ജേക്കബ് സുമയ്ക്ക് പകരക്കാരനെ തേടി ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് പകരം പുതിയ പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസി(എ.എന്‍.സി)ല്‍ നീക്കം. നിലവിലെ ഡെപ്യൂട്ടി പ്രസിഡന്റ് സിറില്‍ രാമഫോസ, മുന്‍ കാബിനറ്റ് മന്ത്രിയും ജേക്കബ് സുമയുടെ മുന്‍ ഭാര്യയുമായ കൊസാസന ഡിലാമിനി സുമ എന്നിവരുടെ പേരുകളാണു പ്രധാനമായും സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.
വോട്ടിങ്ങിലൂടെയാണ് എ.എന്‍.സി പ്രസിഡന്റായി തെരഞ്ഞെടുക്കുക. പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ 2019ല്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജേക്കബ് സുമയ്ക്കു പകരം മത്സരിക്കാനും സാധ്യത കല്‍പിക്കപ്പെടുന്നുണ്ട്. അതേസമയം, അടുത്തിടെ ഉടലെടുത്ത പടലപ്പിണക്കങ്ങള്‍ തെരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിച്ചേക്കുമെന്നും ചില രാഷ്ട്രീയ നിരീക്ഷകര്‍ സൂചിപ്പിക്കുന്നുണ്ട്.
2009ല്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജേക്കബ് സുമയുടെ കാലാവധി അടുത്ത തെരഞ്ഞെടുപ്പോടെ അവസാനിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ രണ്ടു തവണ മാത്രം പ്രസിഡന്റ് പദവിയിലിരിക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ. അതോടൊപ്പം അടുത്തിടെയായി സുമയ്‌ക്കെതിരേ നിരവധി അഴിമതി ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജോഹന്നാസ്ബര്‍ഗില്‍ എ.എന്‍.സിയുടെ ചതുര്‍ദിന സമ്മേളനം ആരംഭിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന നേതാവിനു പിന്നില്‍ എല്ലാവരും ഉറച്ചുനില്‍ക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ ജേക്കബ് സുമ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."