല്‍ രാഷ്ട്രത്തിന് പിറവി നല്‍കിയപ്പോള്‍ യു.എന്‍ ഒത്തുതീര്‍പ്പു പ്രകാരം യു.എന്നിനു കീഴില്‍ നിലനിര്‍ത്തിയ ജറൂസലമിനെ ഇസ്രാഈല്‍ അനധികൃതമായി പിടിച്ചടക്കുകയും ഇപ്പോള്‍ ട്രംപ് ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്യുക വഴി അമേരിക്ക ലോകത്തോട് യുദ്ധ പ്രഖ്യാപനമാണ് നടത്തിയത്.
അമേരിക്ക ഇസ്രാഈലിനെ വഴിവിട്ടു സഹായിച്ചിരുന്നെങ്കിലും ജറൂസലം തലസ്ഥാനമായി ലഭിക്കണമെന്ന ഇസ്രാഈലിന്റെ ആവശ്യത്തെ അംഗീകരിക്കാന്‍ ഇതുവരെയുള്ള അമേരിക്കന്‍ പ്രസിഡന്റുമാരാരും തയാറായിരുന്നില്ല.
എന്നാല്‍ ഇസ്രാഈലിന്റെ ഈ ആവശ്യം ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് അംഗീകരിച്ചുകൊടുത്ത ട്രംപ്, ലോക മനസാക്ഷിയെ ഞെട്ടിച്ചതായും തങ്ങള്‍ പറഞ്ഞു.
ഭീകര പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്ന ഈ ഭ്രാന്തന്‍ തീരുമാനത്തിനെതിരേ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണം. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസംബര്‍ 22 ന് വെള്ളിയാഴ്ച മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ റാലി വന്‍ വിജയമാക്കണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."