ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് സാഹസം; യുവാവിന് പാമ്പുകടിയേറ്റു
ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് സാഹസം; യുവാവിന് പാമ്പുകടിയേറ്റു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖന്‍ പാമ്പിനെ തോളിലിട്ട് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് പാമ്പുകടിയേറ്റത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിനടുത്ത് വെച്ച് രാത്രി 11 മണിയോടെയാണ് പാമ്പിനെ കണ്ടത്. സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടു. നാരായണാലയം ഭാഗത്തേക്കു പോയ പാമ്പിനെ അനില്‍കുമാര്‍ പിടികൂടി സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവന്നു.
പാമ്പിനെ കളയാന്‍ സുരക്ഷാ ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. അരമണിക്കൂറോളം പാമ്പുമായി സാഹസം തുടര്‍ന്നു. ഇതിനിടെ ഇയാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. കടിയേറ്റതോടെ പാമ്പിനെ സെക്യൂരിറ്റി ക്യാബിന് നേരെ വലിച്ചെറിഞ്ഞു. തളര്‍ന്നുവീണ അനില്‍കുമാറിനെ ദേവസ്വം ജീവനക്കാര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു.
പ്രാഥമിക ശുശ്രുഷയ്ക്ക് ശേഷം ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. രാവിലെ പാമ്പുപിടുത്തക്കാരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. ആറടിയോളം നീളമുള്ള മൂര്‍ഖനെ പിന്നീട് വനംവകുപ്പിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."