ശമ്പളത്തിനും പെന്‍ഷനും മുടക്കം വരില്ല; ഇപ്പോഴത്തേത് സാങ്കേതിക പ്രശ്‌നം; മന്ത്രി കെ.എന്‍.ബാലഗോപാല്‍
കണ്ണൂര്‍: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ മൂലമാണ് ഒന്നാം തീയതി പണി പിന്‍വലിക്കുന്നതില്‍ ബുദ്ധിമുട്ട് വന്നതെന്നും മന്ത്രി പറഞ്ഞു.അസോസിയേഷന്‍ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്‌സ് (എ.കെ.ജി.സി.ടി) സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തില്‍ ആദ്യമായി ശമ്പളം മുടങ്ങിയെന്നാണ് പ്രചാരണം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്തിന് അവകാശപ്പെട്ട തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കാതിരിക്കുന്നത്. സംസ്ഥാനത്തിനെതിരെ പ്രചാരണം നടത്തുന്നവര്‍ അതും മനസ്സിലാക്കണം.കേരളം മുങ്ങിച്ചത്തോട്ടെയെന്നാണ് ചിലരുടെ ആഗ്രഹം. ആ കണ്ണീരിലാണ് ചിലരുടെ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടക്കാന്‍ ഗൂഢാലോചന നടക്കുകയാണ്. കേരളം ശ്രീലങ്കപോലെ ആവുമെന്നായിരുന്നു ആദ്യം പ്രചരിപ്പിച്ചത്.
തനതു വരുമാനത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. കേന്ദ്ര സര്‍ക്കാര്‍ ജി.ഡി.പിയുടെ 6.4 ശതമാനം കടമെടുക്കുന്നു. 3.5 ശതമാനം കടമെടുക്കാന്‍ കേരളത്തിനും അര്‍ഹതയുണ്ട്. എന്നാല്‍, 2.4 ശതമാനം മാത്രമാണ് കടം എടുക്കുന്നുള്ളൂ. സമരം നടത്തുന്നവര്‍ രാജ്ഭവനിലേക്കാണ് പോവേണ്ടതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."