വിദ്യാര്‍ഥിനിയെ ബസില്‍ നിന്നിറക്കി വിട്ട സംഭവത്തില്‍ കേസെടുത്തു
കാസര്‍കോട്: സ്കൂള്‍ വിട്ട് വീട്ടിലേക്കു പോകാനായി ബസില്‍ കയറിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ഇറക്കി വിട്ട സംഭവത്തില്‍ പൊലിസ് കേസെടുത്തു.
കാസര്‍കോട് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ഇടനീര്‍ സ്വദേശിനിയുമായ 16 കാരിയെ ബസ് ജീവനക്കാര്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ഇറക്കി വിട്ടുവെന്നാണു പരാതി.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ വച്ചായിരുന്നു സംഭവം. കാസര്‍കോട്, മുള്ളേരിയ പൈക്ക റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ നിന്നാണു പെണ്‍കുട്ടിയെ ഇറക്കി വിട്ടത്. സ്ഥിരമായി ഈ ബസിലാണു സ്കൂള്‍ കഴിഞ്ഞു വിദ്യാര്‍ഥിനി യാത്ര ചെയ്യാറുള്ളത്.
കഴിഞ്ഞ ദിവസം കുട്ടി ബസില്‍ കയറിയപ്പോള്‍ ഈ ബസില്‍ ഇനി സ്ഥിരം യാത്ര വേണ്ടെന്ന് ആക്രോശിച്ചു കൊണ്ട് ഡ്രൈവറും കണ്ടക്ടറും കുട്ടിയെ ഇറക്കിവിട്ടുവെന്നാണ് പരാതി.
ബസിലെ മറ്റു യാത്രക്കാര്‍ക്കു മുന്നില്‍ അപമാനിതയായ വിദ്യാര്‍ഥിനി അടുത്ത ബസില്‍ വീട്ടില്‍ എത്തുകയും രക്ഷിതാക്കളെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നു രക്ഷിതാക്കള്‍ പെണ്‍കുട്ടിയേയും കൂട്ടി കാസര്‍കോട് ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."