ബഹ്‌റൈന്‍ കെ.എം.സി.സി ദേശീയ ദിനാഘോഷ പരിപാടികള്‍ സമാപിച്ചു
മനാമ : ബഹ്‌റൈന്‍ കെ എം സി സി സംഘടിപ്പിച്ച നാല്‍പത്തിയാറാമത് ദേശീയ ദിനാഘോഷ പരിപാടികള്‍ സമാപിച്ചു. ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തവും ഊഷ്മളമാണെന്നും അത് ഏറെ ഉയരങ്ങളിലേക്കു കൊണ്ടുപോവാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ രാജ്യത്തോടും ഇവിടുത്തെ ഭരണകര്‍ത്താര്‍ക്കളോടും പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുന്നതായി വേദിയില്‍ സന്നിഹിതരായിരുന്ന ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗങ്ങളെ സാക്ഷിയാക്കി അദ്ദേഹം പ്രഖ്യാപിച്ചു.
ലോകം മുഴുവന്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് അഭയാര്‍ഥികളുടേത്. എന്നാല്‍ ബഹ്‌റൈനിലേക്കു തൊഴില്‍ തേടി എത്തുന്നവരെ അത് ഏതു രാജ്യക്കാരായിരുന്നാലും ശരി ബഹ്‌റൈനിലുള്ളവര്‍ തങ്ങളുടെ സഹോദരി സഹോദരന്മാരായിട്ടാണു കരുതുന്നത്. കേരളീയരുടെ സത്യ സന്ധതയെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചും ബഹ്‌റൈന്‍ അധികൃതര്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ തനിക്ക് അഭിമാനമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാം ജീവിച്ചുപോരുന്ന ഈ നാടിന്റെ നന്മയ്ക്കു വേണ്ടി പ്രാര്‍ഥിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള ബാധ്യത നമുക്കുണ്ട്. അത് പ്രവാസികള്‍ കൃത്യമായി നിര്‍വഹിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. കെ എം സി സി യുടെ പ്രവര്‍ത്തകരോട് അവര്‍ ചെയ്യുന്ന കാര്യങ്ങളുടെ പേരില്‍ ഒരു അഭിവാദ്യത്തിന്റെ വാക് പറഞ്ഞു നിര്‍ത്താന്‍ കഴിയില്ല. കെ എം സി സി യെ നിങ്ങള്‍ ഒരു വലിയ പ്രസ്ഥാനമാക്കി മാറ്റി. കിട്ടുന്ന ഒരു ജീവിത മാര്‍ഗത്തില്‍ നിന്ന് ഒരംശം മാറ്റിവച്ചു ജനസേവനത്തിറങ്ങുന്ന മറ്റൊരു പ്രസ്ഥാനം ഈ ഭൂമുഖത്തു വേറെയുണ്ടാവില്ല .അത്രയ്ക്ക് ശക്തമായ പ്രവര്‍ത്തനമാണ് കെ എം സി സി ചെയ്തു കൊണ്ടിരിക്കുന്നത് അദ്ധേഹം പറഞ്ഞു.
ചടങ്ങില്‍ കെ.എം.സി.സി. പ്രസിഡന്റ് എസ്.വി. ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കു പുറമേ, ലുലു പര്‍ച്ചേഴ്‌സ് മാനേജര്‍ അബ്ദുല്‍ ഷുക്കൂര്‍, യു.എ.ഇ. എക്‌സ്‌ചേഞ്ച് കണ്‍ട്രി മാനേജര്‍ വിനീഷ്, സയ്യാനി മോട്ടേഴ്‌സ് മാനേജര്‍ മുഹമ്മദ് സാഖി, മലബാര്‍ ഗോള്‍ഡ് മാനേജര്‍ മുഹമ്മദ് റഫീഖ്, വിവ സെയില്‍സ് മാനേജര്‍ മുഹമ്മദ് സലിം, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, അക്ബാര്‍ അല്‍ ഖലീജ് മാനേജര്‍ സാമൂവല്‍ പോള്‍, ഒ.ഐ.സി.സി. ദേശീയ പ്രസിഡന്റ് രാജു കല്ലുംപുറം, കെ എം സി സി ട്രഷറര്‍ ഹബീബ് റഹ്മാന്‍, മുന്‍ പ്രസിഡന്റ് സി കെ അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ എം സി സി സുവനീര്‍ സയ്യാനി മോട്ടേഴ്‌സ് മാനേജര്‍ മുഹമ്മദ് സാഖി യു.എ.ഇ. കണ്‍ട്രി മാനേജര്‍ വിനീഷിനു നല്‍കി പ്രകാശനം ചെയ്തു.
കെ. എം.സി.സി. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സ്വാഗതവും സെക്രട്ടറി മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു. ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ച് കണ്ണൂര്‍ ഷെരീഫ്, ഫാസില ബാനു എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഇശല്‍ രാവും ബഹ്‌റൈനിലെ വിവിധ സംഘങ്ങള്‍ നടത്തിയ ഒപ്പന, കോല്‍ക്കളി തുടങ്ങിയ കലാവിരുന്നും നടന്നു. സമാപന പരിപാടിക്ക് മുന്നോടിയായി സാംസ്‌കാരിക ഘോഷയാത്രയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."