മന്ത്രിസഭാ യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നതുകൊണ്ടു മാത്രം കൂട്ടുത്തരവാദിത്തം നഷ്ടമാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: മന്ത്രിസഭാ യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നതുകൊണ്ടു മാത്രം കൂട്ടുത്തരവാദിത്തം നഷ്ടമാവില്ലെന്ന് ഹൈക്കോടതി. നവംബര്‍ 15 ന് മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നതോടെ മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും ഇവരെ പുറത്താക്കാത്ത മുഖ്യമന്ത്രിയെ തുടരാന്‍ അനുവദിക്കരുതെന്നുമുള്ള ഹരജി തള്ളിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രിസഭാ തീരുമാനത്തെ എതിര്‍ക്കണമെങ്കില്‍ രാജിവയ്ക്കുകയാണ് ഏക പോംവഴി. ഒരു മന്ത്രി തെറ്റ് ചെയ്താല്‍ അദ്ദേഹത്തിന്റെ രാജിയാണ് വേണ്ടത്. ഒരു മന്ത്രിയുടെ തെറ്റിന് സര്‍ക്കാരിനെ താഴെയിറക്കാനാവില്ല. മന്ത്രിസഭാ തീരുമാനങ്ങളെ അകത്തും പുറത്തും പിന്തുണയ്ക്കാന്‍ മന്ത്രിമാര്‍ക്ക് ബാധ്യതയുണ്ട്. തോമസ് ചാണ്ടിയുടെ കേസില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും മന്ത്രിസഭക്ക് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍ ഇതംഗീകരിക്കാന്‍ കഴിയില്ലെന്നു കോടതി പറഞ്ഞു. റവന്യൂ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ തോമസ് ചാണ്ടിയുടെ കേസില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരേ മന്ത്രിയായിരിക്കെ തോമസ് ചാണ്ടിക്ക് ഹരജി നല്‍കാനാവില്ലെന്നാണ് ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ നിഗമനമില്ല.
നാല് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്നത് കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്ന് ഹരജിയില്‍ പറയുന്നു. മന്ത്രിസഭായോഗ തീരുമാനങ്ങളെ തള്ളിപ്പറയുകയോ എതിര്‍ക്കുകയോ ചെയ്യുന്നത് കൂട്ടുത്തരവാദിത്തം ഇല്ലാതാക്കും. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതു കൊണ്ടുമാത്രം കൂട്ടുത്തരവാദിത്തം നഷ്ടമാകുന്നില്ല. മന്ത്രിമാരെയോ മന്ത്രിസഭയെയോ പുറത്താക്കാന്‍ ഇതു മതിയായ കാരണമല്ല. വിട്ടുനിന്നവര്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങളെ എതിര്‍ക്കുകയോ തള്ളിപ്പറയുകയോ ചെയ്തതായി ആക്ഷേപമില്ല. ആ നിലയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാറും തിരുവനന്തപുരം നേമം സ്വദേശിയുമായ ആര്‍.എസ് ശശികുമാറാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."