കൊവിഡ് പ്രതിദിനം 9,000 കടന്നേക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി പതിനഞ്ചോടെ പ്രതിദിന കൊവിഡ് കേസുകള്‍ 9000 വരെ ഉയര്‍ന്നേക്കാമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ രാജന് ഖൊബ്രഗഡെ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ചികിത്സയിലുള്ളവരുടെ എണ്ണം 90,000 കടന്നേക്കാമെന്നും മരണനിരക്ക് 0.5 ആയി ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 0.4 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക്. ഇപ്പോള്‍ ശരാശരി 65,000 പേരാണ് ഒരേസമയം ചികിത്സയിലുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നതും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകള്‍ തമ്മില്‍ ഇടപഴകിയതുമാണ് വീണ്ടും രോഗവ്യാപനം രൂക്ഷമാകാന്‍ ഇടയാക്കുന്ന കാരണങ്ങളെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കൊവിഡ് കണ്ടെത്താന്‍ ആന്റിജന്‍ ടെസ്റ്റ് കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വൈറസ് ബാധയേല്‍ക്കാന്‍ സാധ്യത കൂടുതലുള്ളവരെ ആന്റിജന്‍ പരിശോധനയും നെഗറ്റീവ് ആയിട്ടും രോഗലക്ഷണമുള്ളവര്‍ക്ക് ആര്.ടി.പി.സി.ആര് പരിശോധനയും നടത്തും. വൈറസിന്റെ രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്താനും പ്രതിരോധിക്കാനുമായി ആരോഗ്യ വകുപ്പ് സാന്ദ്രതാ പഠനം നടത്തും. 18 വയസിനു മുകളിലുള്ള 12,100 പേരിലാണ് പഠനം നടത്തുക.
അതേസമയം കേരളത്തില്‍ ഐ.സി.എം.ആര് സിറോ സര്‍വേയുടെ മൂന്നാംഘട്ടം പൂര്‍ത്തിയായി. എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് സര്‍വേ നടത്തിയത്. മേയില്‍ നടത്തിയ ആദ്യഘട്ട സര്‍വേയില്‍ 0.33 ശതമാനവും, ഓഗസ്റ്റില്‍ നടത്തിയ സര്‍വേയില്‍ 0.8 ശതമാനവുമായിരുന്നു സംസ്ഥാനത്തെ പോസിറ്റീവ് നിരക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."