കര്‍ണാടക മോഡലില്‍ ജൈവകൃഷിയുമായി ബഷീറിയന്‍ വിജയഗാഥ
അമ്പലവയല്‍: അമ്പലവയല്‍ പഞ്ചായത്തിലെ ആണ്ടൂര്‍ കാറളകത്ത് ബഷീര്‍ 15ാം വയസിലാണ് കൃഷി ആരംഭിക്കുന്നത്. മുഴുവന്‍ സമയ കര്‍ഷകനായിരുന്ന പിതാവിന്റെ മരണത്തോടെയായിരുന്നു ബഷീര്‍ കുടുംബം പുലര്‍ത്താനായി കൃഷിയിലേക്ക് ഇറങ്ങിയത്.
പച്ചക്കറി കൃഷിയാണ് പ്രധാനമായും ചെയ്യുന്നത്. കര്‍ണാടകയിലും വയനാട്ടിലുമായാണ് കൃഷി. ഇഞ്ചി കൃഷിക്കായാണ് കര്‍ണാടകയില്‍ എത്തുന്നത്.
കര്‍ണാടകയിലെ കൃഷിയില്‍ ലാഭവും നഷ്ടവും ഉണ്ടായെങ്കിലും ആ കൃഷി അവസാനിപ്പിക്കാന്‍ ബഷീറും സഹകര്‍ഷകര്‍ക്കും മനസ് വന്നില്ല. അങ്ങിനെ കര്‍ണാടക മോഡല്‍ കൃഷി ഒരോന്നായി വയനാട്ടില്‍ പരീക്ഷിക്കുകയാണ് ബഷീര്‍. ഇതൊക്കെ വിജയമായതും ബഷീറിന് ആവേശമായി.
തണ്ണിമത്തന്‍ കൃഷിയാണ് ഇതില്‍ പ്രധാനം. പലവട്ടം വിജയകരമായി തണ്ണിമത്തന്‍ കൃഷി നടത്തിയ ബഷീര്‍ ഇപ്പോള്‍ ആണ്ടൂരിലെ രണ്ട് ഏക്കര്‍ സ്ഥലത്താണ് തണ്ണിമത്തന്‍ കൃഷി ചെയ്യുന്നത്.
കാടുപിടിച്ചു കിടന്ന ഭൂമി വെട്ടിതെളിച്ചാണ് തണ്ണിമത്തന്‍ കൃഷിയിറക്കിയത്. കര്‍ണാടകയില്‍ നിന്നും വിത്ത് കൊണ്ട് വന്നാണ് കൃഷി ചെയ്യുന്നത്. നന്താരി ഇനത്തില്‍ പ്പെട്ട തണ്ണിമത്തനാണ് കൃഷി.
ജനുവരി അവസാനത്തോടെ തണ്ണിമത്തന്‍ വിളവെടുക്കാനാകും. തണ്ണിമത്തന് പുറമെ പച്ചക്കറികളും ബഷീര്‍ കൃഷി ചെയ്യുന്നുണ്ട്. തക്കാളി, പച്ചമുളക്, വഴുതന, കാന്താരിമുളക്, കാരറ്റ്, കാബേജ് തുടങ്ങി പതിനഞ്ചിലേറെ ഇനം പച്ചക്കറികളാണ് ബഷീറിന്റെ കൃഷിയിത്തിലുള്ളത്. സീറോ ബജറ്റ് ഫാമിംഗിനാണ് ബഷീര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ജൈവരീതിയില്‍ കൃഷി ചെയ്യുന്നതിനാല്‍ ബഷീറിന്റെ പച്ചക്കറികള്‍ക്ക് വന്‍ ഡിമാന്റാണ്. 2016ലെ വി.എഫ്.പി.സി.കെയുടെ ജില്ലയിലെ മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ് ബഷീറിനായിരുന്നു. ഇതേവര്‍ഷം തന്നെ അമ്പലവയല്‍ പഞ്ചായത്തിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."