സേവനത്തിന്റെ അടയാളപ്പെടുത്തലുമായി പ്രവാസി വെൽഫെയർ കുവൈത്ത്
പത്താം വാർഷിക സമ്മേളനം ഫെബ്രുവരി 25 ന്
Expatriate Welfare Kuwait with Mark of Service
കുവൈത്ത് സിറ്റി - കുവൈത്ത് പ്രവാസി സമൂഹത്തിൽ സേവന പ്രവർത്തനങ്ങളുടെ
മികവുമായാണ് പ്രവാസി വെൽഫെയർ കുവൈത്ത് പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് പ്രസിഡണ്ട് ലായിക് അഹമ്മദ് പറഞ്ഞു. വാർഷിക സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം 2013 നവമ്പർ 22 ന് സംഘടന രൂപീകരിച്ചതിന് ശേഷം ജനസേവന-ജീവകാരുണ്യ- സാംസ്കാരിക മേഖലകളിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. കോവിഡ് കാലത്ത് വ്യവസ്ഥാപിതമായ ദുരിതാശ്വാസ പദ്ധതികൾ നടപ്പിലാക്കിയത് നിരവധി പേർക്ക് സഹായകമായി. തികച്ചും അർഹരായവർക്കായി ഒരു സൗജന്യ ചാർട്ടർ വിമാനം ഒരുക്കി അയച്ചക്കുന്ന ചരിത്രദൗത്യം നിർവ്വഹിക്കാൻ സാധിച്ചു എന്നത് പ്രവാസി സേവനത്തിന്റെ മികച്ച അടയാളപ്പെടുത്തലായി കണക്കാക്കുന്നു. കോവിഡ് നിയന്ത്രണങ്ങളാൽ നാട്ടിൽ കുടുങ്ങിയവരെ തിരികെ കൊണ്ടുവരാൻ നാലു ചാർട്ടർ വിമാനങ്ങളും സജ്ജമാക്കിരുന്നു.
സംഘടന കുവൈത്ത് പ്രവാസി സമൂഹത്തിന് നൽകിയ വലിയ സംഭാവനയാണ് സേവന വിഭാഗമായ ടീം വെൽഫെയർ. കാരുണ്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്ത മാതൃകകള്‍ തീർത്ത് മുന്നേറുകയാണ് ഈ സംഘം. മരുഭൂമിയില് ആടുകളോടും ഓട്ടകങ്ങളോടുമൊപ്പം കഴിയുന്ന ആട്ടിടയന്മാർക്ക് ആശ്വാസമേകി മൊബൈൽ മെഡിക്കൽ ക്യാമ്പ് , വിന്റർ കിറ്റ് വിതരണം എന്നിവ സേവനങ്ങളിലെ വേറിട്ട അനുഭവങ്ങളാണെന്നും ലായിക് പറഞ്ഞു.
പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങളെക്കുറിച്ച് പ്രവാസികളെ ബോധവൽക്കരിക്കുന്നതിനും പദ്ധതികളിൽ അംഗമാക്കുന്നതിനും വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി നാലു മേഖലകളിലായി പ്രത്യേക ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സേവനങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം തന്നെ പ്രവാസി പദ്ധതികൾ കൂടുതൽ ആകർഷകമാക്കുന്നതിന് നിരന്തരം സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. കലാകായിക സാംസ്കാരിക മേഖലകളിലും ചെറുതല്ലാത്ത സംഭാവന നൽകാൻ സംഘടനക്ക് സാധിച്ചു. ചില അംഗീകാരങ്ങളും ഇതിനകം പ്രവാസി വെൽഫെയർ കുവൈത്തിന് ലഭിച്ചു. ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകള് സംഘടിപ്പിച്ച സഘടനക്കുള്ള കുവൈത്ത് ബ്ലഡ് ബാങ്കിന്റെ പ്രത്യേക അവാർഡ് , കോവിഡ് കാല സേവനങ്ങൾക്കുള്ള മീഡിയ വൺ ചാനലിന്റെ Brave Heart അവാർഡ് എന്നിവ സംഘടനയ്ക്ക് ലഭിച്ചു. മാധ്യമങ്ങൾ എന്നും പ്രവാസി വെൽഫെയർ കുവൈത്തിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
പത്താം വാർഷിക സമ്മേളനത്തിന്റെ വിശദാംശങ്ങൾ ജനറൽ കൺവീനർ സഫ് വാൻ വിശദീകരിച്ചു. 2024 ഫെബ്രുവരി 25 ഞായറാഴ്ച കുവൈത്ത് ദേശീയ അവധി ദിനത്തിൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മികച്ച കലാവിരുന്നാണ് ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രിയ ടെലിവിഷൻ പരമ്പരയായ മറിമായം കലാകാരൻമാരുടെ സ്റ്റേജ് ഷോ മുഖ്യാഘർഷണമായിരിക്കും. കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറും. കുവൈത്തിലെ കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും. റസ്റ്റോറന്റ് കഫ്റ്റീരിയ മേഖലകളിൽ 35 വർഷം പൂർത്തിയാക്കിയ മലയാളി ജീവനക്കാരെ സമ്മേളനത്തിൽ പ്രത്യേകം ആദരിക്കുന്നുണ്ട്. മുൻവർഷങ്ങളിൽ മുതിർന്ന പൗരൻമാരെയും നഴ്സുമാരെയും ടാക്സി ഡ്രൈവർമാരെയും ആദരിച്ചിരുന്നു. വാർഷിക സമ്മേളനത്തിന്റെ മുഖ്യപ്രായോജകരായ മാംഗോ ഹൈപ്പർ മാനേജിംഗ് ഡയരക്റ്റർ റഫീഖ് അഹമ്മദ് സംസാരിച്ചു.
വാർത്താസമ്മേളനത്തിൽ പ്രവാസി വെൽഫെയർ നേതാക്കളായ രാജേഷ് മാത്യു, റസീന മുഹ് യിദ്ദീൻ, റഫീഖ് ബാബു പൊൻമുണ്ടം, അനിയൻ കുഞ്ഞ് പാപ്പച്ചൻ, ഷൗക്കത്ത് വളാഞ്ചേരി, വിഷ്ണു നടേഷ് എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."