ഉ.കൊറിയ മിസൈല്‍ വിദഗ്ധര്‍ക്ക് യു.എസ് ഉപരോധം; മധ്യസ്ഥതക്ക് റഷ്യ
വാഷിങ്ടണ്‍ മോസ്‌കോ: ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനു പിന്നിലെ രണ്ട് പ്രധാന ഉദ്യോഗസ്ഥര്‍ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കിം ജോങ് സിക്, റി പ്യോങ് ചോള്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് യു.എസ് ട്രഷറി വകുപ്പ് ഉപരോധമേര്‍പ്പെടുത്തിയത്. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുചിന്‍ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ യു.എസ് അമേരിക്കന്‍ പൗരന്‍മാരുമായുള്ള ഇരുവരുടെയും എല്ലാവിധ സാമ്പത്തിക ഇടപാടുകളും മരവിപ്പിച്ചു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരും.
ദ്രാവക ഇന്ധനത്തില്‍ നിന്ന് ഖര ഇന്ധനത്തിലേക്ക് മിസൈല്‍ പദ്ധതികളെ പുതുക്കിയ ആളാണ് കിം ജോങ് സിക്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് പദ്ധതികളുടെ ബുദ്ധികേന്ദ്രമാണ് ചോള്‍. 1948 ല്‍ ജനിച്ച റിയുടെ വിദ്യാഭ്യാസം റഷ്യയിലായിരുന്നു. രണ്ടുതവണ ഇദ്ദേഹം ചൈന സന്ദര്‍ശിച്ചിട്ടുമുണ്ട്. 2000 മുതലാണ് റി കിം ജോങ് ഉന്നിന്റെ അടുത്ത ആളാകുന്നത്. സിക് ഉത്തരകൊറിയയുടെ പ്രധാന റോക്കറ്റ് സയന്റിസ്റ്റ് ആണ്. 2012 ലെ ഉത്തരകൊറിയയുടെ ആദ്യത്തെ റോക്കറ്റ് വിജയത്തിന്റെ പിന്നിലെ പ്രധാന ബുദ്ധികേന്ദ്രവും സിക് ആയിരുന്നു. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങള്‍ക്ക് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രങ്ങളായ മൂന്നുപേരില്‍ രണ്ടുപേരാണിവര്‍. യു.എസിന്റെ പുതിയ നീക്കം മേഖലയിലെ സമാധാനം തകര്‍ക്കുമെന്ന് ഉത്തരകൊറിയ പ്രതികരിച്ചു. പുതിയ നീക്കം രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണ്. ഇതിനെ പിന്തുണച്ചവരുള്‍പ്പടെ ഫലം അനുഭവിക്കുമെന്നും ഉത്തരകൊറിയ പ്രതികരിച്ചു.
അതേസമയം ഉത്തരകൊറിയന്‍ മിസൈല്‍ വിദഗ്ധര്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്നറിയിച്ച് റഷ്യ രംഗത്തെത്തി. ക്രംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ആണ് മധ്യസ്ഥതക്ക് തയാറാണെന്നറിയിച്ചത്. കഴിഞ്ഞ ദിവസം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും ഇതേ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായി ഫോണില്‍ സംസാരിക്കുമ്പോഴായിരുന്നു മേഖലയുടെ സമാധാനത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനം പുനസ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചത്. അതേസമയം റഷ്യയുടെ നീക്കത്തോട് അമേരിക്കയുടെ പ്രതികരണം അനുകൂലമായിരുന്നില്ല. തീരുമാനം തിരുത്തുന്നതും ചര്‍ച്ചകള്‍ക്ക് തയാറാകുന്നതും അവരുടെ ഇഷ്ടമാണെന്നായിരുന്നു യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവിന്റെ പ്രതികരണം. ഉത്തരകൊറിയയുമായി ബന്ധപ്പെടാന്‍ യു.എസിന് നിരവധി നയതന്ത്രമാര്‍ഗങ്ങളുണ്ട്. ഇപ്പോഴുള്ളതിനേക്കാള്‍ ശക്തമായ മാര്‍ഗങ്ങളുണ്ടെന്ന് ഉത്തരകൊറിയ മനസിലാക്കണമെന്നും അതുകൊണ്ടുതന്നെ ചര്‍ച്ചക്ക് തയാറാകുന്നത് അവരുടെ ഇഷ്ടമാണെന്നും യു.എസ് വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."