പത്രസമ്മേളനത്തില്‍ വൈകിയ പ്രതിപക്ഷ നേതാവിനെതിരെ കെ. സുധാകരന്റെ അശ്ലീല പദപ്രയോഗം; ' പ്രസിഡന്റേ, ക്യാമറയും മൈക്കും ഓണാണ്'- തടഞ്ഞ് നേതാക്കള്‍
പത്രസമ്മേളനത്തില്‍ വൈകിയ പ്രതിപക്ഷ നേതാവിനെതിരെ കെ. സുധാകരന്റെ അശ്ലീല പദപ്രയോഗം; ' പ്രസിഡന്റേ, ക്യാമറയും മൈക്കും ഓണാണ്'- തടഞ്ഞ് നേതാക്കള്‍
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തിന് വൈകി എത്തിയതിലുള്ള നീരസം പരസ്യമാക്കി കെ സുധാകരന്‍. മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ എന്ന് ചോദിക്കുന്നതിനിടെ അസഭ്യപദപ്രയോഗവും സുധാകരന്റെ ഭാഗത്തുനിന്നുമുണ്ടായി. 'സമരാഗ്‌നി'യുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനായി സതീശന്‍ എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനും ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദും സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.
ബാബു പ്രസാദിനോട് സതീശന്‍ എവിടെയെന്ന് സുധാകരന്‍ തിരക്കി, 'ഒന്ന് വിളിച്ച് നോക്കാന്‍ പറ, ഇയാള്‍ എവിടെയെന്ന്. പത്രക്കാരോട് പറഞ്ഞിട്ട് എന്തൊരു മോശമാണിതെന്നാണ് സുധാകരന്‍ പറഞ്ഞത്. അസഭ്യപദപ്രയോഗത്തിലൂടെയായിരുന്നു സുധാകരന്‍ തന്റെ നീരസം അറിയിച്ചത്.
10 മണിക്ക് നിശ്ചയിച്ച വാര്‍ത്താ സമ്മേളനത്തിന് 10.30ഓടെയാണ് സുധാകരന്‍ എത്തിയത്. തുടര്‍ന്ന് 10.50 വരെ പ്രതിപക്ഷ നേതാവ് വരുന്നതിനായി കെപിസിസി പ്രസിഡന്റ് കാത്തിരുന്നു. എന്നിട്ടും സതീശന്‍ എത്താതിരുന്നതോടെയാണ് അദ്ദേഹം നീരസത്തിലായത്. ഏകദേശം 11 മണിയോടെയാണ് സതീശന്‍ എത്തിയത്. പ്രസിഡന്റിന്റെ നീരസം മനസിലാക്കിയ സതീശന്‍ 11.05നല്ലേ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചത് എന്ന് പറയുന്നുണ്ട്. ഒരു ചെസ് ടൂര്‍ണമെന്റില്‍ ആശംസ അറിയിക്കാന്‍ പോയത് കാരണമാണ് വൈകിയതെന്ന് വി ഡി സതീശന്‍ സുധാകരനോട് പറയുകയും ചെയ്തു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തസമ്മേളനത്തില്‍ മൈക്കിനും ക്യാമറയ്ക്കും മുന്നില്‍വെച്ച് സുധാകരനും സതീശനും തമ്മിലുള്ള അസ്വാരസ്യം പ്രകടമായത് വാര്‍ത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."