അജ്ഞത അവകാശനിഷേധത്തിന് കാരണമാകുന്നു: ഹൈദരലി തങ്ങള്‍
ഹിദായനഗര്‍: പൗരസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും എല്ലാ പൗരന്മാര്‍ക്കും നമ്മുടെ ഭരണഘടനയും സംവിധാനങ്ങളും ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അജ്ഞത മൂലം തങ്ങളുടെ അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാനോ ചോദിച്ചുവാങ്ങാനോ കഴിയാത്ത അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ബിരുദദാന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. രാജ്യത്തെ പിന്നോക്ക വിഭാഗങ്ങള്‍ വൈജ്ഞാനികമായി അനുഭവിക്കുന്ന അരക്ഷിതാവസ്ഥയാണ് അവര്‍ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഹേതുവാകുന്നതെന്നും തങ്ങള്‍ പറഞ്ഞു.
കേരളത്തിന് സാധ്യമാക്കിയ വൈജ്ഞാനിക മുന്നേറ്റം കേരളേതര സംസ്ഥാനങ്ങളിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്ത ദാറുല്‍ഹുദയുടെയും അതിന്റെ സന്തതികളായ ഹുദവി പണ്ഡിതരുടെയും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.സീമാന്ധ്ര, ബംഗാള്‍, ആസാം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദാറുല്‍ഹുദാ നടപ്പാക്കുന്ന വൈജ്ഞാനിക ദൗത്യങ്ങള്‍ എടുത്തുപറയേണ്ടതാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കടന്നുചെല്ലാന്‍ ദാറുല്‍ഹുദാ തയാറെടുത്തു കഴിഞ്ഞുവെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും തങ്ങള്‍ പറഞ്ഞു.
സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായി കടുത്ത വിവേചനങ്ങള്‍ക്കും നീതിനിഷേധങ്ങള്‍ക്കും വിധേയമായി പരിതാപകരമായ അവസ്ഥാവിശേഷങ്ങളില്‍ കഴിയുന്ന മുസ്‌ലിം സമൂഹത്തിന് നവോത്ഥാനം സാധ്യമാക്കാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈകീട്ട് ഏഴിന് തുടങ്ങിയ സമാപന സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ബഹ്‌റൈനിലെ ശരീഅ കോടതി ചീഫ് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമി അല്‍ ഫള്ല്‍ അദ്ദൗസരി, ബഹ്‌റൈനിലെ കിങ്ഡം യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. യൂസുഫ് അബ്ദുല്‍ ഗഫാര്‍, വിദ്യാഭ്യാസ വകുപ്പ് പ്രൊജക്ട് ഓഫിസര്‍ ഡോ. ഫുആദ് അബ്ദുര്‍റഹ്്മാന്‍, ഇന്ത്യയിലെ മൊറോക്കോ എംബസി കോണ്‍സുല്‍ ജനറല്‍ ഡോ. അഹ്മദ് ബിന്‍ ഉസ്മാന്‍, എന്‍ജിനീയര്‍ മുഹമ്മദ് യൂസുഫ് അബ്ദുല്‍ ഗഫാര്‍ ബഹറൈന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.
സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണവും നടത്തി. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍,സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍,എം.എ ഖാസിം മുസ്‌ലിയാര്‍ ഉപ്പള, മൂസക്കുട്ടി ഹസ്രത്ത്,വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എ.വി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, യു.എം അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, വി.കെ ഇബ്‌റാഹീം കുഞ്ഞ് എം,എല്‍.എ, ടി.വി ഇബ്‌റാഹീം എം.എല്‍.എ,അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ ഹുദവി ആക്കോട് എന്നിവര്‍ പ്രസംഗിച്ചു. ദാറുല്‍ഹുദാ സെക്രട്ടറി ഹാജി യു. മുഹമ്മദ് ശാഫി ചെമ്മാട് സ്വാഗതവും ശംസുദ്ദീന്‍ ഹാജി വെളിമുക്ക് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."