ക്യാംപസ് ഫ്രണ്ട് ജാഥ പൊലിസ് തടഞ്ഞു; കണ്ണൂരില്‍ സംഘര്‍ഷം
കണ്ണൂര്‍: വിലക്കുലംഘിച്ച് കലാജാഥ നടത്താനുള്ള ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ ശ്രമം പൊലിസ് തടഞ്ഞതോടെ കണ്ണൂര്‍ നഗരത്തില്‍ സംഘര്‍ഷം. ഫാഷിസത്തിന്റെ വിലങ്ങുകള്‍ക്കെതിരേ സ്വാതന്ത്ര്യത്തിന്റെ ചൂളംവിളി എന്ന സന്ദേശവുമായി കാസര്‍കോട് നിന്നു തിരുവനന്തപുരത്തേക്കു ക്യാംപസ് ഫ്രണ്ട് നടത്തുന്ന ആസാദി എക്‌സ്പ്രസ് കലാജാഥയ്ക്കിടെയായിരുന്നു സംഘര്‍ഷം. പൊലിസ് അനുമതി ലംഘിച്ച് നടത്തിയ ജാഥയുടെ ഭാഗമായി കാല്‍ടെക്‌സില്‍ സംഘടിപ്പിച്ച പൊതുയോഗം തടഞ്ഞ് നേതാക്കളെ അറസ്റ്റുചെയ്യാനുള്ള പൊലിസ് നീക്കമാണു സംഘര്‍ഷത്തിനിടയാക്കിയത്. പൊലിസും പ്രവര്‍ത്തകരും ഏറെനേരം ഉന്തുംതള്ളും കൈയാങ്കളിയും ഉണ്ടായി.
ഇതിനിടെ ജാഥാക്യാപ്റ്റന്‍ സി.എ റഹൂഫ് ഉള്‍പ്പെടെ എട്ടുപേരെ പൊലിസ് അറസ്റ്റുചെയ്തു ജീപ്പില്‍കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ മറ്റു പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. കൂടുതല്‍ പൊലിസെത്തി ഇവരെ ബലംപ്രയോഗിച്ച് നീക്കിയ ശേഷമാണു വാഹനം പുറപ്പെട്ടത്. ആദ്യം കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തായിരുന്നു പൊതുയോഗം തീരുമാനിച്ചിരുന്നത്. നേതാക്കളുമായി സംസാരിച്ച ടൗണ്‍ സി.ഐ കെ.വി വണുഗോപാല്‍ ജാഥ നടത്താന്‍ പാടില്ലെന്നു നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ജാഥ നടത്തുമെന്ന വാശിയിലായിരുന്നു നേതൃത്വം. ഇതേതുടര്‍ന്നു കൂടുതല്‍ പൊലിസിനെ വിന്യസിക്കുകയും കാല്‍ടെക്‌സില്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുകയുമായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ മുഹമ്മദ് ഷമീര്‍, ട്രഷറര്‍ ഷഫീഖ് കല്ലായി, ജില്ലാ പ്രസിഡന്റ് പി.എ മുഹമ്മദ് റിഫ ഉള്‍പ്പെടെ 22 പേരെ പൊലിസ് അറസ്റ്റുചെയ്തശേഷം വിട്ടയച്ചു. സംഘര്‍ഷ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു പൊലിസ് ജാഥയ്ക്ക് അനുമതി നിഷേധിച്ചത്. നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്ത പൊലിസ് നടപടിയില്‍ എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ഫാസിസത്തിനെതിരേയുള്ള വിദ്യാര്‍ഥി കാംപയിന് അനുമതി നിഷേധിച്ച ഇടതു സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."