HOME
DETAILS

ആന്‍ഡമാനിലെ വിസ്മയങ്ങള്‍

  
backup
January 20 2024 | 18:01 PM

wonders-of-andaman

സാബു മഞ്ഞളി


ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മധ്യേ ചിതറിക്കിടക്കുന്ന 571 കരപ്രദേശങ്ങളാണ് ആൻഡമാൻ നിക്കോബർ ദ്വീപ് സമൂഹങ്ങൾ. ബർമയിലെ നെഗ്രായിസ് മുനമ്പിനെയും ഇന്തോനേഷ്യയിലെ അച്ചിൻ ഹെഡ്ഢിനെയും ബന്ധിപ്പിച്ചിരുന്നതും കാലാന്തരത്തിൽ തകർന്നടിഞ്ഞതുമായ അരാക്കൻ പർവതനിരകളുടെ ശിരസുകൾ. വനങ്ങളും കണ്ടൽക്കാടുകളും ചുണ്ണാമ്പ് ഗുഹകളും മഡ് വോൾക്കാനകളും പവിഴപ്പുറ്റുകളും തുടങ്ങി ഭൂപ്രകൃതിയുടെ പലതരം വിസ്മയങ്ങൾ ഒളിപ്പിച്ചുവച്ച തുണ്ടുഭൂമികകളാണ് ഇവയിലോരോന്നും. പുറംലോകബാന്ധവങ്ങളില്ലാതെ പരന്നുകിടന്നിരുന്ന ദ്വീപ് സമൂഹങ്ങളിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടിഷുകാർ ആധിപത്യം ഉറപ്പിക്കുന്നതോടെയാണ് പുതിയൊരു ചരിത്രമുണ്ടാകുന്നത്. പോർട്ട്ബ്ലയറിൽ അവർ ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനികൾക്കായി സെല്ലുലാർ ജയിൽ എന്ന തടങ്കൽപാളയമൊരുക്കി. അഞ്ച് ദ്വീപുകളുടെ ശൃംഖലയാണ് പോർട്ട്‌ ബ്ലയർ ഉൾപ്പെടുന്ന ഗ്രേറ്റ് അന്തമാൻ ദ്വീപ്. പോർട്ട്‌ ബ്ലയറിൽനിന്ന് 112 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബരാടാങ് ദ്വീപിലെ ചുണ്ണാമ്പ് ഗുഹകൾ ശാസ്ത്ര കുതുകികളുടെ പ്രിയപ്പെട്ട ഇടമാണ്. അങ്ങോട്ടു തന്നെയാണ് ആദ്യ യാത്ര.

പണ്ട് ആൻഡമാൻ ദ്വീപിലെത്തിയ തിരൂരുകാർ വിജനമായ ദ്വീപിൽ കൂട്ടമായി ജീവിതം തുടങ്ങിയപ്പോൾ സ്ഥലത്തിന് തങ്ങളുടെ ജന്മനാടിന്റെ പേരുനൽകിയ ചരിത്രമുണ്ട്. അതായത് ആൻഡമാനിൽ തിരൂരും മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, മണ്ണാർക്കാട്, നിലമ്പൂർ, വണ്ടൂർ, കാലിക്കറ്റ്‌ തുടങ്ങി ഒട്ടേറെ കേരളാ സ്ഥലങ്ങളുണ്ട്. മലബാർ ജുമാമസ്ജിദ് എന്ന് മലയാളത്തിൽ ബോർഡ് വച്ച നാലു നിലയുള്ള ഒരു പള്ളി പോർട്ട്‌ ബ്ലയർ പട്ടണത്തിൽ തന്നെ കണ്ടു.ജനവാസ മേഖലകൾ പിന്നിട്ടപ്പോൾ വനപ്രദേശങ്ങളായി. വനമെന്നാൽ രണ്ടാൾ പൊക്കത്തിൽ തിങ്ങിയ അടിക്കാടുകളും മാനംമുട്ടിയ മരങ്ങളും വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും നിറഞ്ഞ കാടുകൾ. ബീച്ച്ദേരായും മൈൽടാകും കടന്നുപോയി. നിരത്തിനോട് ചേർന്ന് കുരിശുകൾ സ്ഥാപിച്ച പഴയ സെമിത്തേരികൾ ഇടയ്ക്കിടെ കണ്ടു. ദുരിതകാലങ്ങളുടെ കദനകഥകൾ ഒരുപാട് പറയുന്ന വെളുത്ത കല്ലറകൾ. നിരവധി പേരുടെ ജീവനെടുത്ത്‌ വസൂരിയും മലമ്പനിയും കോളറയും താണ്ഡവ നൃത്തം ചവിട്ടിയ കാലമുണ്ടായിരുന്നു ആൻഡമാനിന്.


ജാരവ ആദിവാസിവിഭാഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയാണ് ജിർകടാങ്. ഇവിടം സന്ദർശിക്കാൻ പ്രത്യേക പെർമിറ്റെടുക്കണം. പരിശോധനകൾ കർശനമാണ്. പൊലിസ് എസ്കോർട്ട് ഉണ്ടാകും. ഫോട്ടോ എടുക്കാനോ വാഹനം വഴിയിൽ നിർത്താനോ പാടില്ല. ചെക്ക്പോസ്റ്റിൽ വാഹനം നിർത്തി പ്രാതൽ കഴിച്ചു. ജാരവ മേഖലയിലൂടെയായി യാത്ര. ചുറ്റിലും ഇരുട്ടുപിടിച്ച വനങ്ങൾ മാത്രം. ചൂരലും ഈറ്റയും ഗർജനും പഡാക്കും സാറ്റിനും ചൂയിയും പനയും തുടങ്ങി വ്യത്യസ്തങ്ങളായ സസ്യജാലങ്ങളുടെ വൈജാത്യം. തിമിർത്തു പെയ്യുന്ന പെരുമഴ. വിജനമായ കാടിന്റെ ഭയാനകമായ വന്യത . മലയിറങ്ങി വന്ന ഒരു വളവിൽ റോഡിലേക്ക് നോക്കിനിൽക്കുന്ന ഒരു ജാരവ ആദിവാസി കുടുംബത്തെ കണ്ടു. കൊച്ചു കുട്ടികളടക്കം വനത്തിൽ മഴ നനഞ്ഞങ്ങനെ നിൽക്കുന്നു.ഭക്ഷണം തേടി വലിയൊരു മരത്തിലെ വള്ളിപ്പടർപ്പുകളിലേക്ക് കയറുവാനുള്ള പുറപ്പാടാണ്. പൊട്ടടാഗിൽ ആദിവാസികൾക്ക് സർക്കാർ പണിതുകൊടുത്തിട്ടുള്ള കൊച്ചു ഭവനങ്ങൾ വഴിയരികിൽ കാണാം. ചിലയിടത്തു ഗോത്ര വിഭാഗക്കാർക്കുള്ള ഭക്ഷണം തയാറാക്കി പനയോലകൾ കൊണ്ട് മൂടിവച്ചിരിക്കുന്നു. ജർവ തടാകവും കടന്ന് മിഡിൽസ്‌ട്രെയിറ്റ് മുനമ്പിൽ എത്തി. ഇവിടെ നിന്നാണ് വലിയ ജങ്കാറിൽ ബാരാടാങ് ദ്വീപിലേക്ക് കടക്കേണ്ടത്. ജങ്കാറിൽ മനുഷ്യർക്കൊപ്പം രംഗാട്ടിലേക്കും ഡിഗ്ലീപുരിലേക്കും മായാബന്ധറിലേക്കും പോകുന്ന യാത്രാ ബസുകളും ലോറികളുംകൂടി കയറി. ജങ്കാർ പതുക്കെ നീങ്ങിത്തുടങ്ങി. തടാകത്തിന്റെ ഇരുവശത്തും പലനിറങ്ങളിലുള്ള കണ്ടൽക്കാടുകൾ. പുഴക്കപ്പുറം ബരാടാങ് ദ്വീപിലെ നിലമ്പൂർ. ആ സ്ഥലം കണ്ടപ്പോൾ തന്നെ മനസ്സിനൊരു കുളിർമ.


1922 ൽ ടി.എസ്.എസ് മഹാരാജ എന്ന കപ്പലിലാണ് ഏറനാടിലെ ശൂരന്മാരായ സമരസേനാനികളെ സെല്ലുലാർ ജയിലിലേക്ക് കൊണ്ടുവരുന്നത്. തടവറ കാലയളവ് തീർന്നപ്പോൾ അവരിൽ പലരും കുടുംബസമേതം ആൻഡമാൻ ദ്വീപുകളിൽ പലയിടങ്ങളിലായി താമസം തുടങ്ങി. നിലമ്പൂരിൽ നിന്ന് സ്പീഡ് ബോട്ടിൽ 12 കിലോമീറ്റർ കണ്ടൽക്കാടുകളിലൂടെ സഞ്ചരിച്ചാൽ ചുണ്ണാമ്പ് ഗുഹകളിലെത്തും.


ചുണ്ണാമ്പ് ഗുഹകൾ
രണ്ടു സംഘങ്ങളായി സ്പീഡ് ബോട്ടുകൾ ചീറിപ്പാഞ്ഞു. പെരുമഴയത്രയും കൊണ്ടുള്ള ജലയാത്ര. ചുറ്റിലും ബംഗാളിലെ സുന്ദർബാൻ വനങ്ങളെ അനുസ്മരിപ്പിക്കുന്ന കണ്ടൽക്കാടുകൾ . അകലെ മൂടൽമഞ്ഞ് മുത്തമിടുന്ന ഗിരിശിഖരങ്ങൾ. കണ്ടൽ വേരുകൾക്കിടയിലെ ഇടവഴിയിലൂടെ നയാടേര കടവിലെത്തി. കടവിലിറങ്ങി വനത്തിലൂടെ രണ്ട് കിലോമീറ്റർ നടന്നാൽ ചുണ്ണാമ്പ് ഗുഹകളായി. ചളി കുറുകിയ നടപ്പാത. കുത്തൊഴുകിയെത്തുന്ന മഴവെള്ളം. നടത്തം ദുഷ്കരമെങ്കിലും കൊടുംവനത്തിന്റെ സാമീപ്യവും കളകൂചനങ്ങളും ഇളംകാറ്റും പലവക വർത്തമാനങ്ങളും യാത്രക്ക് മറ്റൊരു ആസ്വാദകതലം പകർന്നു. പലരും തെന്നിവീഴുന്നുണ്ടായിരുന്നു. വലിയൊരു ഗുഹാമുഖം കണ്ടു.മഴവെള്ളം കിനിഞ്ഞിറങ്ങി മണ്ണിലെ ലവണങ്ങളെ അലിയിപ്പിച്ചാണ് ചുണ്ണാമ്പ് പാറകളുണ്ടാകുന്നത്. വളർന്നുകൊണ്ടിരിക്കുന്ന ചുണ്ണാമ്പ് പാറകൾ രണ്ടുവിധമുണ്ട്. നിലത്തുനിന്നു മുകളിലേക്ക് വളരുന്ന സ്റ്റാലഗ്മൈറ്റുകളും സീലിങ്ങിൽ നിന്ന് ഇറ്റിറ്റുവീഴുന്ന ജലകണികകൾക്കൊപ്പം കോണാകൃതിയിൽ താഴേക്ക് വളരുന്ന സ്റ്റാലാക്റ്റൈറ്റുകളും. മുകൾതട്ടിൽ നിന്ന് തോന്നിയ ദിശയിൽ കുറ്റിച്ചെടികളെ പോലെ വളർന്ന്‌ പടരുന്ന മറ്റൊരു വിഭാഗമാണ് ഹെലിക്റ്റയിറ്റസ്.


ആദ്യത്തെ 40 മീറ്റർ ദൂരം സൂര്യപ്രകാശം ഏൽക്കുന്നതിനാൽ ചുണ്ണാമ്പ് പാറകൾക്ക് കറുപ്പ് നിറമാണ്. ബാക്കി 60 മീറ്റർ അകത്തേക്ക് പലവിധ രൂപങ്ങളിലുള്ള വെളുത്ത പാറകൾ. ആനയുടെയും പുലിയുടെയും മറ്റും രൂപങ്ങളിലുള്ളവ. ചിലയിടങ്ങളിൽ മേൽത്തട്ട് തകർന്നുണ്ടായ ദ്വാരത്തിലൂടെ കാണുന്ന മലമുകളിലെ വൃക്ഷലതാതികളുടെ പച്ചപ്പ്‌ പ്രത്യേക കാഴ്ചയാണ്. ഗുഹാസന്ദർശനം കഴിഞ്ഞ് പുറത്തു കടന്നപ്പോഴും മഴയും കാറ്റും ആഞ്ഞടിച്ചു കൊണ്ടിരുന്നു.


നിലമ്പൂരിൽ തിരിച്ചെത്തി ജങ്കാർ പിടിച്ച് മിഡിൽസ്‌ട്രെയിറ്റിൽ എത്തിയപ്പോഴേക്കും എല്ലാവരും മഴനനഞ്ഞു തണുത്തുവിറച്ചു. വർഷത്തിൽ ഒമ്പത് മാസം മഴ പെയ്യുന്ന മേഖലയാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. മഴ കുതിർത്തിടുന്ന ഏക്കലിൽ സസ്യജാലങ്ങൾ ഇരട്ടി ശക്തിയിൽ തഴച്ചുവളരുന്നു. ചുറ്റിലും കടൽ ആയതിനാൽ വലിയ പുഴകളോ തോടുകളോ വെള്ളപൊക്കങ്ങളോ ഇല്ല. ഉപ്പുവെള്ളം കയറിയിറങ്ങുന്ന ഉൾനാടൻ ജലാഗമനവഴികൾ ധാരാളമുണ്ട്. ആൻഡമാനിൽ അഞ്ചു മണിക്ക് സൂര്യനസ്തമിക്കും.അതിനു മുമ്പേ ചെക്ക്പോസ്റ്റ് കടക്കണം.


നീൽ ദ്വീപ്


കടുത്ത മഴ മുന്നറിയിപ്പുകൾക്കിടയിലാണ് നീൽ ദ്വീപിലേക്കുള്ള കടൽയാത്ര. അധികം വൈകാതെ നീലിലേക്കുള്ള സീലിങ്ക് കപ്പൽ ഹാവ് ലോക്ക് തുറമുഖത്തേക്ക് പാഞ്ഞെത്തി.ഏഴ് കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ചെറിയൊരു ദ്വീപാണ് നീൽ എന്ന ഷാഹീൻ ദ്വീപ്. വലയം ചെയ്യുന്ന പഞ്ചാര മണൽതീരങ്ങളും പവിഴപ്പുറ്റുകളും നീലിനെ വ്യത്യസ്തമാക്കുന്നു. അടിത്തട്ട് തെളിഞ്ഞ ഇളം നീല ജലാശയങ്ങൾ. ശാന്തമായ നീർത്തടങ്ങൾക്ക് അരപ്പട്ട കെട്ടി മരതക പട്ടുടുത്ത കണ്ടൽക്കാടുകൾ. കടലിന്റെ ആത്മാവിലേക്ക് ഇറങ്ങിനിൽക്കുന്ന ഭംഗിയുള്ള കടൽപ്പാലം. ഭാരത്പുർ ബീച്ചിലേക്കായിരുന്നു ആദ്യ യാത്ര. ബീച്ചിൽ പുറത്തിറങ്ങി കുറച്ചു നടക്കുമ്പോഴേക്കും മഴ പെരുമ്പറയിട്ടെത്തി.


കാലാവസ്ഥ പ്രതികൂലമായതിനാൽ പൊതുവെ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വഴിയോരങ്ങളിൽ ചിപ്പികളും മാലകളും ഇളനീരും ബനിയനുകളും വിൽക്കുന്ന വീട്ടമ്മമാരുടെ മുഖങ്ങളിൽ ചെറിയൊരു മ്ലാനതയുണ്ട്. ദ്വീപിലെ പ്രധാന വരുമാന മാർഗം ടൂറിസം മാത്രമാണ്. ഓളങ്ങൾ തീരെയില്ലാതെ വൃത്താകൃതിയിലുള്ള സുന്ദരമായ തീരമാണ് ഭാരത്പുർ ബീച്ച്. ഏത് കൊച്ചുകുഞ്ഞിനും നീന്തിത്തുടിക്കുവാൻ പാകത്തിൽ പ്രകൃതി ഒരുക്കിവച്ച മനോഹരതീരം. തണുപ്പും ചൂടും കലർന്ന കടൽവെള്ളം. ഉച്ചയ്ക്കു ശേഷം ലക്ഷ്മൺപൂർ ബീച്ചിൽ എത്തുമ്പോഴേക്കും കടൽ ഏറെ ദൂരം ഉൾവലിഞ്ഞു കഴിഞ്ഞിരുന്നു. വേലിയിറക്ക സമയങ്ങളിൽ ഒരു മണിക്കൂർ കൊണ്ട് കടൽ കിലോമീറ്ററുകൾ വരെ ഉൾവലിഞ്ഞ് അടിത്തട്ട് അനാവൃതമാകുന്ന പ്രതിഭാസം ആൻഡമനിൽ മാത്രമുള്ളതാണ്. മുന്നിൽ വെള്ളമിറങ്ങി വെളിപ്പെട്ട വിസ്തൃതമായ പവിഴപ്പുറ്റുകളുടെ പറുദീസ. ആൻഡമനിലെ പവിഴപ്പുറ്റുകൾക്കിടയിലെ ജൈവവൈവിധ്യം അടുത്തറിയണമെങ്കിൽ ഒന്നുകിൽ സ്‌കൂബ ഡൈവിങ് ചെയ്ത് കടലിന്റെ അടിത്തട്ടിലേക്ക് ഇറങ്ങണം. അല്ലെങ്കിൽ വേലിയിറക്ക സമയത്ത് ലക്ഷ്മൺപൂർ ബീച്ചിലേക്ക് എത്തണം. വെള്ളമിറങ്ങിയ കണ്ടൽക്കാടുകളിലും ചാലുകളിലും അകപ്പെട്ട നക്ഷത്രമത്സ്യങ്ങളും നീരാളികളും വർണമത്സ്യങ്ങളും കടൽവെള്ളരിയും ഞണ്ടുകളും ആരെയും വിസ്മയിപ്പിക്കും. ആർത്തലക്കുന്ന കടലിനരികിലൂടെ കുറച്ചു നടന്നതും പൊടുന്നനെ ഒരു പ്രകൃതിവിസ്മയം മുന്നിൽ തെളിഞ്ഞു. ഇന്ത്യയിലെ ഏക സ്വഭാവിക കോറൽ പാലം. പഡോഗ് മരങ്ങൾ തിങ്ങിയ ഒരു ഉയർന്ന മേടിനെ ബന്ധിപ്പിച്ച് പാലം കണക്കെ രൂപപ്പെട്ട വലിയ പവിഴപ്പാറ. കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും കാഴ്ചയുടെ അത്ഭുതമായി അതങ്ങിനെ തന്നെ നിലനിൽക്കുന്നു. ശക്തമായ കടൽക്കാറ്റും ഒച്ചയിടുന്ന തിരമാലകളും പവിഴപ്പുറ്റുകളുടെ വർണപ്രപഞ്ചവും സഞ്ചാരികൾക്ക് മറ്റൊരു ലോകം പകർന്നുതരുന്നു. മടക്കയാത്രക്കുള്ള സമയമായി കഴിഞ്ഞിരുന്നു. ഹാർബറിൽ എത്തുമ്പോൾ മഴ മാറി ആകാശം തെളിഞ്ഞു.


കൃത്യ സമയം പാലിച്ച് പോർട്ട്‌ ബ്ലയറിലേക്കുള്ള കമോർട്ട കപ്പൽ ഡോക്കിലെത്തി. നീൽ ദ്വീപിലേക്ക് രാവിലെ വന്ന സീ ലിങ്ക് കപ്പൽ പോലെയായിരുന്നില്ല കമോർട്ട കപ്പൽ. ചുവന്ന ചായം തേച്ച അതിന്റെ പുറംചട്ടകളിൽ തുരുമ്പ് മറഞ്ഞിരിപ്പുണ്ടായിരുന്നു. 2001ൽ നീറ്റിലിറക്കിയ കമോർട്ടയിലെ പരമാവധി യാത്രക്കാർ 53 പേർ മാത്രം. കൃത്യസമയം പാലിച്ച് പോർട്ട്‌ ബ്ലയറിലേക്കുള്ള കമോർട്ട കപ്പൽ ഡോക്കിലെത്തി. ഇരുമ്പ് സാമഗ്രികൾക്കും ക്രെയിനുകൾക്കും ഇടയിലൂടെ കവാടത്തിനരികിൽ എത്തിയപ്പോൾ അടിത്തട്ടിലെ എൻജിൻ മുറിയിൽനിന്ന് ഭീകരമായ ശബ്ദവും ചൂടും ബഹളവും ഉയർന്നു. തീരം വിട്ടതും കമോർട്ട ഒരു പടക്കുതിരയായി. 662 കിലോവാട്ട് ശക്തിയുള്ള കമാർട്ടയുടെ ഇരട്ട എൻജിനുകൾ ആൻഡമൻ കടലിലെ കറുത്ത വെള്ളം ചവച്ചുതുപ്പി മുന്നോട്ട് കുതിച്ചു പാഞ്ഞു. കൃത്യം ആറു മണിക്ക് തന്നെ ഞങ്ങൾ അനുഭവങ്ങളുടെ വലിയ ഭാണ്ഡക്കെട്ടുകളുമായി പോർട്ട്‌ബ്ലയർ തുറമുഖത്ത് എത്തിച്ചേർന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

latest
  •  a month ago