സി.പി.എം ഏരിയാ സമ്മേളനത്തില്‍ കൈയാങ്കളി; ഔദ്യോഗിക പാനലിനെതിരേ മത്സരിച്ചവര്‍ക്ക് ജയം
ആലപ്പുഴ; സി.പി.എം ആലപ്പുഴ നോര്‍ത്ത് ഏരിയാ സമ്മേളനത്തില്‍ തര്‍ക്കവും കൈയാങ്കളിയും. ബഹളം ശക്തമായതിനെത്തുടര്‍ന്ന് സമ്മേളനം ഇന്നലെ രാവിലെ ഒരു മണിക്കൂറോളം നിര്‍ത്തിവച്ചു. മന്ത്രി സജി ചെറിയാനെ അനുകൂലിക്കുന്നവരും പി.പി ചിത്തരഞ്ജന്‍ എം.എല്‍.എയെ അനുകൂലിക്കുന്നവരും തമ്മിലാണ് വാക്കേറ്റമുണ്ടായത്. നേതാക്കളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ സമ്മേളനം നിര്‍ത്തി വയ്ക്കുകയായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഇടപെട്ട് കര്‍ശന താക്കീത് നല്‍കിയ ശേഷമാണ് സമ്മേളനം പുനരാരംഭിച്ചത്. പിന്നീട് നടന്ന ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ചിത്തരഞ്ജന്‍ അനുകൂലികള്‍ കൊണ്ടുവന്ന ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച 14 പേര്‍ വിജയിച്ചു. സജി ചെറിയാനെ അനുകൂലിക്കുന്ന വി.പി രാജേഷ് പുതിയ ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനലില്‍ ഉണ്ടായിരുന്ന നിലവിലെ ഏരിയാ സെക്രട്ടറി വി.ബി. അശോകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജില്ലയില്‍ പി.പി ചിത്തരഞ്ജന്‍ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കടുത്ത വിഭാഗീയപ്രവര്‍ത്തനത്തിന് ഇദ്ദേഹം നേതൃത്വം നല്‍കുന്നുവെന്നും ആക്ഷേപം സമ്മേളനത്തില്‍ ഉയര്‍ന്നു. സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയില്ലെന്നും എതിര്‍ ചേരിയിലുള്ള പ്രതിനിധികള്‍ ആക്ഷേപം ഉന്നയിച്ചു. പാലിയേറ്റീവ് കെയറിനുവേണ്ടി പിരിക്കുന്നപണം ചെങ്ങന്നൂരിലേക്കു കേന്ദ്രീകരിക്കുന്നത് ചൂണി കാട്ടിയാണ് സജി ചെറിയാനെ ലക്ഷ്യം വച്ച് പ്രതിനിധികള്‍ തിരിച്ചടിച്ചത്. വ്യാഴാഴ്ചയാണ് സമ്മേളനം തുടങ്ങിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ ഒട്ടും തന്നെ ശോഭിക്കുന്നില്ലെന്നും മന്ത്രിമാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്നും ആദ്യദിനത്തില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."