ഖജനാവ് നിറയ്ക്കാന്‍ പുഴമണല്‍, വരുമാന പ്രതീക്ഷ 1500 കോടി
ഖജനാവ് നിറയ്ക്കാന്‍ പുഴമണല്‍, വരുമാന പ്രതീക്ഷ 1500 കോടി
തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാര്‍ നദികളില്‍ നിന്ന് മണല്‍വാരി ഖജനാവ് നിറയ്ക്കാന്‍ ഒരുങ്ങുന്നു. 32 നദികളില്‍നിന്ന് മണലെടുക്കാനുള്ള ശേഷിയുണ്ടെന്നാണ് സാന്‍ഡ് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയത്. ഈ വര്‍ഷം തന്നെ മണല്‍ വാരല്‍ പുനഃരാരംഭിക്കാനാണ് തീരുമാനം. ഇതിനായി റവന്യു വകുപ്പ് നിയമത്തില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ആരംഭിച്ചു. നിയമ സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ അഞ്ചംഗ ഉപസമിതി കരട് ബില്‍ തയാറാക്കുന്നതിന്റെ അവസാന പണി പ്പുരയിലാണ്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് ഉത്തരവിറക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി 2001ലെ ആക്ട് ഭേദഗതി ചെയ്താണ് മണല്‍വാരല്‍ പുനരാരംഭിക്കാനുള്ള തീരുമാനം. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് നദികളില്‍ നിന്ന് മണല്‍ വാരുന്നത് നിരോധിച്ചത്. 10 വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
എട്ട് ജില്ലകളിലെ 32 നദികളില്‍ 17എണ്ണത്തില്‍ നിന്നായി ഒന്നേമുക്കാല്‍ കോടി മെട്രിക് ടണ്‍ മണല്‍ ഖനനം ചെയ്യാമെന്നാണ് ഓഡിറ്റിങില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരുമാനം 1500 കോടി രൂപയാണ്. കൊല്ലം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ഖനന സാധ്യതാ നദികളുള്ളത്.
ഭാരതപ്പുഴ, കടലുണ്ടി, ചാലിയാര്‍ നദികളിലും ഖനനസാധ്യത കണ്ടെത്തി. മണല്‍വാരല്‍ പുനരാരംഭിക്കാനുള്ള ജില്ലാതല സമിതികള്‍ ഈയാഴ്ച രൂപീകരിക്കും. കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശപ്രകാരം, ജില്ലാതല സര്‍വേ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി മാത്രമേ നദികളില്‍ മണല്‍വാരലിന് അനുമതി നല്‍കാനാകൂ.
ജില്ലാതല സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോ നദിക്കും വെവ്വേറെ പാരിസ്ഥിതികാനുമതി തേടണം. ഇതിന്റെ അടിസ്ഥാനത്തില്‍ മൈനിങ് പ്ലാന്‍ തയാറായി കഴിഞ്ഞാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പരിധിയിലുള്ള കടവുകള്‍ ലേലം ചെയ്തു നല്‍കാനാകും.
ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം ഉയരുമെന്നത് ആശ്വാസമാകും. ഇക്കഴിഞ്ഞ ബജറ്റിലും മണല്‍ വാരുന്നതിന് അനുമതി നല്‍കിയിരുന്നു. പുതിയ തീരുമാനത്തോടെ നദികളുടെ സംരക്ഷണത്തിനൊപ്പം മണല്‍ ക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. അപ്പോഴും പരാതികളും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള എതിര്‍പ്പുകളും വിവിധ കോണുകളില്‍ നിന്ന് ഉയരാന്‍ സാധ്യതയുണ്ട്.
…………..
ആദ്യഘട്ടം മണല്‍ വാരുന്ന നദികള്‍
അച്ചന്‍ കോവില്‍, പമ്പ, മണിമല, പെരിയാര്‍, മുവാറ്റുപുഴ, ഭാതപ്പുഴ (സ്‌ട്രെച്ച് ഒന്നുമുതല്‍ മൂന്നുവരെ), കടലുണ്ടി, ചാലിയാര്‍, പെരുമ്പ, വളപട്ടണം, ശ്രീകണ്ഠപുരം, മാഹി, ഉപ്പള, മൊഗ്രാല്‍, ഷിറിയ, ചന്ദ്രഗിരി (പാര്‍ട്ട് 2)
………….
രണ്ടാം ഘട്ടം
നെയ്യാര്‍, കരമന, വാമനപുരം, ഇത്തിക്കരയാര്‍, കല്ലട, മീനച്ചിലാര്‍, കരുവന്നൂര്‍, ചാലക്കുടി, കീച്ചേരി, ഗായത്രി പുഴ, കബനി, കുറ്റ്യാടി, വള്ളിത്തോട്, ചന്ദ്രഗിരി (പാര്‍ട്ട് 1).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."