ആധിപത്യം തുടരാന്‍ ഇന്ത്യ
കട്ടക്ക്: പരിമിത ഓവര്‍ ക്രിക്കറ്റിലെ ആധിപത്യം തുടരാന്‍ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരായ ഒന്നാം ടി20 പോരാട്ടത്തിനിറങ്ങും. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ടെസ്റ്റ്, ഏകദിന പരമ്പര നേട്ടങ്ങള്‍ക്ക് പിന്നാലെയാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിനായി ഇന്ത്യ കട്ടക്കില്‍ ഇറങ്ങുന്നത്. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ നയിച്ച ഇന്ത്യന്‍ സംഘം ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി മികച്ച ഫോമിലാണ്.
ആദ്യ മത്സരം തോറ്റ ശേഷം തുടരെ രണ്ട് മത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ കരുത്ത് കാട്ടിയത്. ശ്രീലങ്കന്‍ പര്യടനത്തില്‍ അവരെ ടെസ്റ്റ്, ഏകദിന, ടി20 പോരാട്ടങ്ങളില്‍ വീഴ്ത്തിയത് ഇവിടെയും ആവര്‍ത്തിക്കാനായാല്‍ സമീപ ഭാവിയിലെ അപരാജിത മുന്നേറ്റം തുടരാനും ഒപ്പം അടുത്ത് നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള മുന്നൊരുക്കമായും അത് മാറും.
ബാറ്റിങിലും ബൗളിങിലും സന്തുലിതമാണ് ടീം ഇന്ത്യ. രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, ധോണി എന്നിവര്‍ മികച്ച ഫോമിലാണ് ബാറ്റ് ചെയ്യുന്നത്. ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുലാകും രോഹിതിനൊപ്പം ഓപണിങില്‍ ഇറങ്ങുക. കഴിഞ്ഞ രണ്ട് ഏകദിന പോരാട്ടങ്ങളിലും അര്‍ധ സെഞ്ച്വറി നേടി ശ്രേയസ് അയ്യര്‍ തന്റെ പ്രതിഭയോട് നീതി പുലര്‍ത്തിയതാണ് ഇന്ത്യയെ സംബന്ധിച്ച് ബോണസ് പോയിന്റ്. ബൗളര്‍മാരില്‍ കുല്‍ദീപ് യാദവ്- യുസ്‌വേന്ദ്ര ചഹല്‍ ദ്വയം ക്ലച്ച് പിടിച്ചതും ഇന്ത്യക്ക് നേട്ടമാണ്. അവസാന ഏകദിനത്തില്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഇരുവരും ചേര്‍ന്ന് ലങ്കന്‍ ബാറ്റിങിനെ പിച്ചിചീന്തിയിരുന്നു. ഈ രണ്ട് ബൗളര്‍മാരുടേയും വൈവിധ്യമാര്‍ന്ന പന്തുകള്‍ നേരിടുന്നതില്‍ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെടുന്നത് ഇന്ത്യക്ക് നേട്ടമാണ്.
ഭുവനേശ്വര്‍ കുമാറിന് വിശ്രമം അനുവദിച്ചതിനാല്‍ പേസ് ബൗളിങ് ചുമതല ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റ് ജസ്പ്രിത് ബുമ്‌റയ്ക്കാണ്. മലയാളി താരം ബേസില്‍ തമ്പി ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതയുണ്ട്. തമ്പിക്കൊപ്പം ജയദേവ് ഉനദ്കട്, മുഹമ്മദ് സിറാജ് എന്നിവരും ടീമിലുണ്ട്. ഈ മൂന്ന് പേരില്‍ ഒരാള്‍ക്ക് ഇന്ന് അവസരം ലഭിക്കും. ഗുജറാത്ത് ലയണ്‍സിനായി മിന്നും പ്രകടനം കഴിഞ്ഞ ഐ.പി.എല്ലില്‍ പുറത്തെടുത്ത താരമാണ് ബേസില്‍ തമ്പി. യോര്‍ക്കറുകള്‍ എറിയാനുള്ള വൈദഗ്ധ്യവും സ്ഥിരതയും തമ്പിയെ ഫേവറിറ്റാക്കി നിര്‍ത്തുന്നുണ്ട്.
ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ തകര്‍ത്ത ലങ്കയ്ക്ക് പിന്നീട് രണ്ട് മത്സരങ്ങളിലും തിളങ്ങാന്‍ സാധിച്ചില്ല. സമീപ കാലത്ത് അവര്‍ പ്രതാപ കാലത്തിന്റെ നിഴലിലുള്ള ടീമായാണ് മൈതാനത്ത് മത്സരിക്കുന്നത്. സ്ഥിരതയില്ലായ്മയും ടീമിന്റെ അസന്തുലിതമായ ഘടനകളും അടിക്കടി നായകന്‍മാരെ മാറി മാറി പരീക്ഷിക്കുന്നതുമെല്ലാം ടീമിന് ബാധിച്ച പ്രശ്‌നങ്ങളെ എടുത്തുകാണിക്കുന്നു. തിസര പെരേര നയിക്കുന്ന ടീമിലേക്ക് പരിമിത ഓവര്‍ സ്‌പെഷലിസ്റ്റും മികച്ച പേസറുമായി ലസിത് മലിംഗയെ പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ടി20 ഫോര്‍മാറ്റില്‍ കാര്യമായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള താരമായിരുന്നു മലിംഗ. മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടി മികവ് അടയാളപ്പെടുത്തിയതും അവസാന ഏകദിനത്തില്‍ സെഞ്ച്വറിക്ക് തൊട്ടടുത്ത് വരെയെത്തി ഫോമിലേക്ക് മടങ്ങിയെത്തിയ ഉപുല്‍ തരംഗയുടെ മികവും ലങ്കയ്ക്ക് ആശ്വാസം നല്‍കുന്നുണ്ട്. മികവിലേക്കെത്താത്ത ബൗളിങ് നിരയുടെ സാന്നിധ്യമാണ് ലങ്കയെ കാര്യമായി അലട്ടുന്ന പ്രശ്‌നം. ഒന്നാം ഏകദിനത്തില്‍ മികവിന്റെ ഉന്നതിയിലേക്ക് പോയ ബൗളിങ് പടയ്ക്ക് പിന്നീടുള്ള രണ്ട് പോരാട്ടത്തിലും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ലങ്കയെ നിസാരരായി കാണാന്‍ ഇന്ത്യ ഒരുങ്ങില്ലെന്ന് ഉറപ്പ്.
മുന്നേറ്റം തുടരാന്‍ ഇന്ത്യയും മികവിലേക്ക് മടങ്ങിയെത്തി ടി20 പരമ്പരയെങ്കിലും സ്വന്തമാക്കി ആശ്വസിക്കാന്‍ ലങ്കയും ഒരുങ്ങുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമാകുന്ന മറ്റൊരു പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.
സാധ്യതാ ടീം: ഇന്ത്യ- രോഹിത് ശര്‍മ (നായകന്‍), കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, എം.എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, (ഉനദ്കട്, സിറാജ്, ബേസില്‍ തമ്പി), ജസ്പ്രിത് ബുമ്‌റ, യുസ്‌വേന്ദ്ര ചഹല്‍.
ശ്രീലങ്ക- തിസര പെരേര (ക്യാപ്റ്റന്‍), ഗുണതിലക, തരംഗ, സമരവിക്രമ, കുശാല്‍ പെരേര, ആഞ്ചലോ മാത്യൂസ്, ഡിക്ക്‌വെല്ല, ഗുണരത്‌നെ, സചിത് പതിരന, അഖില ധനഞ്ജയ, ചമീര, നുവാന്‍ പ്രദീപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."