യുഎഇയിൽ അനധികൃതമായി സംഭാവനകൾ സ്വീകരിക്കുന്നവർക്ക് കനത്ത ശിക്ഷ
ദുബൈ:യുഎഇയിൽ ഔദ്യോഗിക ലൈസൻസ് കൂടാതെ സംഭാവന, ധനസഹായം എന്നിവയ്ക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നതും, സ്വീകരിക്കുന്നതും നിയമനടപടികളിലേക്ക് നയിക്കുമെന്ന് യുഎഇ മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി ഡവലപ്മെന്റ് വ്യക്തമാക്കി.യുഎഇയിലെ ഫണ്ട് റൈസിങ് റെഗുലേറ്ററി ലോ സംബന്ധിച്ച് വിശദീകരിച്ച് കൊണ്ടാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുസമൂഹത്തിനിടയിൽ ഈ നിയമം സംബന്ധിച്ച് അവബോധം നൽകുന്നത് ലക്ഷ്യമിട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ധനശേഖരണം സംബന്ധിച്ച നിയന്ത്രണങ്ങൾ പ്രതിപാദിക്കുന്ന യുഎഇയിലെ ഫെഡറൽ ലോ ‘3/ 2021’ അനുസരിച്ച് ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള അംഗീകാരം ലഭിച്ചിട്ടുള്ള ചാരിറ്റബിൾ അസോസിയേഷനുകൾക്ക് മാത്രമാണ് സംഭാവന, ധനസഹായം എന്നിവ സ്വീകരിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. സംഭാവനകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും, ഇവ ശരിയായ രീതിയിലാണ് ഉപയോഗിക്കപ്പെടുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനുമായാണ് ഈ നിയന്ത്രണം.
റമദാൻ മാസത്തിൽ യുഎഇയിൽ കണ്ടുവരുന്ന വലിയ അളവിലുള്ള സംഭാവനകൾ കണക്കിലെടുത്താണ് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ഇത്തരത്തിൽ സംഭാവനകൾ നൽകുന്ന വ്യക്‌തികൾ, അവർ നൽകുന്ന എല്ലാത്തരത്തിലുള്ള ധനസഹായങ്ങളും – ക്യാഷ്, ഡിജിറ്റൽ ഉൾപ്പടെ, സംഭാവനകൾ സ്വീകരിക്കുന്നതിന് അനുമതിയുള്ളവർക്കാണ് നൽകുന്നതെന്ന് ഉറപ്പ് വരുത്താൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.യുഎഇയിലെ ഫണ്ട് റൈസിങ് റെഗുലേറ്ററി ലോ അനുശാസിക്കുന്ന നിയമങ്ങളിൽ വീഴ്ച വരുത്തുന്നവർക്ക് രണ്ട് മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്തുന്നതാണ്. ഇതിന് പുറമെ ഇത്തരം നിയമലംഘനങ്ങൾക്ക് തടവ് ശിക്ഷ ലഭിക്കുന്നതിനും സാധ്യതയുണ്ട്.
Heavy punishment for those who receive illegal donations in UAE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."