വനിതാ ഫുട്ബോള്‍: സ്വീഡന്-ജര്‍മനി ഫൈനല്‍
റിയോ ഡി ജനീറോ: വനിതാ ഫുട്ബോളിന്റെ ഫൈനലില്‍ സ്വീഡന് കരുത്തരായ ജര്‍മനിയെ നേരിടും. സെമി ഫൈനലില്‍ ആതിഥേയരായ ബ്രസീലിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സ്വീഡന് ഫൈനലിലെത്തിയത്. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ജര്‍മനി പരാജയപ്പെടുത്തിയത്.
ഒളിംപിക്സില്‍ സ്വര്‍ണമെന്ന ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ഥ്യമാക്കാനായി കളത്തിലിറങ്ങിയ ബ്രസീലിനെ 4-3ന് ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തുകയായിരുന്നു സ്വീഡന്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടു. സ്വീഡിഷ് ഗോള്‍ കീപ്പര്‍ ഹെഡ്വിഗ് ലിന്ഡാലിന്റെ തകര്‍പ്പന്‍ സേവുകളാണ് വിജയത്തില്‍ നിര്‍ണായകമായത്.
ഒളിംപിക്സിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോററായ ക്രിസ്റ്റ്യാന്‍, ആന്‍ഡ്രേസ എന്നീ ബ്രസീല്‍ സൂപ്പര്‍ താരങ്ങള്‍ മത്സരത്തില്‍ പെനാല്‍റ്റി പാഴാക്കി. എന്നാല്‍ സ്കോര്‍ 3-3ന് സമനിലയിലെത്തിക്കാന്‍ ബ്രസീലിന് സാധിച്ചു. ഇതോടെ സ്വീഡന്റെ അവസാന കിക്ക് നിര്‍ണായകമായി. കിക്കെടുത്ത ലിസ ഡാല്ക്ക്വിസ്റ്റ് പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ബ്രസീല്‍ സ്വീഡനെ തകര്‍ത്തിരുന്നു. നേരത്തെ ക്വാര്‍ട്ടറില്‍ പെനാല്‍റ്റിയിലേക്ക് നീണ്ട മത്സരത്തില്‍ ബ്രസീല്‍ വിജയിച്ചിരുന്നു.
കാനഡയ്ക്കെതിരേ ആധികാരിക ജയമായിരുന്നു ജര്‍മനിയുടേത്. മെലാനി ബെറിങ്ങര്, സാറ ഡാബ്റിറ്റ്സ് എന്നിവര്‍ ജര്‍മനിക്കായി സ്കോര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."