ജയലളിതയെ ചികിത്സക്കായി എത്തിക്കുമ്പോള്‍ ശ്വാസമില്ലായിരുന്നുവെന്ന് അപ്പോളോ ആശുപത്രി
ചെന്നൈ: മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ അവര്‍ക്ക് ശ്വാസം നിലച്ചിരുന്നതായി അപ്പോളോ ആശുപത്രിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22നായിരുന്നു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ അവര്‍ ഡിസംബര്‍ അഞ്ചിനാണ് മരിക്കുന്നത്.
ആശുപത്രിയില്‍ എത്തിച്ച ഉടനെ ശ്വാസം വീണ്ടെടുക്കാനുള്ള ചികിത്സ തുടങ്ങുകയും പിന്നീട് അവര്‍ക്ക് ശ്വസനം വീണ്ടെടുക്കാനായെന്നും അപ്പോളോ ആശുപത്രി വൈസ് ചെയര്‍പേഴ്‌സണ്‍ പ്രീത റെഡ്ഡി പറഞ്ഞു.
ജയയുടെ മരണം നടന്നിട്ട് ഒരുവര്‍ഷമായിട്ടും അവരുടെ അസുഖവും ചികിത്സയും മരണവും ഇപ്പോഴും ദുരൂഹമായി തുടരുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുണ്ടായത്. ആശുപത്രിക്ക് പറ്റാവുന്ന വിധത്തില്‍ മികച്ച ചികിത്സയാണ് അവര്‍ക്ക് നല്‍കിയത്. മരണം സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. അന്വേഷണ സംഘം രേഖകള്‍ പരിശോധിച്ചാല്‍ നിഗൂഢതയില്ലാതാകുമെന്നും വൈസ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്ക്കുമ്പോള്‍ ജയലളിത ബോധവതിയായിരുന്നോ എന്ന ചോദ്യത്തിന് ആ സമയം താനവിടെ ഉണ്ടായിരുന്നില്ലെന്ന് പ്രീത റെഡ്ഡി പറഞ്ഞു.
റിട്ട.ജഡ്ജ് എ. അറുമുഖസാമിയുടെ നേതൃത്വത്തിലുള്ള കമ്മിഷനെ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കമ്മിഷന്‍ അന്വേഷണം തുടരുന്നതിനിടയിലാണ് ആശുപത്രിയുടെ വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."