ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ നിയമനത്തില്‍ സ്വജനപക്ഷപാതം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരളാ സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ (കെ.എസ്.ഐ.ടി.ഐ.എല്‍) നിയമന അഴിമതിയെന്ന് ആക്ഷേപം. ഫിനാന്‍സ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം. ഈ തസ്തികയില്‍ നിലവിലെ കരാറുകാരിയെ നിലനിര്‍ത്താനായി പുതിയ നിയമനം നടത്തുന്നില്ലെന്നാണ് പരാതി. ഇവരെ മാറ്റി പുതിയ നിയമനം ഉടന്‍ നടത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെന്നും അറിയുന്നു.
ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയിലെ ഫിനാന്‍സ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കഴിഞ്ഞ ജൂണിലാണ് അപേക്ഷകള്‍ ക്ഷണിച്ചത്. അപേക്ഷകര്‍ക്ക് മെയ് 30ന് 30 വയസ് കവിയരുതെന്ന് നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിരുന്നു. അപേക്ഷകരില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഏഴുപേരെ സെപ്റ്റംബര്‍ 23ന് കൂടിക്കാഴ്ചക്കും ക്ഷണിച്ചു.
ഇതില്‍ വര്‍ഷങ്ങളായി ഈ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തുവന്ന യുവതിയും ഉണ്ടായിരുന്നു. രേഖകള്‍ പ്രകാരം ഇവരുടെ വയസ് 33 ആണ്. ആറുപേര്‍ പങ്കെടുത്തതില്‍ രണ്ടാളുകള്‍ ചുരുക്കപ്പട്ടികയിലിടം നേടി.
എന്നാല്‍, ഇന്റര്‍വ്യൂ കഴിഞ്ഞ് മൂന്നുമാസമായിട്ടും റാങ്കുപട്ടിക പ്രസിദ്ധീകരിക്കുകയോ നിയമനം നടത്തുകയോ ചെയ്തിട്ടില്ല. ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കി കരാറുകാരിയെ അനധികൃതമായി നിയമിക്കാന്‍ നീക്കം നടത്തിയത് വിവാദമായിരുന്നു.
നിലവിലെ കരാറുകാരിയുടെ കാലാവധി കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. പുതിയ നിയമനത്തിനുള്ള കാലതാമാസം നിമിത്തം ആറുമാസത്തേക്ക് കൂടി ഇവര്‍ക്ക് കാലാവധി നീട്ടി നല്‍കി. ഇക്കാലയളവിലും നിയമനം നടക്കാത്തതിനാല്‍ കരാര്‍ വീണ്ടും മൂന്നുമാസത്തേക്കു കൂടി നീട്ടി. നീട്ടിക്കൊടുത്ത കരാര്‍ കാലാവധി അടുത്ത വര്‍ഷം ജനുവരി നാലിന് അവസാനിക്കുകയാണ്. കരാര്‍ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയായിട്ടും ഇതുവരെ നിയമനം നടത്തിയിട്ടില്ല.
ഇവര്‍ക്ക് ഇനിയും കാലാവധി നീട്ടിനല്‍കാനാണ് നിയമനം വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം. നിലവിലെ റാങ്കുപട്ടിക റദ്ദാക്കി പ്രായപരിധി ഉയര്‍ത്തിയ പുതിയ വിജ്ഞാപനത്തിലൂടെ കാരാറുകാരിയെ തന്നെ നിയമിക്കാന്‍ കളമൊരുങ്ങുന്നതായും വിവരമുണ്ട്. ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ഥികളിലൊരാളായ ശരത് ചന്ദ്രബാബു മുഖ്യമന്ത്രിക്കും വിജിലന്‍സിനും പ്രതിപക്ഷനേതാവിനും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."