കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി രാജിവച്ച് രാഷ്ട്രീയത്തിലേക്ക്; ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന, പ്രഖ്യാപനം തൃണമൂലിനെതിരേ വിധി പറഞ്ഞ ജഡ്ജിയുടേത്
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ വിധികള്‍ പുറപ്പെടുവിച്ച നിലവിലെ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യായ് രാജിവച്ച് രാഷ്ട്രീയത്തില്‍ ചേരുന്നു. ഔദ്യോഗിക ജീവിതമവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് അഭിജിത് ഗംഗോപാധ്യായ് തന്നെയാണ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച തന്റെ അവസാന പവൃത്തിദിനമായിരിക്കുമെന്നും ചൊവ്വാഴ്ച രാജിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിനോടാണ് തന്റെ രാഷ്ട്രീയപ്രവേശനത്തിന് നന്ദിപറയുന്നതെന്ന് ഗംഗോപാധ്യായ് പറഞ്ഞു. എപ്പോഴൊക്കെ സര്‍ക്കാരിന് നീരസമുണ്ടാകുന്ന വിധികള്‍ പുറപ്പെടുവിച്ചോ അപ്പോഴെല്ലാം തൃണമൂല്‍ നേതാക്കള്‍ പരിഹസിക്കുമായിരുന്നുവെന്നും അതിന് ചില അഭിഭാഷകരും കൂട്ടുനിന്നുവെന്നും അദ്ദേഹം ആരോപിച്ചു. വരുന്ന ഓഗസ്റ്റില്‍ വിരമിക്കാനിരിക്കെയാണ് ഗംഗോപാധ്യായുടെ നാടകീയ പ്രഖ്യാപനം. ഇന്ത്യയില്‍ ഒരു ജഡ്ജി രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങുന്നത് അസാധാരണമാണ്.
അതേസമയം, ഏത് പാര്‍ട്ടിയിലാണ് ചേരുന്നതെന്ന് ബന്ദോപാധ്യായ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ബി.ജെ.പിയിലേക്ക് പോകുമെന്നാണ് സൂചന. ഏതെങ്കിലും പാര്‍ട്ടി സീറ്റ് തന്നാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗംഗോപാധ്യായയുടെ തീരുമാനത്തെ ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസും സ്വാഗതംചെയ്തു. പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ നിരവധി വിധികളിലൂടെ വാര്‍ത്തകളിലിടംപിടിച്ച ജഡ്ജിയാണ് അഭിജിത് ഗംഗോപാധ്യായ്. തൃണമൂല്‍ നേതാക്കള്‍ പ്രതികളായ സംസ്ഥാനത്തെ 14 കേസുകളാണ് ഗംഗോപാധ്യായ് ജഡ്ജിയായിരിക്കെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിട്ടത്. തൃണമൂല്‍ നേതാക്കള്‍ പ്രതിസ്ഥാനത്തുള്ള സ്‌കൂള്‍ അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയതിന് സുപ്രിംകോടതിയുടെ വിമര്‍ശനം നേരിടുകയുംചെയ്തു.
ബംഗാളിലെ മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ട കേസില്‍ ഡിവിഷന്‍ ബെഞ്ച് പാസാക്കിയ സ്റ്റേ ഉത്തരവിനെ ജസ്റ്റിസ് ഗംഗോപാധ്യായയുടെ സിംഗിള്‍ ബെഞ്ച് മറികടന്നത് വിവാദമായിരുന്നു. സുപ്രിംകോടതി അസാധാരണ സിറ്റിങ് ചേര്‍ന്നാണ് വിഷയത്തില്‍ ഇടപെട്ടതും കേസെല്ലാം മേല്‍കോടതിയിലേക്ക് മാറ്റിയതും. ബംഗാള്‍ രാഷ്ട്രീയത്തില്‍ ചൂടുപിടിച്ച സന്ദേശ്ഖാലി കേസിലും തുടര്‍ച്ചയായി ഗംഗോപാധ്യായ് തൃണമൂലിന് തിരിച്ചടിയായ വിധികള്‍ പുറപ്പെടുവിച്ചിരുന്നു.
Content Highlights:Will resign as judge very soon HC Chief Justice Abhijit Gangopadhyay
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."