ഫാസിസത്തിനെതിരേ യോജിച്ച പോരാട്ടത്തിന് ആഹ്വാനം ചെയ്ത് ഏകതാ സംഗമം
ഹിദായ നഗര്‍(ചെമ്മാട്): രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിനെതിരേ യോജിച്ച പോരാട്ടത്തിന്ആഹ്വാനം ചെയ്ത് ഏകതാസംഗമം. ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംഗമം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാസിസത്തിന്റെ അഴിഞ്ഞാട്ടമാണ്. അതിനെ ചെറുക്കുന്നതില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളും ദലിത് പിന്നോക്ക വിഭാഗങ്ങളും മതേതരത്വ ജനാധിപത്യ വിശ്വാസികളും ഒന്നിക്കേണ്ടത് അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. എം.എം മുഹ്‌യുദ്ദീന്‍ മൗലവി ആലുവ അധ്യക്ഷനായി.
ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം ചിതറിപ്പോകുന്നതാണ് ഫാസിസത്തിന്റെ വളര്‍ച്ചക്ക് ഹേതുവാകുന്നതെന്ന് സംഗമം അഭിപ്രായപ്പെട്ടു. സാംസ്‌കാരികവും മതകീയവും വിദ്യാഭ്യാസപരവുമായ മേഖലകളിലെല്ലാം ഇടപെടലുകള്‍ നടത്തുന്ന ഫാസിസത്തെ പ്രതിരോധിക്കുന്നതില്‍ പുതിയ രീതികള്‍ ആവിഷ്‌കരിച്ചു ഐകകണ്‌ഠേന നീങ്ങേണ്ടതുണ്ട്. മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുള്ള രാഷ്ട്രീയനീക്കങ്ങളിലാണ് പുതിയ പ്രതീക്ഷകളെന്ന് ഏകതാസംഗമം അഭിപ്രായപ്പെട്ടു. കെ.എം ഷാജി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, പി. ഉബൈദുല്ല, അഡ്വ. ശംസുദ്ദീന്‍ എന്നിവരും ഓണംപിള്ളി മുഹമ്മദ് ഫൈസി, എ. സജീവന്‍, സി.പി സൈദലവി, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ എ.പി അബ്ദുല്‍വഹാബ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷണന്‍, കെ.പി അബ്ദുല്‍ മജീദ്, കൃഷ്ണന്‍ കോട്ടുമല തുടങ്ങിയവരും സംസാരിച്ചു. ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ സ്വാഗതവും പി.കെ അബ്ദുന്നാസ്വിര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."