'സി.പി.എം കാപട്യം അവസാനിപ്പിക്കണം': ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി
മനാമ: ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം സ്വീകരിക്കുന്നത് കാപട്യവും വഞ്ചനയും നിറഞ്ഞ നിലപാടുകളാണെന്നും അത് അവര്‍ അവസാനിപ്പിക്കണമെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എം.പിയുമായ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ബഹ്‌റൈനില്‍ അഭിപ്രായപ്പെട്ടു.
പാര്‍ലിമെന്റ് അംഗമായ ശേഷം ആദ്യമായി ബഹ്‌റൈനില്‍ എത്തിയ അദ്ദേഹം ഇവിടെ മാധ്യമങ്ങള്‍ക്കനുവദിച്ച അഭിമുഖത്തിലാണ് ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ചത്. ബഹ്‌റൈന്‍ കെ.എം.സി.സി സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ബഹ്‌റൈനിലെത്തിയത്.
ദേശീയ തലത്തില്‍ ഇടതുപക്ഷത്തിനു മാത്രമായി ഒരു ബദലും വളര്‍ത്താന്‍ കഴിയില്ല. ഈ യാഥാര്‍ഥ്യം അവര്‍ ഉള്‍ക്കൊള്ളണം. ഫാസിസ്റ്റു ഭീഷണി തിരിച്ചറിയാതെ ഇപ്പോഴും വഞ്ചനാ പരമായ സമീപനം സ്വീകരിക്കുകയാണ് സി പി എം. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമല്ലാത്ത സി പി എം തങ്ങളുടെ കാപട്യം ഇനിയെങ്കിലും ഉപേക്ഷിക്കാന്‍ തയ്യാറാവണം. വിവിധ സംസ്ഥാനങ്ങളില്‍ പരസ്പരം പോരടിക്കുന്ന മതേതര കക്ഷികളെ ഒന്നിപ്പിക്കാനും ഫാസിസ്റ്റുകള്‍ക്കെതിരെ അണിനിരത്താനും കോണ്‍ഗ്രസ്സിനു മാത്രമേ സാധിക്കൂ എന്ന കാര്യം അവര്‍ തിരിച്ചറിയണം. അതല്ലാത്ത നിലപാടുകളെല്ലാം യഥാര്‍ത്ഥത്തില്‍ സംഘ്പരിവാറുകള്‍ക്കാണ് ഗുണം ചെയ്യുന്നത്. ഇത് കാപട്യവും മതേതര വിശ്വാസികളോട് ചെയ്യുന്ന വഞ്ചനയുമാണെന്നും അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെ ഭരണം ഫാസിസ്റ്റുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണിപ്പോള്‍ മുന്നോട്ടു പോകുന്നത്. വികസനം നിശ്ചലമായിരിക്കുന്നു. പ്രവര്‍ത്തിക്കാത്ത സര്‍ക്കാറാണു കേരളം ഭരിക്കുന്നത്.
കേരളം കണ്ട ഏറ്റവും മികച്ച ഭരണമായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. എല്ലാ മേഖലയിലും വികസനം കൊണ്ടു വന്ന ആ സര്‍ക്കാറിനെ നീക്കി പകരം വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തിന്റെ മുന്നേറ്റത്തെ തകര്‍ക്കുകയാണു ചെയ്യുന്നത്.
കോണ്‍ഗ്രസ്സിനെ തളര്‍ത്തി ബി ജെ പിയെ അധികാരത്തിലെത്തിക്കാന്‍ ഉപയോഗിച്ച ടു ജി സ്‌പെക്ട്രം കേസ് പൊള്ളയായിരുന്നുവെന്നു വ്യക്തമായി. ഊതി വീര്‍പ്പിച്ചതായിരുന്നു ഇത്തരം അഴിമതിക്കഥകള്‍ എന്നാണു വ്യക്തമാവുന്നത്. അണ്ണാ ഹസ്സാരെയെ പോലുള്ളവര്‍ രംഗത്തിറങ്ങി സൃഷ്ടിച്ച വികാരം മുതലാക്കിയാണ് ബി ജെ പി അധികാരത്തിലെത്തിയത്.
ഫലസ്തീന്‍ വിഷയത്തില്‍ എന്നും അനുഭാവപൂര്‍ണമായ നിലപാടു സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനു (പി എല്‍ ഒ) മായി ശക്തമായ ബന്ധം നിലനിര്‍ത്തിയ രാഷ്ട്രമാണ് ഇന്ത്യ. എന്നാല്‍ ഇപ്പോഴുണ്ടായിട്ടുള്ള സംഭവ വികാസങ്ങളില്‍ നിലപാടു സ്വീകരിക്കാത്ത സമീപനത്തിനെതിരെ, ഫലസ്തീന്‍ അനുകൂല ശബ്ദം പാര്‍ലിമെന്റിലുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
പിറന്ന മണ്ണിനെകുറിച്ചുള്ള ഫലസ്തീന്‍ ജനയുടെ പ്രതീക്ഷയെ തകര്‍ത്തുകൊണ്ട്, ഇസ്രായേല്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന അമേരിക്കന്‍ നയത്തിനെതിരെ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രസ്ഥാനമാണു മുസ്‌ലിം ലീഗ്. കോഴിക്കോട് ഇതു സംബന്ധിച്ച വലിയ സമ്മേളനം പാര്‍ട്ടി സംഘടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുത്തത് മതേതര ചേരിയില്‍ പുതിയ ഉണര്‍വിനു കാരണമായിട്ടുണ്ട്. അദ്ദേഹത്തിന്റെ യുവത്വവും പ്രസരിപ്പും കോണ്‍ഗ്രസിനു പുതിയ ഉന്മേഷം പകരുന്നതാണ്.
ബി ജെ പി ഉയര്‍ത്തുന്ന വര്‍ഗീയ, ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ഗുജറാത്ത് തെരഞ്ഞെടുപ്പ് ശക്തമായ സൂചനയാണു നല്‍കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി കോണ്‍ഗ്രസ്സ് മുന്നോട്ടു പോയാല്‍ ബിജെപിയെ അധികാരത്തില്‍ നിന്നു പുറന്തള്ളാന്‍ അനായാസേന സാധ്യമാണെന്നതുറപ്പാണ്.
കോണ്‍ഗ്രസിനെ മുന്‍ നിര്‍ത്തിയുള്ള ഒരുമുന്നേറ്റത്തിനു മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂകയുള്ളൂ. ഗുജറാത്തില്‍ ബിജെപി അധികാരത്തില്‍ വന്നെങ്കിലും അവര്‍ക്കു രണ്ടക്കം തികക്കാന്‍ കഴിഞ്ഞില്ലെന്നത് ബിജെപി യുടെ ഗ്രാഫ് താഴോട്ടു പോവുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഗ്രാമപ്രദേശങ്ങള്‍ ബിജെപിയെ കൈയൊഴിയുന്ന കാഴ്ചയാണു കാണുന്നത്. നഗരങ്ങളുടെ പിന്‍തുണ കൊണ്ടാണ് അവര്‍ അധികാരത്തില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പു ഫലം മതേതര ചേരിക്കു ശക്തമായ പ്രതീക്ഷയാണു നല്‍കുന്നത്.
മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കൂട്ടിയോജിപ്പിക്കാനും അവര്‍ക്കിടയില്‍ ആശയ വിനിമയം സൃഷ്ടിക്കാനും കഴിയുന്ന പ്രസ്ഥാനം കോണ്‍ഗ്രസാണ്.
ദേശീയ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷ- ദലിത് ഐക്യത്തിനായുള്ള ശക്തമായ ശ്രമങ്ങളുമായാണു മുസ്‌ലിം ലീഗ് മുന്നോട്ടു പോവുന്നത്. ഉത്തരേന്ത്യയില്‍ പരിതാപകരമായ മുസ്‌ലിം ജീവിതത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പമാണു മുസ്‌ലിം ലീഗ് രാഷ്ട്രീയം പ്രവര്‍ത്തനം നടത്തുന്നത്. യുത്ത് ലീഗും എംഎസ്എഫും എസ്ടിയുവും വനിതാലീഗും എല്ലാം ഉത്തരേന്ത്യയിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ സാമൂഹിക സംഘടനകളുമായി ചേര്‍ന്നു കൊണ്ടു പാര്‍ട്ടി പ്രവര്‍ത്തിക്കുന്നു. ഒരു ബഹുസ്വര സമൂഹത്തില്‍ എങ്ങനെയാണു ന്യൂനപക്ഷ രാഷ്ട്രീയം പ്രവര്‍ത്തിക്കേണ്ടതെന്നതിനു മുസ്‌ലിം ലീഗ് കേരളത്തില്‍ സൃഷ്ടിച്ച ഒരു മാതൃകയുണ്ട്. ഈ മാതൃകയെ അടിസ്ഥാനമാക്കിയാണ് ഉത്തരേന്ത്യയില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്. വര്‍ഗീയ കാലപങ്ങള്‍ക്കിരയാകുന്ന ന്യൂനപക്ഷങ്ങളേയും ദലിതുകളേയും ഒരുമിപ്പിച്ചു നിര്‍ത്തി മതേതര ചേരിയുടെ ഭാഗമാക്കി മാറ്റാനുള്ള രാഷ്ട്രീയ ദൗത്യമാണ് ഉത്തരേന്ത്യയില്‍ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."