HOME
DETAILS
MAL
കൊവിഡിനു പിന്നാലെ പക്ഷിപ്പനിയും
backup
January 05 2021 | 06:01 AM
തിരുവനന്തപുരം: രണ്ടു ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് മന്ത്രി കെ രാജു. ആലപ്പുഴയിലെ തലവടി, തകഴി, പള്ളിപ്പാട്, കരുവാറ്റ കോട്ടയം ജില്ലയിലെ നീണ്ടൂര്‍ എന്നിവിടങ്ങളിലെ താറാവുകളാണ് വലിയതോതില്‍ കഴിഞ്ഞ ദിവസം ചത്തൊടുങ്ങിയത്. തുടര്‍ന്ന് പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലും സാമ്പിളുകള്‍ പരിശോധിച്ചു.
എട്ട് സാമ്പിളുകളില്‍ അഞ്ച് എണ്ണത്തില്‍ എച്ച്5എന്‍8 വൈറസ് ആണ് പക്ഷിപ്പനിക്ക് കാരണമായതെന്നു കണ്ടെത്തി. വൈറസിന്റെ ജനിതകമാറ്റം അനുസരിച്ച് ഇവ മാരകമാവുകയോ മനുഷ്യരിലേക്ക് പകരുകയോ ചെയ്യാനും സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നുണ്ട്. നിലവില്‍ ഇവ മനുഷ്യരിലേക്ക് ഇതുവരെയും പടര്‍ന്നിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി രാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോട്ടയം, ആലപ്പുഴ ജില്ലകളിലെ താറാവുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെയുള്ള ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറക്കുകയും ചീഫ് വെറ്ററിനറി ഓഫിസറെ നോഡല്‍ ഓഫിസറായി നിയമിക്കുകയും ചെയ്തു.
റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണം, പൊലിസ്, വനം എന്നീ വകുപ്പുകള്‍ സംയുക്തമായാണ് തുടര്‍നടപടികള്‍ ഏകോപിപ്പിക്കുക. രോഗം റിപ്പോര്‍ട്ട് ചെയ്ത ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മുന്‍കരുതലിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം താറാവ്, കോഴി, അലങ്കാര പക്ഷികള്‍ ഉള്‍പ്പെടെയുള്ളവയെ കൊന്നൊടുക്കാന്‍ ദ്രുതകര്‍മ സേനയ്ക്കു നിര്‍ദേശം നല്‍കി. ഏകദേശം 48,000 പക്ഷികളെ കൊല്ലേണ്ടി വരും. പക്ഷികളെ നശിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കി. രണ്ട് ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നു. ദ്രുതകര്‍മ സേനകളെ നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."