വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് റോഡ് സുരക്ഷാ അവബോധ ക്യാംപ്
കൊച്ചി: വൈസ്മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജിയന് ഡിസ്ട്രിക്ട് നാലും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന റോഡ് സുരക്ഷാ അവബോധ പരിപാടികള്‍ക്ക് ഇന്നു തുടക്കമാകും.
10 കോളജുകളിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 9.30ന് തേവര എസ.്എച്ച് കോളജില്‍ നടക്കും.
വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്യാംപ് സംഘടിപ്പിക്കുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓരോ കോളജുകളിലെയും ട്രാഫിക് ബോധവല്കരണ ക്ലാസുകള്‍ക്ക് ശേഷം വിദ്യാര്‍ഥികളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ഏറ്റവും നല്ല നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ഇവ ക്രോഡീകരിച്ച് സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്യും.
മഹാരാജാസ് കോളജ്, സെന്റ് തെരേസാസ് കോളജ്, സെന്റ് ആല്‍ബര്‍ട്സ്, എസ്.ഇ.എം.എസ്, സെന്റ് പോള്‍, ഭാരത് മാത, ത്രിപ്പൂണിത്തുറ ആര്‍ട്സ് കോളജ്, ആര്.എല്‍.വി, രാജഗിരി തുടങ്ങിയവയാണ് മറ്റു കോളജുകള്‍. ഇതിനു പുറമേ വൈസ്മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജിയണ്‍ ഡിസ്ട്രിക്ട് നാലിന്റെ നേതൃത്വത്തില്‍ ജീവിത ശൈലി രോഗ നിര്‍ണയ ക്യാംപ്, കാന്‍സര്‍ നിര്‍ണയ ക്യാംപ്, മയക്കുമരുന്നിനും പുക വലിക്കുമെതിരെ നടത്തുന്ന ബോധവല്കരണ പരിപാടി എന്നിവയും സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് മെന്‍ ഇന്റര്‍നാഷ്ണല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.ആര് ബെക്സോണ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്റ്റര്‍ ജോര്‍ജ് തോമസ്, അസി. ഇന്‍സ്പെക്ടര്‍ ബിനോയ് വര്‍ഗീസ്, പി.ആര്. കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."